- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കെജ്രിവാളിനായി ആഡംബര സപ്തനക്ഷത്ര ബംഗ്ലാവ് ഒരുക്കുന്നു; സ്വകാര്യ ആഡംബരത്തിനായി പഞ്ചാബ് സര്‍ക്കാരിന്റെ വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുന്നു'; സാറ്റലൈറ്റ് ചിത്രം പങ്കുവച്ച് ആരോപണവുമായി ബിജെപി; മോദിയുടെ 'കൃത്രിമ യമുന'യുടെ പ്രതികാരമെന്ന് എഎപി
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനും പഞ്ചാബിലെ എഎപി സര്‍ക്കാരിനുമെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി ബിജെപി. കെജ്രിവാള്‍ തന്റെ സ്വകാര്യ ആഡംബരത്തിനായി പഞ്ചാബ് സര്‍ക്കാരിന്റെ വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നാണ് വിമര്‍ശനം. ചണ്ഡീഗഢിലെ സെക്ടര്‍ 2-ല്‍ രണ്ടേക്കര്‍ ഭൂമിയില്‍ കെജ്രിവാളിനായി ആഡംബര സപ്തനക്ഷത്ര സര്‍ക്കാര്‍ ബംഗ്ലാവ് ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിച്ചു. പഞ്ചാബിലെ സൂപ്പര്‍ മുഖ്യമന്ത്രിയാണ് കെജ്രിവാള്‍ എന്നും എക്സിലെ കുറിപ്പില്‍ ഡല്‍ഹി ബിജെപി ആരോപിക്കുന്നുണ്ട്.
സാധാരണക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന കെജ്രിവാള്‍, മറ്റൊരു ചില്ലുകൊട്ടാരം കൂടി നിര്‍മിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ ചില്ലുകൊട്ടാരം ഒഴിഞ്ഞതിന് പിന്നാലെ പഞ്ചാബിലെ സൂപ്പര്‍ മുഖ്യമന്ത്രിയായ കെജ്രിവാളിന് മുന്‍പത്തേക്കാള്‍ ആഡംബരപൂര്‍ണമായ ചില്ലുകൊട്ടാരം പഞ്ചാബില്‍ ലഭിച്ചിരിക്കുന്നു. ചണ്ഡീഗഢിലെ സെക്ടര്‍ 2-വില്‍ കെജ്രിവാളിന് രണ്ടേക്കറില്‍ വ്യാപിച്ചുകിടക്കുന്ന ആഡംബര സപ്ത നക്ഷത്ര സര്‍ക്കാര്‍ ബംഗ്ലാവ് മുഖ്യമന്ത്രിയുടെ ക്വാട്ടയില്‍നിന്ന് അനുവദിക്കപ്പെട്ടിരിക്കുന്നു. ബംഗ്ലാവിന്റെ സാറ്റലൈറ്റ് ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കുറിപ്പില്‍ ബിജെപി ആരോപിച്ചു.
അതേസമയം, പ്രധാനമന്ത്രിയുടെ 'കൃത്രിമ യമുന'യുടെ കഥ തുറന്നുകാണിച്ചതിന് പിന്നാലെ ബിജെപിക്ക് നിയന്ത്രണം നഷ്ടമായെന്നാണ് കരുതുന്നതെന്ന് എഎപി തിരിച്ചടിച്ചു. അതിന്റെ അമര്‍ഷത്തില്‍ ബിജെപി സകലതും വ്യാജമാക്കുകയാണ്. വ്യാജ യമുന, വ്യാജമായ മലിനീകരണക്കണക്കുകള്‍, മഴയെക്കുറിച്ചുള്ള വ്യാജ അവകാശവാദങ്ങള്‍, ഇപ്പോള്‍ വ്യാജ സപ്തനക്ഷത്ര അവകാശവാദവും.
ചണ്ഡീഗഢില്‍ സപ്തനക്ഷത്ര ഭവനം നിര്‍മിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍, ചണ്ഡീഗഢ് ഭരണകൂടം ബിജെപിയുടെ കീഴിലാണ്. അവര്‍ക്കേ അവിടെ എന്തെങ്കിലും നിര്‍മിക്കാനാകൂ. മറ്റാര്‍ക്കും കഴിയില്ല. കെജ്രിവാളിന് വീട് അനുവദിച്ചുവെന്നത് ബിജെപിയുടെ വ്യാജ അവകാശവാദമാണ്. അങ്ങനെയെങ്കില്‍ അത് അനുവദിച്ച കത്ത് എവിടെ? നിരാശരായ ബിജെപി, മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് വ്യാജമായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്, എഎപി സാമൂഹികമാധ്യമായ എക്സില്‍ കുറിച്ചു.




