- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം വേഷധാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന അസം മുഖ്യമന്ത്രി; ഹിമന്ത ബിശ്വ ശര്‍മയുടെ വിവാദ വീഡിയോയില്‍ നടപടിയുമായി ബിജെപി; സോഷ്യല്‍ മീഡിയ കോ കണ്‍വീനറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ദിസ്പുര്‍: മുസ്ലിം വേഷധാരികള്‍ക്ക് നേരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രതീകാത്മകമായി വെടിയുതിര്‍ത്തുന്നതിന്റെ എ ഐ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും വിമര്‍ശനം ഉയരുകയും ചെയ്തതോടെ നടപടിയുമായി ബിജെപി നേതൃത്വം. അസം ബിജെപി സോഷ്യല്‍ മീഡിയ കോ കണ്‍വീനര്‍ റോണ്‍ വികാഷ് ഗൗരവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിവാദമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ഇയാളായിരുന്നു. സംഭവത്തില്‍ പരാതിയുമായി നിരവധി സംഘടനകളും ആളുകളും രംഗത്തെത്തിയിരുന്നു. വിഷയം സുപ്രീംകോടതിയില്‍ വരെ എത്തിയിരുന്നു. ഇതോടെയാണ് നടപടിക്ക് അസം ബിജെപി തയ്യാറായത്.
കഴിഞ്ഞ ദിവസം അസം ബിജെപിയുടെ ഔദ്യേഗിക എക്സ് അക്കൗണ്ടിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ന്യൂനപക്ഷങ്ങളായി തിരിച്ചറിഞ്ഞ രണ്ട് വ്യക്തികള്‍ക്ക് നേരെ ഹിമന്ത ബിശ്വശര്‍മ തോക്കുചൂണ്ടി വെടിവയ്ക്കുന്നതായി കാണിക്കുന്നതായിരുന്നു വീഡിയോ. 'പോയിന്റ് ബ്ലാങ്ക് ഷോട്ട്' എന്ന തലക്കെട്ടോട് കൂടിയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. വിവാദമായതോടെ വീഡിയോ പിന്‍വലിച്ചിരുന്നു.
ഹിമന്തയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും സിപിഐഎമ്മും സിപിഐയും അടക്കം രംഗത്തെത്തി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പ് പടര്‍ത്തുന്ന നിലപാടാണ് ഹിമന്ത പിന്തുടരുന്നത് എന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞത്. വിദ്വേഷത്തിന്റെ അപകടകരമായ മുഖമുദ്രയാണ് വീഡിയോ പ്രതിനിധീകരിക്കുന്നത്. ഇത് വംശഹത്യയ്ക്കുള്ള ആഹ്വാനമല്ലാതെ മറ്റൊന്നുമല്ലെന്നും ബിജെപിയെന്ന ഫാസിസ്റ്റ് ഭരണകൂടം പതിറ്റാണ്ടുകളായി മനസില്‍ കണ്ട സ്വപ്നമാണിതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. ഹിമന്തയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎമ്മും സിപിഐയും സുപ്രീംകോടതിയെ സമീപിക്കുകയാണ് ചെയ്തത്. വിദ്വേഷ പ്രസംഗവും സാമുദായിക ധ്രുവീകരണവും നടത്തിയ മുഖ്യമന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഇടത് പാര്‍ട്ടികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.


