- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാക്ക് സൈന്യം ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ വെടിവച്ചിട്ടു; ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ദിനം ഇന്ത്യ കനത്ത പരാജയം നേരിട്ടു'; പരാമര്‍ശം വിവാദമായിട്ടും ക്ഷമ പറയില്ലെന്ന് പൃഥ്വിരാജ് ചവാന്‍; സൈന്യത്തെ അപമാനിക്കുന്നത് കോണ്‍ഗ്രസിന്റെ മുഖമുദ്രയെന്ന് ബിജെപി
മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതായും ഇന്ത്യന്‍ വ്യോമസേന പൂര്‍ണമായും സ്തംഭിച്ചുപോയതായും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പൃഥ്വിരാജ് ചവാന്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. സൈന്യത്തെ അപമാനിക്കുന്നത് കോണ്‍ഗ്രസിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നുവെന്ന് ബിജെപി കുറ്റപ്പെടുത്തി. എന്നാല്‍ പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്നാണു പൃഥ്വിരാജ് ചവാന്റെ പ്രതികരണം. ക്ഷമിക്കണം എന്ന് താന്‍ പറയില്ല. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, ക്ഷമ ചോദിക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
''ഇപ്പോള്‍ കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞാന്‍ ക്ഷമ പറയില്ല, ആവശ്യമില്ല. ഞാന്‍ തെറ്റായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല'' പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യം നേടിയ വന്‍ വിജയത്തിനു പിന്നില്‍ വോട്ടിങ് യന്ത്രങ്ങളില്‍ നടത്തിയ കൃത്യമായ അട്ടിമറിയാണെന്ന ആരോപണവുമായാണ് ചവാന്‍ രംഗത്തെത്തിയത്.
പൂനെയിലെ ഒരു ചടങ്ങിനിടെയായിരുന്നു ചവാന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യദിനം തന്നെ പാക് സൈന്യം ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും തുടര്‍ന്ന് വ്യോമസേന സ്തംഭനാവസ്ഥയിലായെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. യുദ്ധത്തില്‍ നഷ്ടങ്ങള്‍ സാധാരണമാണ്. പക്ഷേ സര്‍ക്കാര്‍ ചില വസ്തുതകള്‍ മറച്ചുവയ്ക്കുകയാണ്. സത്യം പുറത്തുവരുന്നത് സര്‍ക്കാര്‍ തടയുകയാണെന്ന് പൃഥ്വിരാജ് ചവാന്‍ പറഞ്ഞിരുന്നു.
ബിജെപിയുടെ വിജയരഹസ്യം തേടിയുള്ള അന്വേഷണം തുടരുമെന്നും വോട്ടിങ് യന്ത്രങ്ങളുടെ സുതാര്യതയില്‍ വലിയ സംശയങ്ങളുണ്ടെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. ചവാന്റെ പരാമര്‍ശത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
ചവാന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി.'സൈന്യത്തെ അപമാനിക്കുന്നത് കോണ്‍ഗ്രസിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ഇത് ചവാന്റെ പ്രസ്താവന മാത്രമല്ല. രാഹുല്‍ ഗാന്ധിയും സമാനമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ഇതെല്ലാം രാഹുലിന്റെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസോ അദ്ദേഹമോ അത്തരം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തത്. ഈ പ്രസ്താവനകള്‍ അവരുടെ സൈനിക വിരുദ്ധ മനോഭാവത്തെയാണ് വെളിപ്പെടുത്തുന്നത്'-ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല വിമര്‍ശിച്ചു.
ഇതിനിടെ ചവാന്റെ പരാമര്‍ശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തള്ളുകയും ചെയ്തു. പരാമര്‍ശത്തിന്റെ ഉറവിടം പൃഥ്വിരാജിന് മാത്രമേ വെളിപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ നമ്മള്‍ ഇന്ത്യന്‍ സേനയില്‍ അഭിമാനം കൊള്ളുന്നു. ഭീകരതയ്ക്കും പാകിസ്ഥാനുമെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് എന്നും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുവെന്നും ജാര്‍ഖണ്ഡ് ലോക്സഭാ എംപി സുഖ്ദിയോ ഭഗത് വ്യക്തമാക്കി.




