മാള്‍ഡ: പശ്ചിമ ബംഗാളിലെ മാള്‍ഡയിലെ പുരാതനപള്ളിയെച്ചൊല്ലി പുതിയ വിവാദം. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ യൂസഫ് പഠാന്റെ ഒരു സോഷ്യല്‍മീഡിയ പോസ്റ്റാണ് വിവാദത്തിന് തിരികൊളുത്തിയത്. താന്‍ അദീന മസ്ജിദിനു മുന്‍പിലാണെന്ന് പറഞ്ഞ് പഠാന്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വിവാദത്തിന് വഴിവച്ചത്. പോസ്റ്റിനു താഴെ 'ആദിനാഥ് ക്ഷേത്രം' എന്നാണ് ബിജെപി നല്‍കിയ മറുപടി. ഇതോടെ വിവാദം ഉടലെടുത്തത്.

'മാള്‍ഡയിലെ അദീന മസ്ജിദ്, പശ്ചിമ ബംഗാളിലെ, ഇല്യാസ് ഷാഹി രാജവംശത്തിലെ രണ്ടാമത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ സിക്കന്ദര്‍ ഷാ 14-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഒരു ചരിത്രപരമായ പള്ളിയാണിത്. 1373-1375 CE കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ പള്ളി അക്കാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ പള്ളിയായിരുന്നു, ഇത് ഈ പ്രദേശത്തിന്റെ വാസ്തുവിദ്യയിലെ പ്രൗഢി വിളിച്ചോതുന്നത് കൂടിയാണ്' എന്നാണ് പഠാന്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

തൃണമൂല്‍ എംപിയുടെ പോസ്റ്റിന് ബിജെപിയുടെ ബംഗാള്‍ ഘടകം നല്‍കിയ മറുപടിയാണ് ചര്‍ച്ചാവിഷയം. ഇതിനു താഴെ നിരവധി കമന്റുകളും നിറയുന്നുണ്ട്. എംപി പറഞ്ഞ സ്മാരകം ഒരു ക്ഷേത്രത്തിന് മുകളിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും അതിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും എക്‌സ് ഉപയോക്താക്കള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒരു സംഘം പുരോഹിതര്‍ പള്ളിക്കുള്ളില്‍ ഹൈന്ദവ പൂജാകര്‍മ്മങ്ങള്‍ നടത്തിയിരുന്നു. പൂജ നടത്തിയ വൃന്ദാവനിലെ വിശ്വവിദ്യാ ട്രസ്റ്റ് പ്രസിഡന്റ് ഹിരണ്‍മോയ് ഗോസ്വാമി ദേവതകളെ കണ്ടെത്തിയതായും പള്ളി ഒരു ഹൈന്ദവ ക്ഷേത്രത്തിന് മുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് അവകാശപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കുകയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഗോസ്വാമിക്കെതിരെ കേസെടുക്കുകയുമുണ്ടായി.