ഛണ്ഡീഗഡ്: ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിയുടെ രണ്ട് കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് കൂറുമാറിയതോടെ നാടകീയ നീക്കങ്ങള്‍. ഭരണകക്ഷിയായ എഎപി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ബിജെപിക്കും നിലവില്‍ 18 അംഗങ്ങളുടെ പിന്തുണയായി. ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോര്‍പറേഷന്‍ ഭരണം ബിജെപി പിടിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അതേസമയം കൗണ്‍സിലര്‍മാരുടെ കൂറുമാറ്റത്തിന് പിന്നില്‍ കുതിരക്കച്ചവടം ആരോപിച്ച് എഎപി രംഗത്ത് വന്നു.

ഛണ്ഡീഗഡ് കോര്‍പറേഷന്‍ 35 അംഗങ്ങളാണ് ആകെയുള്ളത്. മേയര്‍ തെരഞ്ഞെടുപ്പില്‍ സ്ഥലം എംപിക്കും വോട്ടുണ്ട്. എഎപി കൗണ്‍സിലര്‍മാരായ പൂനം (വാര്‍ഡ് 16), സുമന്‍ ശര്‍മ്മ (വാര്‍ഡ് 4) എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ കൗണ്‍സിലില്‍ 18 പേര്‍ ബിജെപിക്കൊപ്പമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളില്‍ ആകൃഷ്ടരായാണ് തങ്ങള്‍ പാര്‍ട്ടി മാറിയതെന്നാണ് കൂറുമാറിയ കൗണ്‍സിലര്‍മാരുടെ വാദം. അതേസമയം എഎപി-കോണ്‍ഗ്രസ് സഖ്യത്തിനും 18 അംഗങ്ങളുണ്ട്. എഎപിക്ക് 11 കൗണ്‍സിലര്‍മാരും കോണ്‍ഗ്രസിന് ആറ് കൗണ്‍സിലര്‍മാരും ഒപ്പം കോണ്‍ഗ്രസ് എംപിയുടെ വോട്ടും മേയര്‍ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് അനുകൂലമാണ്.

എന്നാല്‍ അംഗബലം തുല്യമായിരിക്കെ, മേയര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ഇനിയും കൂറുമാറ്റമുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ബിജെപി പണം നല്‍കി കൗണ്‍സിലര്‍മാരെ വിലയ്‌ക്കെടുക്കുകയാണെന്ന് എഎപി ചണ്ഡീഗഢ് അധ്യക്ഷന്‍ വിജയ് പാല്‍ സിംഗ് ആരോപിച്ചു. കൗണ്‍സിലര്‍മാരെ സംരക്ഷിക്കുന്നതില്‍ എഎപി പരാജയപ്പെട്ടുവെന്ന് ചണ്ഡീഗഢ് കോണ്‍ഗ്രസ് അധ്യക്ഷന്‍ എച്ച്.എസ്. ലക്കി കുറ്റപ്പെടുത്തി.

കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളും സുപ്രീം കോടതി ഇടപെടലും ദേശീയ ശ്രദ്ധ നേടിയിരുന്നു. അന്ന് രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ കൈകള്‍ ഉയര്‍ത്തി പരസ്യമായി വോട്ട് രേഖപ്പെടുത്തുന്ന രീതിയാണ് അവലംബിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഇരുപക്ഷത്തിനും നിര്‍ണായകമാണ്.