പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴും ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ഭിന്നത രൂക്ഷം. ഇതിനിടെ 143 സ്ഥാനാര്‍ഥികളുടെ പട്ടിക രാഷ്ട്രീയ ജനതാ ദള്‍(ആര്‍.ജെ.ഡി) പുറത്തുവിട്ടു. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രഘോപൂര്‍ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. നവംബര്‍ ആറ്, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 14ന് ഫലമറിയാം.

243 അംഗ നിയമസഭയില്‍ 121 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടത്തിലേക്ക് ഇതുവരെ 1375 നോമിനേഷനുകളാണ് ലഭിച്ചിട്ടുള്ളത്. ഇന്ന് മൂന്നുമണിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കും. ഞായറാഴ്ച രാത്രി കോണ്‍ഗ്രസ് 54 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി 15 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

ഇന്ന് കോണ്‍ഗ്രസ് ആറ് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ പാര്‍ട്ടി ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളുടെ എണ്ണം 60 ആയി. ഏറ്റവും പുതിയ പട്ടികയനുസരിച്ച് സുരേന്ദ്ര പ്രസാദിനെ വാല്‍മീകി നഗറില്‍ നിന്ന് മത്സരിപ്പിക്കും. ആബിദു റഹ്‌മാന്‍ അറാറിയ മണ്ഡലത്തില്‍ നിന്നും ജലീല്‍ മസ്താന്‍ അമൂറില്‍ നിന്നും ജനവിധി തേടും. തൗഖീര്‍ ആലം(ബരാരി), പ്രവീണ്‍ സിങ് കുശ്‌വാഹ(കഹല്‍ഗാവോണ്‍), വിനോദ് ചൗധരി(സിക്കന്ത്ര)എന്നിവരും പുതിയ പട്ടികയിലുണ്ട്. കോണ്‍ഗ്രസിന്റെ നാലാംഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.

ആര്‍.ജെ.ഡിയുമായും മറ്റ് സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനം അനന്തമായി നീണ്ടതോടെ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടത്. രണ്ടാംഘട്ടത്തിലേക്ക് തിങ്കളാഴ്ച മൂന്ന് മണിക്കകം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം. പാര്‍ട്ടി ചിഹ്നങ്ങള്‍ വിതരണം ചെയ്യാനുള്ള തിരക്കിലാണ് ആര്‍.ജെ.ഡിയും കോണ്‍ഗ്രസും. വ്യാഴാഴ്ച 48 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. തൊട്ടുപിന്നാലെ ഘട്ടംഘട്ടമായി കുറച്ചു സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിക്കുകയുണ്ടായി.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങള്‍ക്കാണ് ബിഹാര്‍ സാക്ഷ്യം വഹിച്ചത്. ടിക്കറ്റ് ലഭിക്കാതിരുന്ന ആര്‍.ജെ.ഡി നേതാവ് മദന്‍ ഷാ ലാലുപ്രസാദ് യാദവിന്റെ വസതിക്ക് മുന്നില്‍ നിന്ന് പൊട്ടിക്കരയുകയും ധരിച്ചിരുന്ന കുര്‍ത്ത വലിച്ചുകീറുകയുമായിരുന്നു. പൊതുജന മധ്യത്തില്‍ രോഷവും നിരാശയും പ്രകടിപ്പിക്കാന്‍ മദന്‍ ഷാ നടുറോഡില്‍ കിടക്കുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

വന്‍തോതില്‍ പണം വാങ്ങിയാണ് പലരും മത്സരിക്കാന്‍ സീറ്റ് തരപ്പെടുത്തിയതെന്നും മദന്‍ ഷാ ആരോപിച്ചു. പണം നല്‍കാത്തതു കൊണ്ടാണ് തനിക്ക് സീറ്റ് ലഭിക്കാതിരുന്നതെന്നും മദന്‍ ഷാ വിമര്‍ശനമുയര്‍ത്തുകയും ചെയ്തു.