പട്‌ന: സൈനികരുടെ ജാതിയും മതവും തിരയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലജ്ജിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പങ്കെടുക്കവെയാണ് അമിത് ഷായുടെ പ്രതികരണമുണ്ടായത്. 'സൈനികരുടെ ജാതിയും മതവും അറിയാന്‍ ശ്രമിച്ചതിന് രാഹുല്‍ ഗാന്ധി ലജ്ജിക്കണം. ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ ഞങ്ങള്‍ സൈനികര്‍ക്കിടയില്‍ ഒരുതരത്തിലുള്ള വിവേചനവും കാണിക്കുന്നില്ല,' ഷാ പറഞ്ഞു.

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ജോലികള്‍ തട്ടിയെടുക്കുകയും രാജ്യത്തിന് സുരക്ഷാ ഭീഷണിയുയര്‍ത്തുകയും ചെയ്യുന്നുവെന്നും അമിത് ഷാ പറഞ്ഞു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് മുക്തമാക്കാന്‍ വേണ്ടിയുള്ളതാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ബിഹാറില്‍ പൊതുറാലികളെ അഭിസംബോധന ചെയ്യവെ സ്വകാര്യ സ്ഥാപനങ്ങള്‍, നീതിന്യായ വ്യവസ്ഥ, ഉദ്യോഗസ്ഥവൃന്ദം, സായുധ സേന എന്നിവയില്‍ പിന്നാക്ക ജാതിക്കാര്‍ക്കും ആദിവാസി വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രാതിനിധ്യം കുറവാണെന്നും ജനസംഖ്യയുടെ 10 ശതമാനം ആളുകളാണ് ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പ്രസ്താവിച്ചിരുന്നു.

അധികാരത്തിലിരുന്നപ്പോള്‍ ആര്‍ജെഡി കൂട്ടക്കൊലകളിലും ബലാത്സംഗങ്ങളിലും ഏര്‍പ്പെട്ടിരുന്നുവെന്നും എന്‍ഡിഎ സര്‍ക്കാരില്‍ 'ബാഹുബലി'കള്‍ക്ക് (ശക്തര്‍ക്ക്) സ്ഥാനമില്ലെന്നും ഷാ ആരോപിച്ചു. 'പ്രധാനമന്ത്രി നരേന്ദ്ര മോദി മഖാന ബോര്‍ഡ് സ്ഥാപിച്ചു... ലാലുവും കൂട്ടരും അധികാരത്തില്‍ വന്നാല്‍, നുഴഞ്ഞുകയറ്റക്കാരെ കടത്തിവിടാനുള്ള ബോര്‍ഡ്' സ്ഥാപിക്കപ്പെടും,' അദ്ദേഹം പറഞ്ഞു. ബിഹാറിലെ 'ജംഗിള്‍ രാജ്' തടയാന്‍ നരേന്ദ്ര മോദി-നിതീഷ് കുമാര്‍ സഖ്യത്തിന് മാത്രമേ കഴിയൂ എന്ന് പറഞ്ഞ ഷാ, ലാലു പ്രസാദും രാഹുല്‍ ഗാന്ധിയും നുഴഞ്ഞുകയറ്റക്കാര്‍ക്ക് വഴിയൊരുക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.

'തഗ്ബന്ധന്‍' (കൊള്ളക്കാരുടെ സഖ്യം) ബിഹാറില്‍ അധികാരത്തില്‍ വന്നാല്‍ ചമ്പാരന്‍ 'മിനി-ചമ്പല്‍' ആയി മാറുമെന്ന് മഹാസഖ്യത്തെ കടന്നാക്രമിച്ച് ഷാ പറഞ്ഞു. 'ബിഹാര്‍ ഇന്ദിരാഗാന്ധിയുടെ അഴിമതിക്കെതിരെ യുദ്ധം ചെയ്യുകയും അടിയന്തരാവസ്ഥയെ എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ആര്‍ജെഡിയുടെ സഹായത്തോടെ സംസ്ഥാനം ഭരിക്കാന്‍ ശ്രമിക്കുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടര വര്‍ഷത്തിനുള്ളില്‍ സീതാമഡിയില്‍ കൂറ്റന്‍ സീതാക്ഷേത്രം നിര്‍മ്മിക്കുമെന്നും അത് തടയാന്‍ ലാലു പ്രസാദിനോ രാഹുല്‍ ഗാന്ധിക്കോ കഴിയില്ലെന്നും ഷാ പറഞ്ഞു. സംസ്ഥാനത്ത് എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വന്നാല്‍ ചമ്പാരനില്‍ പുതിയ വിമാനത്താവളം വരുമെന്നും മേഖലയിലെ അടച്ചുപൂട്ടിയ എല്ലാ പഞ്ചസാര മില്ലുകളും സഹകരണ സംഘങ്ങള്‍ വഴി പുനരുജ്ജീവിപ്പിക്കുമെന്നും താരു സമുദായത്തിനായി പ്രധാന പദ്ധതികള്‍ ആരംഭിക്കുമെന്നും ഷാ പറഞ്ഞു. മോത്തിഹാരിയില്‍ ഒരു പുതിയ മെഡിക്കല്‍ കോളേജ് വരാനിരിക്കുകയാണെന്നും അരേരാജിലെ ബാബ സോമേശ്വര്‍ നാഥ് ക്ഷേത്രം 100 കോടി രൂപ ചെലവില്‍ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.