- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാളി മക്കള്‍ കക്ഷിയും എന്‍ഡിഎയില്‍; ഡിഎംകെയെ അധികാരത്തില്‍ നിന്നകറ്റുക ലക്ഷ്യമെന്ന് ഇപിഎസും അന്‍പുമണിയും; വടക്കന്‍ തമിഴ്നാട്ടില്‍ വോട്ടുബാങ്കിനെ സ്വാധീനിക്കാനാകുമെന്ന് രാഷ്ട്രീയ വിദഗ്ദ്ധര്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ നടക്കവെ ബിജെപി-എഐഎഡിഎംകെ സഖ്യത്തില്‍ ചേരാന്‍ പട്ടാളി മക്കള്‍ കക്ഷി ( പിഎംകെ) യുടെ തീരുമാനം. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമിയുടെ ചെന്നൈയിലെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, പിഎംകെ പ്രസിഡന്റ് ഡോ. അന്‍പുമണി രാംദാസും എടപ്പാടി പളനിസാമിയും സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് തീരുമാനം അറിയിച്ചത്.
പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതാക്കളുടേയും ആഗ്രഹപ്രകാരമാണ് ഇരു പാര്‍ട്ടികളും സഖ്യത്തിലേര്‍പ്പെടുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഇതൊരു വിജയസഖ്യമാണ്. ജനവിരുദ്ധ ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ രൂപീകരിക്കുകയും സഖ്യം ലക്ഷ്യമിടുന്നുവെന്ന് എടപ്പാടി പളനിസാമി പറഞ്ഞു.
തമിഴ്നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ രാഷ്ട്രീയ കക്ഷികള്‍ സജീവ സഖ്യ ചര്‍ച്ചകളിലാണ്. കോണ്‍ഗ്രസ്, വിടുതലൈ ചിരുതൈഗള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തുടങ്ങിയവ ഡിഎംകെയുമായി സഖ്യത്തിലാണ്. പുതിയ ചില കക്ഷികള്‍ കൂടി വരും മാസങ്ങളില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്നാണ് കരുതുന്നത്.
അധികാര പങ്കാളിത്തമെന്ന മുദ്രാവാക്യം കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ടെങ്കിലും ഡിഎംകെയില്‍ അത് വലിയ പ്രതിഫലനമൊന്നുമുണ്ടാക്കില്ല. അതേസമയം എഐഎഡിഎംകെയെ സംബന്ധിച്ചിടത്തോളം ബിജെപിയല്ലാതെ ഇതുവരെ മറ്റ് കക്ഷികളൊന്നും സഖ്യത്തിനെത്തിയിട്ടില്ല. വിജയിന്റെ നേതൃത്വത്തിലുള്ള ടിഡബ്ല്യൂകെയെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബിജെപിയും എഐഎഡിഎംകെയും പഠിച്ച പണി പതിനെട്ടും നടത്തുകയാണ്. എന്നാല്‍ അവര്‍ ഇതിന് വഴിപ്പെടുന്നില്ല.
ഒ പനീര്‍സെല്‍വവും സെങ്കോട്ടയനും എഐഎഡിഎംകെയില്‍ നിന്ന് വിട്ടു പോയതോടെ പാര്‍ട്ടിക്ക് ദക്ഷിണ-കൊങ്കു മേഖലകളില്‍ വന്‍തോതില്‍ വോട്ട് നഷ്ടപ്പെട്ടിട്ടുണ്ട്. വടക്കന്‍ തമിഴ്നാട്ടില്‍ നല്ല സ്വാധീനമുള്ള പിഎംകെയുമായി സഖ്യത്തിന് ബിജെപി നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അന്‍പുമണി, രാംദാസ് പിളര്‍പ്പിന് ശേഷം പിഎംകെയെ കൂട്ടിയിണക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല.
പിഎംകെ അധ്യക്ഷന്‍ അന്‍പുമണി രാംദാസും അദ്ദേഹത്തിന്റെ അനുയായികളും എഐഎിഎംകെ ജനറല്‍ സെക്രട്ടി എടപ്പാടി പളനിസ്വാമിയുടെ ചെന്നൈയിലെ ഗ്രീന്‍ വെയ്സ് റോഡിലുള്ള വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. മുന്‍മന്ത്രിമാരായ ജയകുമാര്‍, സി വി ഷണ്‍മുഖം തുടങ്ങിയവരും യോഗത്തിനെത്തിയിരുന്നു.
അരമണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം എടപ്പാടി പളനി സ്വാമിയും അന്‍പുമണി രാംദാസും ഒരു സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി. 2026 നിയമസഭതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ-പിഎംകെ സഖ്യമുണ്ടാകുമന്ന് എടപ്പാടി പളനി സ്വാമി അറിയിച്ചു. ഞങ്ങളുടെ സഖ്യം തെരഞ്ഞെടുപ്പില്‍ വിജയിക്കും. ഡിഎംകെ സര്‍ക്കാരിനെ തറപറ്റിക്കണമെന്ന ഏക ലക്ഷ്യമാണ് തങ്ങള്‍ക്കെന്നും അദ്ദേഹം പറഞ്ഞു. പരമാവധി സീറ്റുകള്‍ നേടി തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എഐഎഡിഎംകെ-പിഎംകെ-ബിജെപി സഖ്യം തേനീച്ചകളെ പോലെ സജീവമായി പ്രവര്‍ത്തിക്കും. സീറ്റ് വിഭജന കാര്യങ്ങളും ചര്‍ച്ച ചെയ്തു. അക്കാര്യം വൈകാതെ പ്രഖ്യാപിക്കും. എഐഎഡിഎംകെ-പിഎംകെ സഖ്യം ഒരു സ്വഭാവിക സഖ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎംകെ എഐഎഡിഎംകെ സഖ്യത്തിലേക്ക് വന്നത് തീര്‍ച്ചയായും സന്തോഷകരമായ ഒരു നിമിഷമാണെന്ന് അന്‍പുമണി രാംദാസും പ്രതികരിച്ചു. ഞങ്ങള്‍ കരുത്തുള്ള ഒരു സഖ്യമായി മാറും. ഡിഎംകെ സര്‍ക്കാരിനെ തറപറ്റിക്കുക മാത്രമാണ് തങ്ങളുടെ ഏക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




