ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഡിഎംകെയുമായി തര്‍ക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കോണ്‍ഗ്രസ് നേതൃത്വം. സഖ്യം സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. സെല്‍വപെരുന്തഗൈ, ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിരാകരിക്കുകയും ചെയ്തു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലാണ് തങ്ങളെന്നും കെ.എ സെല്‍വപെരുന്തഗൈ പറഞ്ഞു. മണ്ഡലങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഉള്‍പ്പടെ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ ചോദിക്കുന്ന സീറ്റുകള്‍ ഉറപ്പായും ഡി.എം.കെ നല്‍കും. അതില്‍ ഒരു സംശയവും ഉണ്ടാവില്ല. സഖ്യചര്‍ച്ചകള്‍ നടത്തി തീരുമാനങ്ങള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംകെയുമായുള്ള സഖ്യം പുനഃപരിശോധിക്കണമെന്ന് തമിഴ്നാട് കോണ്‍ഗ്രസിലെ ഒരുകൂട്ടം നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം. നടന്‍ വിജയ് അധ്യക്ഷനായ ടിവികെയുമായി കോണ്‍ഗ്രസ് സഖ്യം ചേരണമെന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാല്‍, തമിഴ്നാട് തിരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.എസ്. സിങ് ദിയോ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഡിഎംകെയുമായുള്ള സഖ്യത്തില്‍ തന്നെ തുടരണമെന്ന അഭിപ്രായക്കാരാണ്.

2026 ഏപ്രിലില്‍ തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 234 അംഗ നിയമസഭയില്‍ ഡി.എം.കെ 133 സീറ്റുകളിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് 18 സീറ്റുകളില്‍ ജയിച്ചപ്പോള്‍ പി.എം.കെക്ക് അഞ്ച് സീറ്റും വി.സി.കെക്ക് നാലും മറ്റുള്ളവര്‍ക്ക് എട്ട് സീറ്റുകളുമുണ്ട്. ഇക്കുറി നടന്‍ വിജയിയുടെ നേതൃത്വത്തിലുള്ള ടി.വി.കെയും മത്സര രംഗത്തുണ്ട്. ഇത് ഡി.എം.കെയേയും അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തേയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.

അതേസമയം, ഇക്കുറി നിയമസഭയില്‍ 200 സീറ്റുകള്‍ നേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. പാര്‍ട്ടി യുവജന വിഭാഗത്തിന്റെ മീറ്റിങ്ങിനിടെയാണ് 200 സീറ്റുകള്‍ നേടുകയാണ് ലക്ഷ്യമെന്നും അതിനായി പ്രവര്‍ത്തകര്‍ അഹോരാത്രം പണിയെടുക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടത്. നേരത്തെ ടി.വി.കെയുമായി സഖ്യമുണ്ടാക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.