ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബിഹാറില്‍ തീവ്രവാദത്തെ വളര്‍ത്തരുതെന്നും മുസ്ലിങ്ങളടക്കം വിഭാഗങ്ങള്‍ക്ക് തുല്യനീതി ഉറപ്പാക്കണമെന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം 5 സീറ്റ് നേടിയിരുന്നു. ഈ വിജയത്തിന് ശേഷമാണ് സീമാഞ്ചലില്‍ നടത്തിയ പ്രസംഗത്തില്‍ എന്‍ഡിഎ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന നിതീഷിന് പിന്തുണ പ്രഖ്യാപിച്ചത്.

സീമാഞ്ചലിന്റെ മുഴുവന്‍ പിന്തുണയും നിതീഷിനുണ്ട്. എന്നാല്‍ ബിഹാറില്‍ തീവ്രവാദം വളര്‍ത്തരുത്. പാറ്റ്‌നക്ക് അപ്പുറത്തേക്ക് വികസനം വരണം. മുസ്ലിംങ്ങള്‍ക്ക് തുല്യനീതി വേണം തുടങ്ങിയ നിബന്ധനകളും മുന്നോട്ട് വെച്ചിട്ടുണ്ട്. സീമാഞ്ചലിലെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം വലിയ തിരിച്ചടിയാണ് ഇന്ത്യ സഖ്യത്തിന് നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സമാനമായ രീതിയിലാണ് ഒവൈസിയുടെ പാര്‍ട്ടി വോട്ടുകള്‍ പിളര്‍ത്തിയത്. ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുമെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. സീമാഞ്ചലില്‍ പ്രധാനപ്പെട്ട അഞ്ച് സീറ്റുകളാണ് ഒവൈസിയുടെ പാര്‍ട്ടി നേടിയത്. ഈ ഘട്ടത്തില്‍ ഒവൈസി എന്‍ഡിഎക്കൊപ്പം നില്‍ക്കുമെന്ന നിരീക്ഷണവും ശക്തമായിരുന്നു. എന്നാല്‍ തന്ത്രപൂര്‍വ്വമായാണ് ഒവൈസി കാര്യങ്ങള്‍ നീക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

'സംസ്ഥാനത്തെ പുതിയ സര്‍ക്കാറിന് ഞങ്ങള്‍ ആശംസകള്‍ നേരുന്നു. സീമാഞ്ചല്‍ മേഖലയോട് നീതി പുലര്‍ത്തുകയും വര്‍ഗീയതയെ അകറ്റി നിര്‍ത്തുകയും ചെയ്താല്‍ സര്‍ക്കാറിനോട് പൂര്‍ണമായി സഹകരിക്കും' -ഒവൈസി പറഞ്ഞു. സീമാഞ്ചലിലേക്ക് വലിയ തോതില്‍ നുഴഞ്ഞുകയറ്റം നടക്കുന്നതായും ഇത് മേഖലയില്‍ ജനസംഖ്യ അസന്തുലിതാവസ്ഥ ഉണ്ടാക്കിയെന്നും സംസ്ഥാന സര്‍ക്കാറിലെ ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പി കുറ്റപ്പെടുത്തിയിരുന്നു. എ.ഐ.എം.ഐ.എം മുസ്ലിംകള്‍ക്ക് വേണ്ടി മാത്രമല്ല , സീമാഞ്ചലിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് പോരാടുന്നത്. മേഖലയില്‍ വലിയൊരു വിഭാഗം ആദിവാസി, ദലിത് സമൂഹങ്ങള്‍ ജീവിക്കുന്നുണ്ട്. പുതിയ സര്‍ക്കാര്‍ അവഗണിക്കപ്പെട്ട ഈ മേഖലക്കും ശ്രദ്ധകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വികസനം പട്‌ന, രാജ്ഗിര്‍ മേഖലയില്‍ മാത്രം ഒതുങ്ങിപോകരുതെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

നളന്ദ ജില്ലയിലെ പ്രമുഖ ബുദ്ധമത തീര്‍ഥാടന കേന്ദ്രമാണ് രാജ്ഗിര്‍. നിതീഷ് കുമാറിന്റെ മണ്ഡലം കൂടിയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ഫിലിം സിറ്റി ഉള്‍പ്പെടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മണ്ഡലത്തില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇന്‍ഡ്യ സഖ്യത്തിലെ ആര്‍.ജെ.ഡിയെയും ഉവൈസി രൂക്ഷമായി വിമര്‍ശിച്ചു. ബി.ജെ.പിയെ തടഞ്ഞുനിര്‍ത്താമെന്ന് പറഞ്ഞ് മുസ്ലിംകളില്‍നിന്ന് വോട്ടു ചോദിക്കുന്ന ആര്‍.ജെ.ഡിക്ക് അതിനു കഴിയില്ലെന്ന് തെരഞ്ഞെടുപ്പോടെ വ്യക്തമായി. ആര്‍.ജെ.ഡി പുനര്‍വിചിന്തനം നടത്തണമെന്നും ഉവൈസി ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭയില്‍ 72 സീറ്റുണ്ടായിരുന്നു ആര്‍.ജെ.ഡിക്ക് ഇത്തവണ 25 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

പത്താം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രിയും 18 മന്ത്രിമാരും രണ്ട് ഉപമുഖ്യമന്ത്രിമാരും അടങ്ങുന്നതാണ് പുതിയ മന്ത്രിസഭ. ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയുമാണ് ഉപമുഖ്യമന്ത്രിമാര്‍. ഇത് രണ്ടാംതവണയാണ് വിജയ് കുമാര്‍ സിന്‍ഹ ഉപമുഖ്യമന്ത്രിയാകുന്നത്.