കൊല്‍ക്കത്ത: ബംഗാളും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലേക്ക്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എസ്.ഐ.ആറിനുള്ള തിരക്കിട്ട ഒരുക്കങ്ങള്‍. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശീലനം നല്‍കും. വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയ സുഗമമായും കൃത്യമായും എങ്ങനെ നടത്താമെന്ന് ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ നയിക്കാന്‍ പരിശീലകര്‍ സജ്ജരാണെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള അസിസ്റ്റന്റ് ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്കും വരും ദിവസങ്ങളില്‍ പരിശീലനം നല്‍കുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പിന്നീട് ഈ ഉദ്യോഗസ്ഥര്‍ താഴെത്തട്ടില്‍ വോട്ടര്‍മാരുമായി നേരിട്ട് ബന്ധപ്പെടുന്ന ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്ക് പരിശീലനം നല്‍കും. എ.ഡി.എം, ഇ.ആര്‍.ഒ പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, എസ്.ഐ.ആര്‍ ഡ്രൈവ് സമയത്ത് ആവശ്യമായ ഫോമുകള്‍ പൂരിപ്പിക്കുന്നതില്‍ വോട്ടര്‍മാരെ സഹായിക്കുന്നതിനുള്ള വിശദമായ നിര്‍ദേശങ്ങള്‍ ബി.എല്‍.ഒമാര്‍ക്ക് ലഭ്യമാക്കും.

ബി.എല്‍.ഒമാര്‍ സംസ്ഥാനത്തുടനീളമുള്ള വീടുകള്‍ സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ പരിശോധിക്കുകയും ശരിയായ രേഖകള്‍ നിലവിലുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. എസ്.ഐ.ആറിന് മുമ്പുള്ള അടിസ്ഥാന പ്രവര്‍ത്തനത്തിന്റെ ഭാഗമാണിതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡെപ്യൂട്ടി ഇലക്ഷന്‍ കമീഷണര്‍ ഗ്യാനേഷ് ഭാരതി ഈ ആഴ്ച അവസാനം കൊല്‍ക്കത്ത സന്ദര്‍ശിച്ച് തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനും പരിഷ്‌കരണ പ്രക്രിയയുടെ നടത്തിപ്പ് മേല്‍നോട്ടം വഹിക്കുന്നതിനും പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമ ബംഗാളില്‍ അവസാനമായി എസ്.ഐ.ആര്‍ നടത്തിയ 2002ലെ വോട്ടര്‍ പട്ടിക, 2025 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്യുണമെന്ന പ്രധാന നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.