ബെംഗളൂരു: കോണ്‍ഗ്രസില്‍ അധികാര കൈമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക സര്‍ക്കാരില്‍ നേതൃമാറ്റം സംബന്ധിച്ച യാതൊരു ചര്‍ച്ചകളും നടക്കുന്നില്ലെന്നും മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. താനും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. വരാനിരിക്കുന്ന മാര്‍ച്ച് മാസത്തില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത് താന്‍ തന്നെയായിരിക്കുമെന്നും സിദ്ധരാമയ്യ ഉറപ്പിച്ചു പറഞ്ഞു.

ചില എം എല്‍ എമാര്‍ നടത്തുന്ന പ്രസ്താവനകള്‍ കാര്യങ്ങള്‍ അറിയാതെയാണെന്നും അവ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. ഭരണരംഗത്ത് യാതൊരു പ്രതിസന്ധിയുമില്ലെന്നും ഭരണഘടനാനുസൃതമായ കാര്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സിദ്ധരാമയ്യ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡി കെ ശിവകുമാര്‍ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി. നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തില്‍ ഡി കെ പിന്നോട്ടില്ലെന്ന സൂചനയാണോ ഇതെന്ന ചര്‍ച്ച രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമായിട്ടുണ്ട്.

നവംബര്‍ 20ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയത് മുതല്‍ അധികാര കൈമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 2023ല്‍ സര്‍ക്കാര്‍ രൂപവത്കരണ സമയത്ത് സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ നടന്ന അനൗചാരിക കരാര്‍ പ്രകാരം അധികാര പങ്കിടല്‍ കരാറിനെ തുടര്‍ന്നാണ് സിദ്ധാരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റത്.

ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന മുഖ്യമന്ത്രി എന്ന റെക്കോഡ് അടുത്തിടെ സ്വന്തമാക്കിയ സിദ്ധരാമയ്യ അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുമെന്നും അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും പറഞ്ഞിരുന്നു. കഠിനാധ്വാനമാണ് രാഷ്ട്രീയത്തില്‍ ഇത്രയും ദൂരം സഞ്ചരിക്കാന്‍ പ്രാപ്തനാക്കിയതെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവി തീരുമാനത്തില്‍ ആത്മവിശ്വാസമുണ്ടെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

ശിവകുമാറിന്റെ വിശ്വസ്തരായി കണക്കാക്കപ്പെടുന്ന നിരവധി കോണ്‍ഗ്രസ് എം.എല്‍.എമാരും ഡല്‍ഹി സന്ദര്‍ശിച്ച് നേതൃമാറ്റം വേണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടകയില്‍ നേതൃത്വ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലും സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിനായി സിദ്ധരാമയ്യയും ശിവകുമാറും പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുകയും പ്രഭാതഭക്ഷണ യോഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

പുറത്തുള്ളവരേക്കാള്‍, സ്വന്തം സമുദായത്തില്‍ നിന്നുള്ള ചിലര്‍ അസൂയ കൊണ്ടാണ് തന്നെ വിമര്‍ശിക്കുന്നതെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. അവര്‍ പിന്നില്‍ നിന്ന് കുത്തുകയാണ്. രാഷ്ട്രീയത്തില്‍ ഇതെല്ലാം സ്വാഭാവികമാണ്. നമ്മള്‍ സത്യസന്ധരായിരിക്കണം. കേന്ദ്രമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സത്യസന്ധമായി പ്രവര്‍ത്തിച്ചിരുന്നു. എങ്കിലും കുമാരസ്വാമി എന്നെ പിന്നില്‍ നിന്ന് കുത്തി. എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്റെ മനഃസാക്ഷിയെ തൃപ്തിപ്പെടുത്തിയാല്‍ മതി -ഡി.കെ. ശിവകുമാര്‍ പറഞ്ഞു.