- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഐഎഡിഎംകെയ്ക്ക് കനത്ത തിരിച്ചടി; ബിജെപി സഖ്യത്തിനും നിരാശ; മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു; ഒപിഎസിനൊപ്പം അദ്ദേഹത്തിന്റെ അനുയായികളും ഡിഎംകെയില്‍ എത്തിയേക്കും

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കം. മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ മുന്‍ കോ-ഓര്‍ഡിനേറ്ററുമായിരുന്ന ഒ. പനീര്‍ശെല്‍വം (ഒപിഎസ്) ഡിഎംകെയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തിലെത്തിയ ഒപിഎസിനെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മുതിര്‍ന്ന മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു.
എഐഎഡിഎംകെയില്‍ എടപ്പാടി കെ. പളനിസ്വാമിയുമായുള്ള അധികാരത്തര്‍ക്കത്തിനൊടുവില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായ ഒപിഎസ്, തിരിച്ചുവരവിനുള്ള എല്ലാ വഴികളും അടഞ്ഞതോടെയാണ് ഡിഎംകെ നേതൃത്വവുമായി അടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രി പി.കെ. ശേഖര്‍ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനമായത്.
ഒപിഎസിന്റെ നീക്കം എഐഎഡിഎംകെയ്ക്കും ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിനും ഒരുപോലെ തിരിച്ചടിയാണ്. പനീര്‍ശെല്‍വത്തിന് ശക്തമായ സ്വാധീനമുള്ള തെക്കന്‍ തമിഴ്നാട്ടിലെ തേനി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇത് എഐഎഡിഎംകെയുടെ വോട്ടുബാങ്കിനെ ബാധിച്ചേക്കും. മുന്‍പ് ബിജെപി സഖ്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഒപിഎസ് ഡിഎംകെ പാളയത്തിലെത്തിയത് എന്‍ഡിഎയുടെ കണക്കുകൂട്ടലുകളെയും തെറ്റിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒപിഎസ് തന്റെ തട്ടകമായ ബോഡിനായ്ക്കന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് സൂചനകള്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഏറ്റവും വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഒപിഎസ് മൂന്ന് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിട്ടുണ്ട്. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയിലുണ്ടായ പിളര്‍പ്പും നിയമപോരാട്ടങ്ങളും ഒപിഎസിനെ പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തിയിരുന്നു.
ഒപിഎസിനൊപ്പം അദ്ദേഹത്തിന്റെ അനുയായികളും ഡിഎംകെയില്‍ ചേരുമോ എന്ന കാര്യം വരും ദിവസങ്ങളില്‍ വ്യക്തമാകും. പനീര്‍ശെല്‍വത്തിന്റെ വരവ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുമെന്നാണ് ഡിഎംകെ നേതൃത്വത്തിന്റെ പ്രതീക്ഷ.


