മുംബൈ: എന്‍സിപിയിലെ ഇരു വിഭാഗങ്ങളിലെയും പ്രവര്‍ത്തകര്‍ ഒന്നിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പവാര്‍ കുടുംബത്തിനുള്ളിലെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കപ്പെട്ടതായും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ അജിത് പവാര്‍. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അജിത് പവാറിന്റെ പരാമര്‍ശം. ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ ഒന്നിക്കാന്‍ ആഗ്രഹിക്കുന്നു. രണ്ട് എന്‍സിപികളും ഇപ്പോള്‍ ഒന്നിച്ചാണ്. ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അസ്വാരസ്യങ്ങളും അവസാനിച്ചുവെന്നായിരുന്നു അജിത് പവാര്‍ പറഞ്ഞത്. സഖ്യം സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ചെങ്കിലും മന്ത്രിയായി ചുമതലയേല്‍ക്കുമെന്നുമുള്ള വാര്‍ത്തകള്‍ സുപ്രിയ സുലെ തള്ളി

ശരദ് പവാര്‍ സ്ഥാപിച്ച എന്‍സിപിയെ രണ്ട് വര്‍ഷം മുന്‍പാണ് അദ്ദേഹത്തിന്റെ അനന്തരവന്‍ അജിത് പവാര്‍ പിളര്‍ത്തിയത്. തുടര്‍ന്ന് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം എന്‍ഡിഎയില്‍ ചേരുകയും അദ്ദേഹം മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയാവുകയുമായിരുന്നു. അജിത് പവാര്‍ പക്ഷത്തിനു പാര്‍ട്ടിയുടെ പേരും ക്ലോക്ക് ചിഹ്നവും ലഭിച്ചപ്പോള്‍, ശരദ് പവാര്‍ വിഭാഗം എന്‍സിപി (ശരദ്ചന്ദ്ര പവാര്‍) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിക്കാനാണ് ഇരു എന്‍സിപികളുടെയും തീരുമാനം. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് പിംപ്രി-ചിഞ്ച്വാഡ് തിരഞ്ഞെടുപ്പില്‍ ഇരു എന്‍സിപികളും ഒന്നിച്ചതെന്ന് ശരദ് പവാറിന്റെ മകളും അജിത് പവാറിന്റെ സഹോദരിയുമായ സുപ്രിയ സുലെ എംപി പറഞ്ഞു. അജിത് പവാറുമായുള്ള ഈ സഖ്യം തുടരുമോ എന്ന കാര്യത്തില്‍ ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും സുപ്രിയ പറഞ്ഞു.

അതേസമയം എന്‍സിപി (ശരദ് പവാര്‍) വിഭാഗം മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേരുമെന്നും താന്‍ മന്ത്രിയായി ചുമതലയേല്‍ക്കുമെന്നുമുള്ള വാര്‍ത്തകള്‍ സുപ്രിയ സുലെ തള്ളി. അത്തരം കിംവദന്തികളില്‍ സന്തോഷിക്കുന്നവര്‍ അത് പറഞ്ഞു കൊണ്ടിരിക്കട്ടെയെന്നായിരുന്നു സുപ്രിയ സുലെയുടെ മറുപടി.