ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറുകയാണ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസും സി.പി.എമ്മും അഴിമതിയും വികസനവും ആയുധമാക്കി പോരാടുമ്പോള്‍, രാജ്യസഭയിലെ ഒരു കത്ത് കേരളത്തിലെ നേതാക്കളെ അല്പം അമ്പരപ്പിച്ചിട്ടുണ്ട്. സി.പി.എം പ്രതിനിധിയായ ജോണ്‍ ബ്രിട്ടാസിന്റെ പാര്‍ലമെന്റ് പ്രസംഗത്തെ ശരിവെച്ചുകൊണ്ട് സോണിയ ഗാന്ധി കൈമാറിയ രേഖാമൂലമുള്ള പിന്തുണയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സാധാരണഗതിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം പിന്തുണയ്ക്കാറുണ്ടെങ്കിലും, സോണിയ ഗാന്ധിയെപ്പോലൊരു മുതിര്‍ന്ന നേതാവ് ഒരു ഇടതുപക്ഷ എം.പിയുടെ നിലപാടുകളെ പിന്തുണച്ച് രാജ്യസഭാ സെക്രട്ടറിയേറ്റിന് രേഖാമൂലം കത്ത് നല്‍കുന്നത് അത്യപൂര്‍വ്വമായ സംഭവമാണ്. ബ്രിട്ടാസിന്റെ പ്രസംഗത്തിലെ ഉള്ളടക്കത്തോടുള്ള യോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച സോണിയയുടെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

രാജ്യസഭയിലെ ശൂന്യവേളയിലാണ് ആസ്പദമായ സംഭവം നടന്നത്. തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍ എന്നിവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ കുറിച്ചുമായിരുന്നു ജോണ്‍ ബ്രിട്ടാസ് പ്രസംഗിച്ചത്. ഈ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാടിനോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു. സാധാരണയായി മറ്റ് അംഗങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളോട് സോണിയ ഗാന്ധി ഇത്തരത്തില്‍ പരസ്യമായോ ഔദ്യോഗികമായോ യോജിപ്പ് പ്രകടിപ്പിക്കാറില്ല എന്നതുകൊണ്ട് തന്നെ ഈ നടപടിക്ക് വലിയ പ്രാധാന്യമുണ്ട്.

കേവലം വാക്കുകളില്‍ ഒതുക്കാതെ, ബ്രിട്ടാസിന്റെ പരാമര്‍ശങ്ങളോട് യോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് സോണിയ ഗാന്ധി രാജ്യസഭാ സെക്രട്ടറിയേറ്റിന് രേഖാമൂലം കത്ത് നല്‍കി. കോണ്‍ഗ്രസിന്റെ ഉപനേതാവായ പ്രമോദ് തിവാരിയാണ് ഈ വിവരം ബ്രിട്ടാസിനെ നേരിട്ട് അറിയിച്ചത്. സോണിയ ഗാന്ധി ബ്രിട്ടാസിന്റെ പ്രസംഗത്തോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്നും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയതോടെയാണ് ഈ വിവരം പുറത്തുവന്നത്. താന്‍ ആരോടും പിന്തുണ ആവശ്യപ്പെട്ടിരുന്നില്ലെന്നും സോണിയ ഗാന്ധി സ്വമേധയാ മുന്നോട്ട് വരികയായിരുന്നുവെന്നുമാണ് ബ്രിട്ടാസ് ഇതിനോട് പ്രതികരിച്ചത്.

ഈ നടപടി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കുള്ള ഒരു സന്ദേശമാണെന്ന് ബ്രിട്ടാസ് പറഞ്ഞു. ജനകീയ പ്രക്ഷോഭങ്ങളെ വേണ്ട രീതിയില്‍ ഗൗനിക്കാത്ത സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം തങ്ങളുടെ കേന്ദ്ര നേതാവിന്റെ ഈ നടപടിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ ഇത്തരം യോജിപ്പിന്റെ തലങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.