ന്യൂഡല്‍ഹി: വോട്ട് ചെയ്യാന്‍ യോഗ്യതയുള്ളവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കില്ലെന്നും എസ്‌ഐആര്‍ രാജ്യ വ്യാപകമായി നടപ്പാക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. പുത്തന്‍ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളുടെ തുടക്കം ബിഹാറില്‍ നിന്നാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

എല്ലാ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാനം തിരിച്ചുള്ള എസ്‌ഐആര്‍ നടപടികള്‍ ആരംഭിക്കുന്നതിന് തീയതികള്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. രാഷ്ട്രീയ ആരോപണങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിക്കില്ല. ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി മാത്രമേ സ്വീകരിക്കാന്‍ കഴിയൂ. ആധാര്‍ കാര്‍ഡ് പൗരത്വ നിര്‍ണയരേഖയായി കാണാന്‍ കഴിയില്ല. ഇക്കാര്യം സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

വോട്ട് ചെയ്യാന്‍ യോഗ്യതയുള്ളവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും എല്ലാവരും വോട്ട് അവകാശം നിര്‍വഹിക്കണമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ആരുടെയെങ്കിലും പേരുകള്‍ ഒഴിവാക്കപ്പെട്ടെങ്കില്‍ അവര്‍ക്ക് നാമനിര്‍ദേശം നല്‍കുന്നതിന് 10 ദിവസം മുന്‍പ് സമീപിക്കാന്‍ കഴിയും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തി. ഇതുവരെ നടന്നതില്‍ വച് നല്ല രീതിയില്‍ ആയിരിക്കും ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കുകയെന്ന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

നവംബര്‍ 6,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി ബിഹാറില്‍ വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 14 നാണ്. വോട്ടര്‍ പട്ടികയില്‍ പരാതികളുണ്ടെങ്കില്‍ ഇനിയും കമ്മീഷനെ സമീപിക്കാം എന്ന് കമ്മീഷന്‍ വ്യക്തമാക്കി. ബിഹാറില്‍ ആകെ 7.43 കോടി വോട്ടര്‍മാരാണുള്ളത്. അതില്‍ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉള്‍പ്പെടുന്നു. 90,712 പോളിംഗ് സ്‌റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലായിടത്തും വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടാവും. കനത്ത സുരക്ഷയിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

തെരകമ്മീഷന്‍ ഒരു ഭരണഘടന സ്ഥാപനമാണെന്നും വോട്ടര്‍പട്ടിക തയ്യാറാക്കലും,തെരഞ്ഞെടുപ്പ് നടത്തലും കമ്മീഷന്റെ കടമയാണ്. എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടിക നവീകരിച്ചിരിച്ചു. എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അന്തിമ പട്ടിക ലഭ്യമാക്കി. എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും നേരിട്ട് കണ്ടു. ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി. ബിഹാര്‍ തെരഞ്ഞെടുപ്പ് ഇക്കുറി കൂടുതല്‍ ലളിതമാക്കും. പരാതികളില്ലാതെ നടത്തും എന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആരംഭിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

ഏറെ കോളിളക്കമുണ്ടാക്കിയ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിന്റെ തുടര്‍ന്നുള്ള ഗതിയില്‍ നിര്‍ണ്ണായകമാകും. ദില്ലിയിലെ വിഗ്യാന്‍ ഭവനില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ്‍ര്‍ ഗ്യാനേഷ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു തെരഞ്ഞെടുപ്പെങ്കില്‍ ഇത്തവണ ഒറ്റ ഘട്ടമായി നടത്തണമെന്നായിരുന്നു എന്‍ഡിഎയുടെ നിര്‍ദ്ദേശം. രണ്ട് ഘട്ടം വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. ദീപാവലിക്ക് ശേഷം നടക്കുന്ന ഛാഠ് പൂജ കൂടി കഴിഞ്ഞ് തെരഞ്ഞെടുപ്പ് മതിയെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്മീഷനോടാവശ്യപ്പെട്ടിരിരുന്നത്.

കഴിഞ്ഞ തവണ ഒക്ടോബര്‍ 28 ന് തുടങ്ങി നവംബര്‍ പത്തിന് ഫലം പ്രഖ്യാപിക്കും വിധമായിരുന്നു ഷെഡ്യൂള്‍.56.93 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ കഴിഞ്ഞെ തെരഞ്ഞെടുപ്പില്‍ 75 സീറ്റ് നേടി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ജെഡിയു ബിജെപി സഹകരണത്തില്‍ എന്‍ഡിഎ അധികാരം പിടിച്ചു. പല കുറി ചാടി ഒടുവില്‍ നിതീഷ് കുമാര്‍ എന്‍ഡിഎ പാളയത്തില്‍ തുടരുമ്പോള്‍ പത്ത് വര്‍ഷമായി തുടരുന്ന ഭരണത്തിന്റെ വിലയിരുത്തലാകും ഇത്തവണത്തെ ജനവിധിയെന്നത് തീര്‍ച്ച.

ഭരണവിരുദ്ധ വികാരവും, നിതീഷ് കുമാറിന്റെ അനാരോഗ്യവുമൊക്കെ ചര്‍ച്ചയിലുള്ളപ്പോള്‍ പ്രാദേശിക വിഷയങ്ങള്‍ മാറ്റി പിടിച്ച് ഓപ്പറേഷന്‍ സിന്ദൂറിലെ വിജയവും, ജിഎസ്ടിയിലെ ഇളവുമൊക്കെ ആയുധമാക്കി ഇത്തവണയും കസേര ഉറപ്പിക്കാമെന്നാണ് എന്‍ഡിഎയുടെ കണക്ക് കൂട്ടല്‍. അതേ സമയം 68.5 ലക്ഷം പേരെ കടുംവെട്ടിലൂടെ ഒഴിവാക്കി വോട്ടര്‍ പട്ടിക പരിഷ്‌ക്കരിച്ച നടപടി ചോദ്യം ചെയ്ത് മഹാസഖ്യം കളം പിടിച്ചു കഴിഞ്ഞു. രാഹുല്‍ ഗാന്ധിയും, തേജസ്വിയാദവും ചേര്‍ന്ന് നടത്തിയ യാത്രയും, പിന്നീട് തേജസ്വി ഒറ്റക്ക് നടത്തിയ യാത്രയും ഇത്തവണത്തെ ജനവിധിയെ സ്വാധീനിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്ക് കൂട്ടല്‍.