ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വമ്പന്‍ ജയം. നാലില്‍ മൂന്ന് സീറ്റുകളിലും എബിവിപി വിജയിച്ചു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്യുഐയെ പരാജയപ്പെടുത്തിയാണ് ആര്‍എസ്എസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി നേട്ടം കൊയ്തത്. എന്‍എസ്യുഐയുടെ ജോസ്ലിന്‍ നന്ദിത ചൗധരിയെ പരാജയപ്പെടുത്തി എബിവിപിയുടെ ആര്യന്‍ മാന്‍ സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആര്യന്‍ മന്‍ 16000 വോട്ട് ഭൂരിപക്ഷത്തിനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചത്. യൂണിയന്‍ സെക്രട്ടറിയായി എബിവിപിയുടെ കുനാല്‍ ചൗധരി, ജോയിന്റ് സെക്രട്ടറിയായി ദീപക് ഝാ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റ് സ്ഥാനത്തു മാത്രമാണ് എന്‍എസ്യുഐ വിജയിച്ചത്. ഏഴു വര്‍ഷത്തിനു ശേഷം 2024ല്‍ നേടിയ ഡിയു പ്രസിഡന്റ് സ്ഥാനമാണ് എന്‍എസ്യുഐ ഇത്തവണ കൈവിട്ടത്. ദേശീയ രാഷ്ട്രീയത്തിന്റെ ഗതി എങ്ങോട്ടെന്ന സൂചന നല്‍കുന്ന തിരഞ്ഞെടുപ്പായാണു ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് കണക്കാക്കപ്പെടുന്നത്. 1949ലാണ് ഡല്‍ഹി സര്‍വകലാശാല സ്ഥാപിക്കപ്പെടുന്നത്. 1954ല്‍ ആദ്യ തിരഞ്ഞെടുപ്പ് നടന്നു. അന്തരിച്ച നേതാവ് അരുണ്‍ ജെയ്റ്റ്ലി, അജയ് മാക്കെന്‍, അല്‍ക്ക ലാംബ, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത തുടങ്ങിയവര്‍ ഡിയു വിദ്യാര്‍ഥി യൂണിയനില്‍ അംഗമായിരുന്നവരാണ്.


വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി പദവികളിലേക്കാണ് എബിവിപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് എബിവിപിയുടെ ആര്യന്‍ മന്‍ 28841 വോട്ട് നേടി. എന്‍എസ്യുഐ സ്ഥാനാര്‍ത്ഥി ജോസ്ലിന് 12645 വോട്ട് മാത്രമാണ് നേടാനായത്. എന്‍എസ്യുവിന്റെ റോണാക് ഖത്രിയായിരുന്നു കഴിഞ്ഞ തവണ പ്രസിഡന്റ്.

സെക്രട്ടറി സ്ഥാനാത്തേക്ക് എവിബിപിയുടെ കുനാല്‍ ചൗധരിയും ജോയിന്റ് സെക്രട്ടറിയായി എബിവിപിയുടെ ദീപിക ഝായും വിജയിച്ചു. അതേസമയം എന്‍എസ്യുഐ സ്ഥാനാര്‍ത്ഥി രാഹുല്‍ ജന്‍സ്ലയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. ആകെ നാല് സീറ്റില്‍ നടന്ന മത്സരത്തില്‍ മൂന്നിലും ജയിച്ച എബിവിപിക്കാണ് യൂണിയന്‍ ഭരണം.