ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്കുനേരെ സുപ്രീം കോടതിയില്‍ ഉണ്ടായ ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസുമായി താന്‍ സംസാരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ആക്രമണം ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കിയിരിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ലെന്നും വ്യക്തമാക്കി. 'എക്സി'ലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സംഭവസമയത്ത് ചീഫ് ജസ്റ്റിസ് ഗവായ് പ്രകടിപ്പിച്ച സംയമനത്തെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. നീതിയുടെ മൂല്യങ്ങളോടും ഭരണഘടനയുടെ അന്തഃസത്തയെ ശക്തിപ്പെടുത്തുന്നതിലുമുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി കുറിച്ചു.

ഇന്ന് രാവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ ബെഞ്ച് ചേര്‍ന്ന സമയത്താണ് കോടതി മുറുക്കുള്ളില്‍ നാടകീയ രംഗങ്ങള്‍ നടന്നത്. അഭിഭാഷകര്‍ കേസ് പരാമര്‍ശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്കുനേരെ ഷൂ എറിയാന്‍ ശ്രമിച്ചത്. സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത് സഹിക്കാന്‍ ആകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകന്‍ രാകേഷ് കിഷോറിന്റെ അതിക്രമം. കൃത്യസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞു, പിന്നീട് പൊലീസിന് കൈമാറി. കോടതി നടപടികള്‍ തുടര്‍ന്ന ചീഫ് ജസ്റ്റി്‌സ് ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് പ്രതികരിച്ചു.

ഷൂ ലക്ഷ്യത്തിലെത്തിയിരുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനടി ഇയാളെ കസ്റ്റഡിയിലെടുത്തു. സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ല എന്ന് വിളിച്ച് പറഞ്ഞുകൊണ്ടായിരുന്നു ഇയാളുടെ ആക്രണം. ഇങ്ങനെ എഴുതിയ കുറിപ്പും ഇയാളില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

ചീഫ് ജസ്റ്റിസിനുനേരെയുള്ള ആക്രമണത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 'ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനും ഭരണഘടനയുടെ ആത്മാവിനും നേരെയുള്ള ആക്രമണമാണ്' എന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. അത്തരം വിദ്വേഷത്തിന് നമ്മുടെ രാജ്യത്ത് സ്ഥാനമില്ലെന്നും അത് അപലപിക്കപ്പെടേണ്ടതാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയത് സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.