ചെന്നൈ: സഖ്യ സാധ്യതകളും റാലികളുമായി തമിഴക വെട്രി കഴകം (ടി.വി.കെ) പ്രവര്‍ത്തനം സജീവമാക്കുന്നതിനിടെ നടന്‍ വിജയ് യുടെ അടുത്ത അനുയായിയും മുന്‍ പി.ആര്‍.ഒയുമായ പി.ഡി സെല്‍വകുമാര്‍ ഡി.എം.കെയില്‍ ചേര്‍ന്നു. 27 വര്‍ഷമായി വിജയ് യുടെ മാനേജറും പി.ആര്‍.ഒയുമായി പ്രവര്‍ത്തിച്ച സെല്‍വ കുമാര്‍ സിനിമാ നിര്‍മാതാവ്, ഡയറക്ടര്‍ എന്നീ നിലയിലും തമിഴ് സിനിമയില്‍ സുപരിചിതനാണ്. വിജയ്യുടെ ഏകാധിപത്യമാണു ടിവികെയിലെന്നും പിതാവ് എസ്.എ.ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ലെന്നും സെല്‍വകുമാര്‍ കുറ്റപ്പെടുത്തി.

ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ഭീഷണിയായി ഉയര്‍ന്നുവന്ന വിജയ് യുടെ ടി.വി.കെയുമായി അടുത്ത ബന്ധമുള്ള സെല്‍വകുമാറിന്റെ കടന്നുവരവിനെ ഡി.എം.കെ വലിയ പ്രാധാന്യത്തോടെയാണ് സ്വാഗതം ചെയ്തത്. ഇദ്ദേഹത്തോടൊപ്പം നൂറിലേറെ പ്രവര്‍ത്തകരും ഡി.എം.കെയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് സെല്‍വ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഡി.എം.കെ അംഗ്വതമെടുത്തത്.

1994ല്‍ വിജയുടെ പിതാവും തമിഴ് സിനിമ സംവിധായകനുമായ എസ്.എ ചന്ദ്രശേഖറിന്റെ സഹായിയായാണ് സെല്‍വകുമാര്‍ ചലച്ചിത്ര ലോകത്തിന്റെ ഭാഗമാവുന്നത്. 2003ല്‍ വിജയ് യുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (പി.ആര്‍.ഒ) ആയി നിയമിതനായി. പുലി, പോക്കിരി രാജ, ജയില്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവും, രണ്ട് സിനിമകളുടെ ഡയറക്ടറും ഏതാനും സിനിമകളില്‍ അഭിനേതാവുമായി വേഷമണിഞ്ഞിട്ടുണ്ട്.

വിജയിനും ടി.വി.കെക്കുമെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടാണ് സെല്‍വകുമാര്‍ ഡി.എം.കെയുടെ ഭാഗമാകുന്നത്. പാര്‍ട്ടിക്കുള്ളില്‍ വിജയ് യുടെയും അദ്ദേഹത്തെ നിയന്ത്രിക്കുന്ന സംഘത്തിന്റെയും ഏകാധിപത്യമാണെന്നും, പിതാവ് എസ്.എ ചന്ദ്ര ശേഖറിന് പോലും വേണ്ട പരിഗണന നല്‍കുന്നില്ലെന്നും, കുടുംബത്തെ വിജയ് യില്‍ നിന്നും അകറ്റി നിര്‍ത്തുകയാണെന്നും സെല്‍വകുമാര്‍ കുറ്റപ്പെടുത്തി.

ഒക്ടോബറില്‍ കരൂരില്‍ നടന്ന റാലിക്കിടെയുണ്ടായ ആള്‍കൂട്ട ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ടി.വി.കെ തിരിച്ചുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് വിജയ് ക്യാമ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി അടുത്ത അനുയായി രാഷ്ട്രീയ എതിരാളികളായ ഡി.എം.കെയില്‍ ചേരുന്നത്. പാര്‍ട്ടിക്കുള്ളിലെ ഭിന്നതയും അനുയായികളുടെ നീരസവും പ്രതിഫലിപ്പിക്കുന്നതാണ് ദീര്‍ഘകാലമായി അടുത്ത് പ്രവര്‍ത്തിച്ച സെല്‍വുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കൂടുമാറ്റം.

അതിനിടെ, തെരഞ്ഞെടുപ്പ് സഖ്യ ചര്‍ച്ചകള്‍ സജീവമാക്കാന്‍ ടി.വി.കെ തീരുമാനിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ വിജയ് യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്നാണ് പാര്‍ട്ടി നേതൃയോഗ തീരുമാനം. സഖ്യചര്‍ച്ചകള്‍ക്കായി സമിതിയെയും നിയോഗിച്ചു. പ്രചാരണങ്ങളുടെ ഭാഗമായി വജയ് യുടെ നേതൃത്വത്തില്‍ സംസ്ഥാന പര്യടനം തുടരും.

16 ന് ഈറോഡ് പൊതുയോഗം നടത്താനാണ് ടിവികെ നീക്കം. ആദ്യം അപേക്ഷ നല്‍കിയ സ്ഥലത്ത് പൊലീസ് അനുമതി നല്‍കിയില്ല. മറ്റൊരിടം കണ്ടെത്തി അറിയിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മറ്റൊരു സ്ഥലം കണ്ടെത്തി അപേക്ഷ നല്‍കിയിട്ടുണ്ട്.

നേതൃത്വത്തെ പിന്തുണക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടികളെ സഖ്യത്തിന് വേണ്ടിയും ടിവികെ ക്ഷണിച്ചിട്ടുണ്ട്. അഴിമതി ആരോപണത്തില്‍ മുങ്ങി നില്‍ക്കുന്ന ഡിഎംകെ സര്‍ക്കാരിനെ താഴെ ഇറക്കി പുതിയ തമിഴ്നാടിനെ നിര്‍മിക്കുമെന്നാണ് ടിവികെയുടെ അവകാശവാദം. ടിവികെയുടെ സംസ്ഥാന അഡ്മിനിസ്ട്രേറ്റര്‍മാരും ജില്ലാ സെക്രട്ടറിമാരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് നാല് പ്രമേയങ്ങള്‍ പാസാക്കിയത്. തെരഞ്ഞെടുപ്പ് സഖ്യത്തിനായുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടി പ്രത്യേക കമ്മിറ്റിയെയും പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ചുമതലകളും വിജയ് തന്നെ തീരുമാനിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.

'ഇരുട്ടിന്റെ കാലഘട്ടത്തില്‍ നിന്നും തമിഴ്നാടിനെ രക്ഷിച്ച് ജനങ്ങള്‍ക്ക് ക്ഷേമമുണ്ടാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഈ ലക്ഷ്യത്തിന് വേണ്ടി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ തയ്യാറാക്കാന്‍ പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ എല്ലാ ചുമതലകളും വിജയ് തീരുമാനിക്കും', പാര്‍ട്ടി യോഗത്തില്‍ തീരുമാനിച്ചു. രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന പ്രചരണങ്ങള്‍ക്ക് കനത്ത പ്രചാരണം നടത്താനാണ് ടിവികെയുടെ തീരുമാനം. യോഗത്തില്‍ ഏകകണ്ഠമായാണ് പ്രമേയങ്ങള്‍ പാസാക്കിയത്.