ന്യൂഡല്‍ഹി: എഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കാത്തതില്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിയ്ക്കുമെതിരെ വിമര്‍ശനവുമായി ബിജെപി. രാഹുല്‍ ഗാന്ധി പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിന്റെ ഉറ്റ സുഹൃത്താണെന്ന് വിശേഷിപ്പിച്ച പാര്‍ട്ടി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി, കോണ്‍ഗ്രസ് ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും ആരോപിച്ചു. 'ഓപ്പറേഷന്‍ സിന്ദൂറില്‍ കോണ്‍ഗ്രസ് പാകിസ്ഥാനൊപ്പം നിന്നു. ഓപ്പറേഷന്‍ തിലകില്‍ കോണ്‍ഗ്രസ് പാകിസ്ഥാനൊപ്പം നില്‍ക്കുന്നു. രാഹുല്‍ ഗാന്ധി അസിം മുനീറിന്റെ ഉറ്റ സുഹൃത്താണ്', ഭണ്ഡാരി കുറ്റപ്പെടുത്തി.

കായികരംഗത്ത് പാകിസ്ഥാനെ തകര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രാഹുല്‍ ഗാന്ധി ഇതുവരെ അഭിനന്ദിച്ചിട്ടില്ല, അതേസമയത്ത് പാകിസ്ഥാന്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുമ്പോള്‍, പാകിസ്ഥാനോട് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് എപ്പോഴും ഇന്ത്യയെക്കാള്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നത്', പ്രദീപ് ഭണ്ഡാരി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. കോണ്‍ഗ്രസ് പാകിസ്ഥാന്റെ ബി-ടീം ആണെന്നും ഭണ്ഡാരി വിശേഷിപ്പിച്ചു.

പാകിസ്താനെതിരായ ഇന്ത്യന്‍ ടീമിന്റെ വിജയം രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും കോമ അവസ്ഥയില്‍ ആക്കിയതായി മുതിര്‍ന്ന ബിജെപി നേതാവും പാര്‍ട്ടിയുടെ ഐടി വിഭാഗം മേധാവിയുമായ അമിത് മാളവ്യ പറഞ്ഞു. 'ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം, ഇന്ത്യന്‍ സൈന്യത്തിന്റെ അതിഗംഭീരമായ ആക്രമണങ്ങളെ അഭിനന്ദിക്കാന്‍ അവര്‍ക്ക് കഴിയാതിരുന്നത് പോലെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം രാജ്യത്തോടൊപ്പം ആഘോഷിക്കുന്നതിന് മുന്‍പ് മൊഹ്‌സിന്‍ നഖ്വിയില്‍ നിന്നും പാകിസ്താനിലെ അവരുടെ മറ്റ് അടുപ്പക്കാരില്‍ നിന്നും അവര്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് തോന്നുന്നു. ടൂര്‍ണമെന്റില്‍ മൂന്ന് തവണ പാകിസ്താനെ തകര്‍ത്ത് ഏഷ്യാ കപ്പ് രാജ്യത്തെത്തിച്ച നമ്മുടെ ദേശീയ ടീമിനെ അഭിനന്ദിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഒരു സാമൂഹിക മാധ്യമ പോസ്റ്റ് പോലും വന്നിട്ടില്ല', മാളവ്യ പറഞ്ഞു.