ഹൈദരാബാദ്: വിമര്‍ശകരുടെ നാവ് അരിയുമെന്ന വിവാദ പരാമര്‍ശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെയും മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെയും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് ഭീഷണിയുമായി രേവന്ത് റെഡ്ഡിയുടെ പ്രതികരണം. തെലങ്കാനയോടുള്ള പ്രതിബദ്ധത ചോദ്യം ചെയ്യുന്നവരുടെ നാവരിയുമെന്നാണ് രേവന്ത് റെഡ്ഡി പറഞ്ഞത്. രേവന്ത് റെഡ്ഡിയുടെ അതിരുവിട്ട പ്രസംഗത്തിനിടെ പ്രതിപക്ഷം അടക്കം രംഗത്തുവന്നു.

കെ. ചന്ദ്രശേഖര റാവു ഞങ്ങളെ തൊലിയുരിക്കുമെന്ന് പറഞ്ഞു. ഞങ്ങള്‍ അവരെ തൊലിയുരിക്കുക മാത്രമല്ല, നാവ് അരിഞ്ഞെടുക്കുകയും ചെയ്യും. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും സംസാരിക്കുകയും വിമര്‍ശിക്കുകയും ചെയ്യും, പക്ഷേ ഞങ്ങളുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്താല്‍ നിങ്ങളുടെ നാവ് അരിയും -രേവന്ത് റെഡ്ഡി പറഞ്ഞു. നിങ്ങള്‍ക്ക് ഇത് രേഖകളില്‍നിന്ന് നീക്കം ചെയ്യാം, പക്ഷേ ജനങ്ങളുടെ മനസ്സില്‍ രേഖപ്പെടുത്താന്‍ വേണ്ടിയാണ് ഈ പ്രസ്താവന ഔദ്യോഗികമായി നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പത്ത് വര്‍ഷത്തില്‍ നിങ്ങള്‍ ഒന്നും ചെയ്തില്ല. പക്ഷേ കഴിഞ്ഞ രണ്ട് വര്‍ഷമായി വെള്ളം എത്തിക്കാനുള്ള അനുമതിക്ക് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്തിനാണ് നിങ്ങള്‍ ഞങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുന്നത്? -രേവന്ത് റെഡ്ഡി പറഞ്ഞു.

മുതിര്‍ന്ന ബി.ആര്‍.എസ് നേതാക്കളായ കെ.ടി. രാമറാവു, ടി. ഹരീഷ് റാവു എന്നിവര്‍ക്കെതിരെ സഭയില്‍ വെച്ച് മോശം ഭാഷ ഉപയോഗിച്ചതിലൂടെ രേവന്ത് റെഡ്ഡി എല്ലാ ജനാധിപത്യ പരിധികളും ലംഘിച്ചു എന്ന് ബി.ജെ.പി വിമര്‍ശിച്ചു. ഇത് നിരാശ, ധാര്‍ഷ്ട്യം, അസഹിഷ്ണുത എന്നിവയാണ് കാണിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. അതിന് അന്തസ്സും ജനാധിപത്യ മൂല്യങ്ങളും ഇല്ലെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

രേവന്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ ബി.ആര്‍.എസ് നേതാവ് ദാസോജു ശ്രാവണ്‍ കുമാര്‍, വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടണമെന്നും ആവശ്യപ്പെട്ടു. പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ രാഹുല്‍ ഗാന്ധിയോട് ഞാന്‍ ചോദിക്കുന്നു, തെലങ്കാനയ്ക്ക് നിങ്ങള്‍ എങ്ങനെയുള്ള മുഖ്യമന്ത്രിയെയാണ് നല്‍കിയത്? അദ്ദേഹം ഒരു മുഖ്യമന്ത്രിയാണോ അതോ വിലകുറഞ്ഞ മന്ത്രിയാണോ? നിയമസഭ ഒരു വലിയ തമാശ ആയി ചുരുക്കപ്പെട്ടു. ഇത്തരമൊരു മനോരോഗിയായ മുഖ്യമന്ത്രി ഇപ്പോള്‍ നിയമസഭയില്‍ തന്റെ സഹ എം.എല്‍.എമാരെ അധിക്ഷേപിക്കുകയാണെന്നും ദാസോജു ശ്രാവണ്‍ പറഞ്ഞു.