ന്യൂഡല്‍ഹി; ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള സ്‌നേഹ പ്രകടനത്തെ അധിക്ഷേപിച്ച് മധ്യപ്രദേശിലെ ബിജെപി മന്ത്രിമാര്‍. സഹോദരങ്ങള്‍ പരസ്യമായി ചുംബിക്കുന്നത് വിദേശ രീതിയെന്നായിരുന്നു ഇരുവരെയും വിമര്‍ശിച്ച് നഗരവികസന മന്ത്രി കൈലാഷ് വിജയ് വര്‍ഗിയ നടത്തിയ പരാമര്‍ശം. ഇതിനെ പിന്തുണച്ച് മന്ത്രിസഭയിലെ മറ്റൊരു അംഗമായ വിജയ് ഷായും രംഗത്തെത്തി.

'ഇത് നമ്മുടെ സംസ്‌കാരമല്ല. നമ്മുടെ പാരമ്പര്യവും ആചാരങ്ങളുമൊന്നും ഇത് പഠിപ്പിക്കുന്നില്ല. നിങ്ങള്‍ പഠിച്ച കാര്യങ്ങള്‍ സ്വന്തം വീട്ടില്‍ ചെയ്യൂ, മറിച്ച് പൊതുസ്ഥലത്തല്ല അവ കാണിക്കേണ്ടത്. അവര്‍ എന്റെയും യഥാര്‍ത്ഥ സഹോദരിയാണ്. ഞാന്‍ അവരെ പൊതുസ്ഥലത്തുവച്ച് ചുംബിക്കട്ടെ? ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും നമ്മളെ അങ്ങനെ പഠിപ്പിക്കുന്നില്ല'- എന്നായിരുന്നു വിജയ് ഷാ പറഞ്ഞത്. മദ്ധ്യപ്രദേശിലെ കാന്ദ്വയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ മേയില്‍ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ വിജയ് ഷാ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. 'നമ്മുടെ പെണ്‍മക്കളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞവരെ നഗ്‌നരാക്കി നശിപ്പിക്കാന്‍ അവരുടെ സഹോദരിമാരെ അയയ്ക്കുന്നു' എന്നാണ് കേണല്‍ സോഫിയ ഖുറേഷിയെ ഉദ്ദേശിച്ചുകൊണ്ട് വിജയ് ഷാ പറഞ്ഞത്. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയതിന് പിന്നാലെ മന്ത്രി മാപ്പ് പറയുകയും ചെയ്തു.

ഷായുടെ പുതിയ പരാമര്‍ശത്തില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രവര്‍ത്തകര്‍ വിജയ്വര്‍ഗീയയുടെ കോലം കത്തിച്ചു. 'അധിക്ഷേപകരവും അപമാനകരവുമായ ഭാഷ ഉപയോഗിക്കുന്ന ബിജെപി മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കാത്തത് നിര്‍ഭാഗ്യകരമാണ്'- എന്ന് കോണ്‍ഗ്രസ് വക്താവ് കെ കെ മിശ്ര പറഞ്ഞു. ഇരുമന്ത്രിമാരും രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജിതു പത്വാരി ആവശ്യപ്പെട്ടു.