പട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കി ഗുരുതര ആരോപണവുമായി ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപക നേതാവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. നവംബറില്‍ നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രധാന മണ്ഡലങ്ങളില്‍ മത്സര രംഗത്തുള്ള ജന്‍ സുരാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ ആഭ്യന്തര മന്ത്രി അമിത് ഷായും, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും ചേര്‍ന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതായ് പട്‌നയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രശാന്ത് കിഷോര്‍ ആരോപിച്ചു. ദനാപൂര്‍ മണ്ഡലത്തിലെ തങ്ങളുടെ പാര്‍ട്ടി സ്ഥാനാര്‍ഥിയായ അഖിലേഷ് കുമാറിനെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കാതെ അമിത് ഷായുടെ നേതൃത്വത്തില്‍ തടഞ്ഞു വെച്ചതായി പ്രശാന്ത് കിഷോര്‍ പറഞ്ഞു. തങ്ങളുടെ മൂന്ന് സ്ഥാനാര്‍ഥികളുടെ പത്രിക പിന്‍വലിപ്പിക്കുന്നതില്‍ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രധാന പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു. ജന്‍ സുരാജിന്റെ ബ്രഹംപൂര്‍ സ്ഥാനാര്‍ഥിക്കൊപ്പം ധര്‍മേന്ദ്ര നില്‍ക്കുന്ന ചിത്രവും പാര്‍ട്ടി നേതാവ് പുറത്തു വിട്ടു.

തെരഞ്ഞെടുപ്പില്‍ തോല്‍വി ഭീതി മുന്നില്‍ കണ്ടാണ് ബി.ജെ.പി നേതാക്കള്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെ ഭീഷണിയും സമ്മര്‍ദ തന്ത്രവും പ്രയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍, സാധാരണ വോട്ടര്‍മാര്‍ക്ക് എങ്ങനെ സുരക്ഷയൊരുക്കുമെന്നും അദ്ദേഹം ചോദിച്ചു. 'ആര്‍.ജെ.ഡി ഗുണ്ടകള്‍ തന്നെ ബന്ദിയാക്കിയെന്നായിരുന്നു അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്. പത്രിക സമര്‍പ്പിക്കാന്‍ ഒരുങ്ങിയ സ്ഥാനാര്‍ത്ഥിയെ തടയാന്‍ ആഭ്യന്തരമന്ത്രിക്ക് എങ്ങനെ കഴിയുന്നു . ബിജെപിയുടെ യഥാര്‍ത്ഥ മുഖം ഇതാണ്. വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണം -പ്രശാന്ത് കിഷോര്‍ പറഞ്ഞു.

എന്‍.ഡി.എയുടെ ഭാഗമായ എല്‍.ജെ.പി സ്ഥാനാര്‍ഥി മത്സരിക്കുന്ന ബ്രഹംപൂരില്‍ പൊതുസ്വീകാര്യനും പട്‌നയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറുമായ തിവാരിയായിരുന്നു ജന്‍ സുരാജ് സ്ഥാനാര്‍ഥി. മൂന്നു ദിവസം പ്രചാരണ രംഗത്ത് സജീവമായിരുന്ന ഇദ്ദേഹത്തിന്റെ പെട്ടന്നുള്ള പിന്‍മാറ്റം ദുരൂഹമാണ്. കേന്ദ്രമന്ത്രി സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം പിന്‍മാറിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഒരു കേന്ദ്രമന്ത്രി എതിര്‍ സ്ഥാനാര്‍ത്ഥിയെ കാണാനെത്തുന്നത് പുതിയ കീഴ്വഴക്കമാണ്.

ഗോപാല്‍ഗഞ്ചിലെ സ്ഥാനാര്‍ഥി ഡോ. ശശി ശേഖര്‍ സിന്‍ഹയെയും ഭീഷണിപ്പെടുത്തി നാമനിര്‍ദേശം പില്‍വലിപ്പിച്ചതായി പ്രശാന്ത് കിശോര്‍ പറഞ്ഞു. 'പ്രചാരണ രംഗത്ത് സജീവമായിരിക്കെ രണ്ടു ദിവസം മുമ്പ് വിളിച്ച് ബി.ജെ.പി നേതൃത്വത്തിന്റെ സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍, പാര്‍ട്ടിക്കൊപ്പം തുടരുമെന്നും പറഞ്ഞു. എന്നാല്‍, രണ്ടു മണിക്കൂറിനു ശേഷം സ്ഥാനാര്‍ഥിത്തം പിന്‍വലിച്ച് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അദ്ദേഹം അപ്രത്യക്ഷനായി'.

കുംറാറിലെ സ്ഥാനാര്‍ഥി പ്രഫ. കെ.സി സിന്‍ഹയും ബി.ജെ.പി പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണി നേരിടുകയാണ്. വത്മീകി നഗര്‍ മണ്ഡലത്തിലെ ഡോ. നാരായണ്‍ പ്രസാദ് രണ്ടു വര്‍ഷം മുമ്പ് സ്‌കൂള്‍ അധ്യാപക ജോലി രാജിവെച്ച് പാര്‍ട്ടിയില്‍ പ്രവേശിച്ചയാളാണ്. തെരഞ്ഞെടുപ്പ് മത്സര രംഗത്തിറങ്ങിയപ്പോള്‍, ജോലിയില്‍ നിന്നുള്ള രാജി സ്വീകരിച്ചിട്ടില്ലെന്നും, ഇപ്പോഴും സര്‍വീസിലുണ്ടെന്നും ചൂണ്ടികാണിച്ച് അയോഗ്യനാക്കിയതായും പ്രശാന്ത് കിഷോര്‍ ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സമാനമായ ഭീഷണി പെടുത്തലും സമ്മര്‍ദങ്ങളും തുടരുകയാണെന്ന് തെളിവുകള്‍ സഹിതം വെളിപ്പെടുത്തി.

സംസ്ഥാനത്തെ 240 മണ്ഡലങ്ങളിലുളള തങ്ങളുടെ 14 സ്ഥാനാര്‍ഥികള്‍ക്കെതിരെ ബി.ജെ.പിയുടെ ഭീഷണിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 34 മുസ്‌ലികളും, 54 പിന്നാക്ക വിഭാഗക്കാരും ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെ ജന്‍ സുരാജ് മത്സര രംഗത്തിറക്കിയതായും അദ്ദേഹം പറഞ്ഞു.