ചെന്നൈ: തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കുന്നത് തടയാന്‍ നിയമ നിര്‍മാണത്തിന് എം കെ സ്റ്റാലിന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹിന്ദി ഹോര്‍ഡിംഗുകള്‍, ഹിന്ദി സിനിമകള്‍, പാട്ടുകള്‍ എന്നിവ ഉള്‍പ്പെടെ നിരോധിക്കുന്ന വിധത്തിലാണ് നീക്കം. ഇത് സംബന്ധിച്ച ബില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ അവതരിപ്പിക്കും. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ബില്‍ അവതരിപ്പിക്കും. നിയമനിര്‍മ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തര യോഗം ചേര്‍ന്നതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ നീക്കം ഭരണഘടന വിരുദ്ധമാണെന്ന വാദവും ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ നിയമം ഭരണഘടനയ്ക്ക് അനുസൃതമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരം ഒരു നിയമ നിര്‍മാണം പരിഗണനയില്‍ ഉണ്ടെന്ന സൂചനയാണ് മുതിര്‍ന്ന ഡിഎംകെ നേതാവ് ടികെഎസ് എളങ്കോവന്‍ നല്‍കുന്നത്. ഞങ്ങള്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കലിന് എതിരാണെന്നും ടി.കെ.എസ്. ഇളങ്കോവന്‍ പ്രതികരിച്ചു.

'ഭരണഘടനയ്ക്ക് വിരുദ്ധമായി ഞങ്ങള്‍ ഒന്നും ചെയ്യില്ല, അതിനെ അനുസരിക്കും, എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ ചെറുക്കും.'- എളങ്കോവന്‍ പ്രതികരിച്ചു. അടുത്തിടെ തമിഴരുടെ മേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കരുതെന്നും, തങ്ങളുടെ ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത് എന്നാണ് സൂചന.

അതേസമയം, വിഡ്ഢിത്തവും അസംബന്ധവുമായ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഭാഷയെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നും ബിജെപി നേതാവ് വിനോജ് സെല്‍വം പ്രതികരിച്ചു. ഡിഎംകെ, വിവാദമായ ഫോക്‌സ്‌കോണ്‍ നിക്ഷേപ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഭാഷാ തര്‍ക്കം ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ നീക്കം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു. നീക്കത്തെ മണ്ടത്തരം എന്നാണ് തമിഴ്‌നാട് ബിജെപി വിശേഷിപ്പിച്ചത്. കരൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട തിരിച്ചടികളില്‍ നിന്ന് ശ്രദ്ധമാറ്റാന്‍ ആണ് ഡിഎംകെയുടെ ശ്രമം എന്നും ബിജെപി ആരോപിച്ചു.

ത്രിഭാഷാ ഫോര്‍മുലയിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് ഡിഎംകെയുടെ പ്രധാന വാദം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ സമയത്തും ഡിഎംകെ വിഷയം പ്രചരണായുധമാക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ നിന്നും രൂപയുടെ ലോഗോ മാറ്റി തമിഴ് അക്ഷരം ഉപയോഗിച്ചതും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

തമിഴരുടെമേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കരുതെന്നും അവരുടെ ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലൊണ് ബില്ലുമായി സര്‍ക്കാര്‍ രംഗത്തുവരുന്നത്.ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്‍പ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ സംസ്ഥാനം എതിര്‍ക്കുന്നുവെന്ന് സ്റ്റാലിന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഹിന്ദി ഭാഷാ നിരോധന ബില്ലുമായി ഡിഎംകെ സര്‍ക്കാര്‍ രംഗത്തുവരുന്നത്.

സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലീഷ് )സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നീ മേഖലയില്‍ സഹായകരമായെന്നാണ് ഡിഎംകെയുടെ വാദം. ബിജെപി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം നേരത്തേ ആരോപിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും വിഷയം പ്രചരണത്തിനായി ഡിഎംകെ ആയുധമാക്കിയിരുന്നു.

ത്രിഭാഷാ നയമല്ല മറിച്ച് തമിഴ്‌നാട് കാലങ്ങളായി പിന്തുടരുന്ന ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലിഷ്) സ്‌കൂളുകളില്‍ മതിയെന്നായിരുന്നു ഡിഎംകെ ആവശ്യപ്പെടുന്നത്. ത്രിഭാഷാനയത്തിനെതിരെ തമിഴ്‌നാട് ബിജെപിയിലും വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നതിനു പിന്നാലെയാണ് ഹിന്ദി വിരുദ്ധ ബില്ലുമായി സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി രംഗത്തെത്തിയത്.

ഒരു വെടിക്കു രണ്ട് പക്ഷിയെയാണ് ബില്ലിലൂടെ ഡിഎംകെ ലക്ഷ്യമിടുന്നത്. ഒന്ന്, തമിഴ്‌നാട്ടില്‍ വീണ്ടും ശക്തിപ്രാപിക്കുന്ന എന്‍ഡിഎ മുന്നണിയെ പൊളിക്കുക. മറ്റൊന്ന്, വിജയ്യുടെ ആന്റി ഡിഎംകെ പ്രചാരണത്തിനു ബദലായി മറ്റൊരു പ്രചാരണായുധം ഉപയോഗിക്കുക. ഡിഎംകെ മുന്നോട്ടുവയ്ക്കുന്ന ഹിന്ദി വിരുദ്ധത പെരിയോറിന്റെയും അണ്ണാദുരെയുടെയും കാലത്ത് തന്നെ പയറ്റിത്തെളിഞ്ഞ ആയുധമാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയാണ് ഹിന്ദി വിരുദ്ധ ബില്‍ എന്ന ആശയം ഇപ്പോള്‍ ഡിഎംകെ മുന്നോട്ടുവയ്ക്കുന്നത്. ഇതോടെ ബിജെപിയുടെ നയത്തെ കൃത്യമായി നേരിടാന്‍ ഡിഎംകെ തയാറെടുക്കുന്നു എന്നു വ്യക്തം.