- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്‍ഡിഎ കുതിപ്പില്‍ ഇന്ത്യ സഖ്യം തകര്‍ന്നടിഞ്ഞിട്ടും ആര്‍ജെഡിക്ക് ആശ്വാസമായി വോട്ട് വിഹിതം; 22.84 ശതമാനം വോട്ട് വിഹിതവുമായി ഒന്നാമത്; ബിജെപിയും ജെഡിയുവും തൊട്ടു പിന്നില്‍; കോണ്‍ഗ്രസ് നാലാമത്
പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ കുതിപ്പില്‍ ഇന്ത്യ സഖ്യം തകര്‍ന്നടിഞ്ഞെങ്കിലും ആര്‍ജെഡിക്ക് ആശ്വാസമായി വോട്ട് വിഹിതം. വോട്ടെണ്ണല്‍ അവസാന മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ തേജസ്വിയുടെ ആര്‍ജെഡി, എതിരാളികളായ ബിജെപി, നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) എന്നിവയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടിയിട്ടുണ്ട്. 243 അംഗ നിയമസഭയില്‍ 143 സീറ്റുകളില്‍ മത്സരിച്ച ആര്‍ജെഡി ഇതുവരെ 22.84 ശതമാനം വോട്ട് വിഹിതം നേടിക്കഴിഞ്ഞു. ബിജെപിയേക്കാള്‍ 1.86 ശതമാനവും ജെഡിയുവിനേക്കാള്‍ 3.97 ശതമാനവും കൂടുതല്‍.
2020-ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഫിനിഷ് ചെയ്ത ആര്‍ജെഡി നിലവില്‍ 27 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 2010-ന് ശേഷമുള്ള ആര്‍ജെഡിയുടെ ഏറ്റവും മോശം പ്രകടനമാണിത്. അന്ന് വെറും 22 സീറ്റുകളില്‍ മാത്രമായി അവര്‍ ഒതുങ്ങിയിരുന്നു.
ഇത്തവണ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒരുമിച്ച് മത്സരത്തിനിറങ്ങിയപ്പോള്‍ ഇത്രയും വലിയ തിരിച്ചടി തീരെ പ്രതീക്ഷിച്ചതല്ല. 243 അംഗ നിയമസഭയില്‍ ബിജെപിയും ജെഡിയുവും നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി 202 സീറ്റ് നേടിയാണ് ഭരണം പിടിച്ചത്. മഹാസഖ്യം 34 ലേക്ക് ചുരുങ്ങി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപിയും തൊട്ടുപിന്നില്‍ ജെഡിയുവും ഫിനിഷ് ചെയ്തു. എന്നാല്‍ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ടുകണക്കില്‍ ഈ രണ്ട് പാര്‍ട്ടികളെയും പിന്നിലാക്കി ആര്‍ജെഡിയാണ് ഒന്നാമതെത്തിയത്.
ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം ആര്‍ജെഡിക്ക് 22.92 ശതമാനം വോട്ടാണ് സംസ്ഥാനത്ത് ആകെ നേടാനായത്. തൊട്ടുപിന്നിലുള്ള ബിജെപിയുടെ വോട്ട് വിഹിതം 20.14 ശതമാനമാണ്. 2.7 ശതമാനത്തോളം വോട്ടിന്റെ വ്യത്യാസമാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ളത്. ജെഡിയുവിന് 19.24 ശതമാനം വോട്ടാണ് ലഭിച്ചത്. നാലാമതുള്ള കോണ്‍ഗ്രസിന് പക്ഷെ 8.75 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. സിപിഐ എംഎല്ലിന് 2.87 ശതമാനവും സിപിഎമ്മിന് 0.62 ശതമാനവും സിപിഐക്ക് 0.76 ശതമാനവും വോട്ടാണ് നേടാനായത്.
സംസ്ഥാനത്ത് ഇതുവരെയുള്ള കണക്ക് പ്രകാരം 89 സീറ്റില്‍ ബിജെപിയും 85 സീറ്റില്‍ ജെഡിയുവും മുന്നിലെത്തി. ആര്‍ജെഡിക്ക് 25 സീറ്റ് മാത്രമാണ് നേടാനായത്. സീറ്റ് നിലയില്‍ നാലാമതെത്തിയത് എന്‍ഡിഎയുടെ ഘടകകക്ഷിയായ എല്‍ജെപി (രാം വിലാസ്) യാണ്. കോണ്‍ഗ്രസിന് ആറ് സീറ്റിലേ ജയിക്കാന്‍ സാധിച്ചുള്ളൂ. എഐഎംഐഎം അഞ്ച് സീറ്റില്‍ വിജയിച്ചു. സിപിഐഎംഎല്‍ 2 സീറ്റിലും സിപിഎം ഒരു സീറ്റിലും ജയിച്ചു.




