- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിഎംകെയുടെ ആശയം കൊള്ള മാത്രം; മണല്‍ കടത്തിലൂടെ ആയിരക്കണക്കിന് കോടികള്‍ കൊള്ളയടിച്ചു; എന്റെ കയ്യില്‍ തെളിവുണ്ട്; എം കെ സ്റ്റാലിന്‍ നല്ലവനെ പോലെ അഭിനയിക്കുന്നു; ടിവികെയുടെ പോരാട്ടം യഥാര്‍ത്ഥ സാമൂഹിക നീതിക്കായി'; കാഞ്ചീപുരത്തെ പൊതുവേദിയില്‍ ആഞ്ഞടിച്ച് വിജയ്
ചെന്നൈ: കരൂര്‍ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷന്‍ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍ വിജയ് രൂക്ഷമായി വിമര്‍ശിച്ചു. സമൂഹ നീതിയ്ക്കായാണ് തന്റെ പോരാട്ടമെന്നും , എം കെ സ്റ്റാലിന്‍ നല്ലവനെ പോലെ അഭിനയിക്കുകയാണെന്നും വിജയ് കുറ്റപ്പെടുത്തി. നീറ്റ് വിഷയത്തിലും ഡിഎംകെയെ രുക്ഷമായി വിമര്‍ശിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് യോഗം നടന്നത്. പാസുമായി എത്തിയവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. സ്വകാര്യ കോളേജ് ക്യാമ്പസ്സില്‍ രാവിലെ 11 മണിക്കായിരുന്നു യോഗം. ജില്ലയിലെ 35 ഗ്രാമങ്ങളില്‍ നിന്നുള്ള 2000 പേര്‍ പങ്കെടുത്തു. കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, ടിവികെ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. ക്യു ആര്‍ കോഡ് ഉള്ള പ്രവേശന ടിക്കറ്റ് ലഭിച്ചവര്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചത്.
പോരാട്ടം സാമൂഹിക നീതിക്കെന്ന് പറഞ്ഞ വിജയ് ഡിഎംകെയുടെ ലക്ഷം കൊള്ളയാണെന്നും രൂക്ഷവിമര്‍ശനമുന്നയിച്ചു. എല്ലാവര്‍ക്കും നല്ലത് ചെയ്യണമെന്ന് കരുതിയാണ് താന്‍ രാഷ്ട്രീയത്തില്‍ വന്നതെന്നും വിജയ് യോഗത്തില്‍ സംസാരിക്കവെ പറഞ്ഞു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറയുന്നു നമുക്ക് ആശയം ഇല്ലെന്ന്. സമൂഹ നീതി വേണം എന്നതാണ് നമ്മുടെ ആശയമെന്ന് വിജയ് പറഞ്ഞു. എല്ലാത്തിനും വിമര്‍ശനം എന്ന് പറഞ്ഞാല്‍ എങ്ങനെയാണെന്നും ടിവികെ ഇനിയും വിമര്‍ശിക്കാന്‍ തുടങ്ങിയിട്ടില്ലെന്നും വിജയ് പറഞ്ഞു. പെരിയാറിന്റെയും അണ്ണാദുരൈയുടെയും പേരില്‍ ഭരണം നടത്തുന്നവര്‍ നാടിനെ നശിപ്പിക്കുകയാണെന്ന് അദേഹം വിമര്‍ശിച്ചു. മണല്‍ കടത്തിലൂടെ ആയിരക്കണക്കിന് കോടികള്‍ കൊള്ളയടിച്ചെന്ന് വിജയ് ആരോപിച്ചു. മുകളില്‍ നിന്നും താഴെ വരെയുള്ളവര്‍ സിന്‍ഡിക്കേറ്റായി കൊള്ളയടിക്കുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പറയുന്നവനെ ഭരണകര്‍ത്താക്കള്‍ എതിര്‍ക്കും. ഇതെല്ലാം തിരിച്ച് ചോദിക്കുന്ന ദിവസം വരുമെന്ന് അദേഹം പറഞ്ഞു. കരൂര്‍ ദുരന്തത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും അത് പിന്നീട് പറയാമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
'നമ്മുടെ പാര്‍ട്ടിക്ക് ലക്ഷ്യം ഇല്ലെന്നാണ് പറയുന്നത്. എന്നാല്‍ അവരുടെ പാര്‍ട്ടിയുടെ ലക്ഷ്യം കൊള്ളയാണ്. എല്ലാവര്‍ക്കും നീതി ലഭിക്കണമെന്ന് തീരുമാനിച്ചാണ് ഞാന്‍ പാര്‍ട്ടിയില്‍ എത്തിയത്. സമത്വം, വിദ്യാഭ്യാസം എന്നിവയില്‍ നമ്മളെടുത്ത നിലപാട് എല്ലാവരും കണ്ടതാണ്. നിങ്ങളെ പോലെ നിലപാട് വാക്കുകളില്‍ മാത്രമല്ല ഞാന്‍ ഒളിപ്പിച്ചത്. ഇപ്പോള്‍ നിങ്ങളുടെ പാര്‍ട്ടിയില്‍ നടക്കുന്ന കാര്യം ഞങ്ങള്‍ക്ക് അറിയാം. നിങ്ങള്‍ നല്ലവരെപ്പോലെ അഭിനയിക്കുകയാണ്. വിമര്‍ശനം തുടങ്ങിയില്ല. അതിന് മുന്‍പ് നിങ്ങള്‍ പേടിക്കുകയാണ്.എനിക്ക് എപ്പോഴും ജനങ്ങളാണ് വലുത്. അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്.
കാഞ്ചീപുരത്തെ നദിയായ പാലാറിനെ കൊള്ളയടിക്കുകയാണ് ഇപ്പോള്‍ ഉള്ളവര്‍. എന്റെ കൈയില്‍ അതിനുള്ള തെളിവുണ്ട്. 22,70000 യൂണീറ്റ് മണല്‍ ഈ നദിയില്‍ നിന്ന് കൊള്ളയടിച്ചിട്ടുണ്ട്. 4,730 കോടി രൂപ ഇങ്ങനെ അവര്‍ സമ്പാദിച്ചു. ഇതിന്റെ തെളിവ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മണല്‍ എടുത്താല്‍ നദി നശിക്കും. നദി നശിച്ചാല്‍ കൃഷി നശിക്കും. ഇത് നമ്മളെ തന്നെ നശിപ്പിക്കും. കാഞ്ചീപുരത്തിന്റെ പട്ട് ലോകത്ത് വളരെ പ്രശസ്തമാണ്. പക്ഷേ അത് തയ്യാറാക്കുന്നവര്‍ പട്ടിണിയിലാണ്'- വിജയ് പറഞ്ഞു.




