ന്യൂഡല്‍ഹി: ഭരണഘടനയുടെ പേരില്‍ ഭരണഘടന ദിനത്തില്‍ വാക് പോരുമായി ഭരണപക്ഷവും പ്രതിപക്ഷവും. ഭരണത്തിലിരുന്നപ്പോള്‍ ഭരണഘടന വാര്‍ഷികം ആഘോഷിക്കാന്‍ പോലും ചിലര്‍ മിനക്കെട്ടില്ലെന്ന് കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒളിയമ്പ് എയ്തപ്പോള്‍ ഭരണഘടനയുടെ സംരക്ഷകനാണ് താനെന്നും ഒരു ആക്രമണവും അനുവദിക്കില്ലെന്നുമാണ് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചത്. കൊളോണിയല്‍ ചിന്താഗതി ഉപേക്ഷിച്ച് ദേശീയയിലേക്ക് ഭരണഘടന വഴികാട്ടുകയാണെന്ന് എഴുപത്തിയാറാം ഭരണഘടനത്തില്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ രണ്ടായിരത്തി പത്തില്‍ ആനപ്പുറത്തേറ്റി ഭരണഘടന ഘോഷയാത്ര നടത്തിയത് ഓര്‍മ്മപ്പെടുത്തിയാണ് അതേ വര്‍ഷം ദേശീയ തലത്തില്‍ കാര്യമായ ഒരു ആഘോഷവും ഉണ്ടായിരുന്നില്ലെന്ന് ഭരണഘടന ദിനത്തിലെഴുതിയ കത്തില്‍ പ്രധാനമന്ത്രി കോണ്‍ഗ്രസിനിട്ട് കുത്തിയത്. ഭരണഘടനയുടെ അറുപതാം വാര്‍ഷിക ദിനത്തില്‍ അന്ന് രാജ്യം ഭരിച്ച പാര്‍ട്ടി ഭരണഘടനാ ആഘോഷത്തിന് വലിയ പ്രാധാന്യം നല്‍കിയില്ല.

ഭരണഘടന ദിനത്തിലെ കത്തിനെ പ്രധാനമന്ത്രി വ്യക്തിപരമാക്കുക കൂടിയാണ് ചെയ്തത്. സമൂഹത്തില്‍ ഏറെ പിന്നാക്കം നിന്ന ഒരു കുടുംബത്തില്‍ നിന്ന് പ്രധാനമന്ത്രി പദം വരെ താനെത്തിയത് ഭരണഘടനയുടെ ശക്തികൊണ്ടാണെന്നും മോദി പറഞ്ഞുവച്ചു. 2014 ല്‍ പാര്‍ലമെന്റില്‍ ആദ്യം എത്തിയപ്പോള്‍ പടിക്കെട്ടിനെ നമിച്ച് കയറിയത്. എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഭരണഘടനയെ ശിരസോട് ചേര്‍ത്ത് വന്ദിച്ചത് ഇതേ കുറിച്ചെല്ലാം കത്തില്‍ മോദി വാചാലനായി.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാധാരണ കുടുംബത്തില്‍ നിന്നുള്ള തന്നെപ്പോലൊരു വ്യക്തിക്ക് 24 വര്‍ഷത്തിലേറെ തുടര്‍ച്ചയായി സര്‍ക്കാര്‍ തലവനായി സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ ഭരണഘടനയുടെ ശക്തിയാണെന്ന് പ്രധാനമന്ത്രി കുറിച്ചു. ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയാണ് ഭരണഘടനയെന്നും എല്ലാ പൗരന്മാരും ഭരണഘടനാപരമായ കടമകള്‍ നിറവേറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കടമകള്‍ പ്രാവര്‍ത്തികമാകുമ്പോഴാണ് അവകാശങ്ങള്‍ രൂപംകൊള്ളുന്നതെന്ന മഹാത്മാഗാന്ധിയുടെ ദര്‍ശനത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. കടമകള്‍ നിറവേറ്റുന്നതാണ് സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയുടെ അടിത്തറയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന് സ്വീകരിക്കുന്ന നയങ്ങളും തീരുമാനങ്ങളും വരും തലമുറകളുടെ ജീവിതത്തെ രൂപപ്പെടുത്തുമെന്ന് അദ്ദേഹം അടിവരയിട്ടു. ഇന്ത്യ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ തങ്ങളുടെ കടമകള്‍ക്ക് പ്രഥമ സ്ഥാനം നല്‍കണമെന്ന് പൗരന്മാരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

'നമ്മുടെ ഭരണഘടന മനുഷ്യന്റെ അന്തസിനും സമത്വത്തിനും സ്വാതന്ത്ര്യത്തിനും അതീവ പ്രാധാന്യം നല്‍കുന്നു. അത് നമുക്ക് അവകാശങ്ങള്‍ നല്‍കുമ്പോള്‍ത്തന്നെ പൗരന്മാര്‍ എന്ന നിലയിലുള്ള കടമകളെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നു. അത് നാം എപ്പോഴും നിറവേറ്റാന്‍ ശ്രമിക്കണം. ഈ കടമകളാണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറ' പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തില്‍ ഭരണഘടനാശില്പികളുടെ കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവും തങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി

എന്നാല്‍ ഭരണഘടനക്ക് നേരെ വലിയ ആക്രമണം നടക്കുകയാണെന്നും അതിനെ ചെറുക്കാന്‍ മുന്നില്‍ നിന്ന് പോരാടുകയാണ് താനെന്നാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത്. അവസരം കിട്ടമ്പോഴെല്ലാം ഭരണഘടനയെ താഴ്തത്തിക്കെട്ടാനും ആക്രമിക്കാനും ശ്രമിച്ചവരാണ് ആര്‍ എസ് എസ് കാരെന്നും, ഭരണഘടന ദിനത്തെ കുറിച്ച് വാചാലരാകാന്‍ ധാര്‍മ്മിക അവകാശമില്ലെന്നും കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ജയറാം രമേശും വിമര്‍ശിച്ചു.

എഴുപത്തിയാറാം ഭരണഘടന ദിനത്തില്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ രാഷ്ട്രപതി ഒന്നൊന്നായി വിശദീകരിച്ചു. കൊളോണില്‍ മാനസികാവസ്ഥയില്‍ നിന്ന് അടുത്ത പത്ത് വര്‍ഷത്തിനിടെ മുക്തി നേടണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ ആ ചിന്താഗതിയില്‍ നിന്ന് ദേശീയതയിലേക്കുള്ള വഴിയാണ് ഭരണഘടന കാട്ടുന്നതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.