- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹര്‍ഷ സാങ്‌വിക്ക് ഉപമുഖ്യമന്ത്രിപദം; ജാതി- വനിതാ-പ്രാദേശിക സമവാക്യങ്ങള്‍ ഉറപ്പാക്കി 19 പുതുമുഖങ്ങളുമായി ഗുജറാത്ത് മന്ത്രിസഭ; ഒ.ബി.സി - പട്ടിദാര്‍ - ഗോത്ര വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന; രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജയും മന്ത്രിസഭയില്‍ അംഗം
അഹമ്മദാബാദ്: ജാതി- വനിതാ-പ്രാദേശിക സമവാക്യങ്ങള്‍ ഉറപ്പാക്കി ഗുജറാത്തില്‍ പുതിയ മന്ത്രിസഭയ്ക്ക് രൂപം നല്‍കി ബിജെപി നേതൃത്വം. ആഭ്യന്തരമന്ത്രി ഹര്‍ഷ സാങ്‌വിക്ക് ഉപമുഖ്യമന്ത്രിപദം നല്‍കിയതാണ് മന്ത്രിസഭയുടെ അഴിച്ചുപണിയുടെ കാതലായ മാറ്റം. മുന്‍ മന്ത്രിസഭയിലെ ആറ് പേരെ മാത്രമാണ് നിലനിര്‍ത്തിയത്. മന്ത്രിസഭയിലെ 19 പേരും പുതുമുഖങ്ങളാണ്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജയും മന്ത്രിസഭയില്‍ അംഗമാണ്. മന്ത്രിസഭയുടെ പുനസംഘടനയോടെ മന്ത്രിമാരുടെ എണ്ണം 25 ആയി ഉയര്‍ന്നു. മന്ത്രിമാരില്‍ എട്ടുപേര്‍ ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ളവരാണ്. ആറ് പേര്‍ പട്ടിദാര്‍ വിഭാഗത്തില്‍ നിന്നുള്ളവരും നാല് പേര്‍ ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ളവരും മൂന്ന് പേര്‍ എസ്.സി വിഭാഗത്തില്‍ നിന്നുള്ളവരുമാണ്. ക്ഷത്രിയ, ബ്രാഹ്‌മിണ്‍ വിഭാഗത്തില്‍ നിന്നും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ട്. കൂട്ടരാജിക്ക് പിന്നാലെയാണ് ഗുജറാത്ത് മന്ത്രിസഭയില്‍ വന്‍അഴിച്ചുപണി.
പുതിയ മന്ത്രിമാര്‍ മഹാത്മാ മന്ദിറില്‍ സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകും. പുതിയ മന്ത്രിസഭയില്‍ പ്രാദേശിക സന്തുലനം മെച്ചപ്പെടുത്താനും സാമൂഹ്യ പ്രാതിനിധ്യ ശാക്തീകരണത്തിനുമാണ് ശ്രമം. 2026ല്‍ നടക്കാനിരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പും 2027ലെ നിയമസഭ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് സൂചന. ഏതായാലും ദീപാവലി സമ്മാനമായാണ് ഗുജറാത്തിലെ എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാന ലബ്ധി. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള എട്ട് പേരാണ് പുതിയ മന്ത്രിസഭയിലുള്ളത്. ഇതില്‍ ആറു പേര്‍ പാട്ടീദാര്‍ സമുദായത്തില്‍ നിന്നും നാല് പേര്‍ ആദിവാസി സമൂഹങ്ങളില്‍ നിന്നുമുള്ളവരാണ്. മൂന്ന് പട്ടികജാതിക്കാരുമുണ്ട്. രണ്ട് പേര്‍ ക്ഷത്രിയ സമുദായത്തില്‍ നിന്നമുണ്ട്. ബ്രാഹ്‌മണ, ജെയിന്‍ സമുദായങ്ങളില്‍ നിന്നുള്ള ഓരോരുത്തരും പുതിയ മന്ത്രിസഭയിലുണ്ട്. മൂന്ന് സ്ത്രീകളും പുതിയ മന്ത്രിസഭയില്‍ ഇടംപിടിച്ചിരിക്കുന്നു. സൗരാഷ്ട്ര മേഖലയ്ക്ക് പുതിയ മന്ത്രിസഭയില്‍ വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ട്. നേരത്തെ ഈ മേഖലയില്‍ നിന്നുള്ള അഞ്ച് പേരാണ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നതെങ്കില്‍ പുതിയ മന്ത്രിസഭയില്‍ അത് എട്ടായി ഉയര്‍ത്തിയിട്ടുണ്ട്.
ഗുജറാത്തില്‍ മുഖ്യമന്ത്രി ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചിരുന്നു.ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മന്ത്രിമാര്‍ രാജിവെച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാലും യോഗത്തില്‍ പങ്കെടുത്തിരുന്നു. മന്ത്രിസഭയിലും പാര്‍ട്ടിയിലും അഴിച്ചുപണി നടത്താനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ബന്‍സാല്‍ യോഗത്തില്‍ അറിയിച്ചു. പിന്നാലെ ഗവര്‍ണറുമായി ഗുജറാത്ത് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പുതിയ മന്ത്രിസഭയിലിടം നേടിയ പഴയ മന്ത്രിമാര്‍
ഹര്‍ഷ് സാങ്വി
കന്‍വരാജ് ബവാലിയ
പ്രഫുല്‍ പന്‍സേരിയ
ഋഷികേശ് പട്ടേല്‍
പര്‍ഷോത്തം സൊളങ്കി
കനുഭായ് ദേശായ്
പുതുമുഖങ്ങള്‍
ട്രികാം ചാങ്
സ്വരൂപ്ജി ഠാക്കൂര്‍
പ്രവീണ്‍ മാലി
പി സി ബരാന്ത
ദര്‍ശന വഘേല
കാന്തിലാല്‍ അമൃതിയ
റിവാബ ജഡേജ
അര്‍ജുന്‍ഭായ് മോധ്വാഡിയ
പ്രഥ്യുമ്ന വാജ
കൗശിക് വെകാരിയ
ജിതേന്ദ്രഭായ് വഘാനി
രമണ്‍ഭായ് സൊളങ്കി
കമലേഷ് ഭായ് പട്ടേല്‍
സഞ്ജയ് സിങ് മഹിദ
രമേഷ്ഭായ് കത്താര
മനീഷ വാകില്‍
ഈശ്വര്‍ സിങ് പട്ടേല്‍
ജയ്റാംഭായ് ഗാമിത്
നരേഷ് പട്ടേല്‍
സഹമന്ത്രി ആയിരുന്ന ജഗദീഷ് വിശ്വകര്‍മ്മയെ ഈ മാസം ആദ്യം ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചിരുന്നു. കേന്ദ്രമന്ത്രി സി ആര്‍ പാട്ടീലിന് പകരക്കാരനായാണ് ഇദ്ദേഹമെത്തിയത്. ബിജെപിയുടെ ഒരു വ്യക്തി ഒരു പദവി നയത്തിന്റെ ഭാഗമായി ആയിരുന്നു ഈ മാറ്റം. വിശ്വകര്‍മ്മ പുതിയ മന്ത്രിസഭയിലില്ല.