ന്യൂഡല്‍ഹി: 'ഓപ്പറേഷന്‍ സിന്ദൂര്‍' ഓരോ ഇന്ത്യക്കാരന്റെയും അഭിമാനത്തിന്റെ പ്രതീകമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നത്തെ ഭാരതം സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ലോകം വ്യക്തമായി കണ്ടു. ഇന്ത്യയുടെ ശക്തി ലോകത്തിനു ബോധ്യപ്പെട്ടു. 'ഓപ്പറേഷന്‍ സിന്ദൂര്‍' വേളയില്‍ ലോകത്തിന്റെ എല്ലാ കോണുകളില്‍നിന്നും ഭാരതമാതാവിനോടുള്ള സ്‌നേഹത്തിന്റെ ചിത്രങ്ങള്‍ ഉയര്‍ന്നുവന്നു. ''വന്ദേമാതരം'' 150 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോഴും ഇതേ വികാരം പ്രകടമായിരുന്നു.പുതിയ പ്രതീക്ഷകളോടും പുതിയ ദൃഢനിശ്ചയത്തോടും കൂടി മുന്നോട്ട് പോകാന്‍ ഇന്ത്യ തയ്യാറാണ്. ഈ വര്‍ഷം രാജ്യത്തിന് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ചതായി പ്രധാനമന്ത്രി മാന്‍ കീ ബാത്തില്‍ പറഞ്ഞു.

ദേശീയ സുരക്ഷ മുതല്‍ കായിക മേഖല വരെ, ശാസ്ത്ര ലബോറട്ടറികള്‍ മുതല്‍ ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോമുകള്‍ വരെ, എല്ലായിടത്തും ഇന്ത്യ ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ചെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പില്‍ നിരവധി മെഡലുകള്‍ നേടി, ഒരു തടസത്തിനും ധൈര്യത്തെ തടയാന്‍ കഴിയില്ലെന്ന് പാരാ അത്ലറ്റുകള്‍ തെളിയിച്ചു. നിരവധി മെഡലുകള്‍ നേടി. നമ്മുടെ പെണ്‍മക്കള്‍ വനിതാ ബ്ലൈന്‍ഡ് ടി20 ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു. ഏഷ്യാ കപ്പ് ടി20യിലും ത്രിവര്‍ണ്ണ പതാക അഭിമാനത്തോടെ പറന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ശാസ്ത്രത്തിലും ബഹിരാകാശത്തും ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായിശുഭാംശു ശുക്ല മാറിയെന്ന് അദേഹം പറഞ്ഞു. 2025 ഇന്ത്യയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു. അതേസമയം നിരവധി പ്രകൃതി ദുരന്തങ്ങള്‍ക്കും 2025 സാക്ഷിയായെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ അവരുടെ മക്കളെ ഇന്ത്യയിലെ ഭാഷകള്‍ പഠിപ്പിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തുന്നു. അതിനുവേണ്ടി നിരവധി പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നു. ദുബായിലെയും ഫിജിയിലെയും ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നു പ്രധാനമനമന്ത്രിയുടെ പരാമര്‍ശം.

കഴിഞ്ഞ മാസം, ഫിജിയിലെ റാകിരാകി മേഖലയില്‍, ഒരു സ്‌കൂള്‍ ആദ്യമായി തമിഴ് ദിനം ആഘോഷിച്ചു. കുട്ടികള്‍ക്ക് അവരുടെ ഭാഷയിലുള്ള അഭിമാനം പ്രകടിപ്പിക്കാന്‍ ഒരു വേദി ഒരുക്കി. അവര്‍ കവിതകള്‍ ചൊല്ലി, തമിഴില്‍ പ്രസംഗിച്ചു, പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ വേദിയില്‍ അവരുടെ സംസ്‌കാരം പ്രദര്‍ശിപ്പിച്ചു. തമിഴ് ഭാഷയുടെ സംരക്ഷണത്തിനായി രാജ്യത്ത് തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. നാളുകള്‍ക്ക് മുമ്പ്, തന്റെ പാര്‍ലമെന്ററി മണ്ഡലമായ കാശിയില്‍ നാലാമത്തെ 'കാശി തമിഴ് സംഘം' സംഘടിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണവും വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി സംരംഭങ്ങളും 2025 ല്‍ ആരംഭിച്ചു. ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം ഇപ്പോള്‍ 30 കവിഞ്ഞു. 2025 ല്‍ വിശ്വാസം, സംസ്‌കാരം, ഇന്ത്യയുടെ തനതായ പൈതൃകം എന്നിവയെല്ലാം ഒന്നിച്ചുചേര്‍ന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. വര്‍ഷാരംഭത്തില്‍ പ്രയാഗ്രാജ് മഹാകുംഭ് സംഘടിപ്പിച്ചത് ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തി. വര്‍ഷാവസാനം, അയോധ്യയിലെ രാമക്ഷേത്രത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് ഓരോ ഇന്ത്യക്കാരനെയും അഭിമാനഭരിതരാക്കി.

സ്വദേശി ഉത്പന്നങ്ങളെക്കുറിച്ച് സംസാരിക്കവെ തദ്ദേശീയ ഉല്‍പ്പന്നങ്ങളോട് ജനങ്ങള്‍ വലിയ ആവേശം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യക്കാരുടെ കഠിനാധ്വാനം കൊണ്ട് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ആളുകള്‍ വാങ്ങുന്നത്. ഇന്ന് 2025 ഇന്ത്യയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്ന് നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഭാഷയുടെ അതിരുകളില്ലാതെ

22 ഇന്ത്യന്‍ ഭാഷകളിലും 29 പ്രാദേശിക ഭാഷകളിലും 11 വിദേശ ഭാഷകളിലുമാണ് മന്‍ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യന്‍, ടിബറ്റന്‍, ബര്‍മീസ്, ബലൂചി, അറബിക്, പാഷ്ടോ, പേര്‍ഷ്യന്‍, ദാരി, സ്വാഹിലി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 500-ലധികം ഓള്‍ ഇന്ത്യ റേഡിയോ പ്രക്ഷേപണ കേന്ദ്രങ്ങളില്‍ നിന്നാണ് മന്‍ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നത്.