ന്യൂഡല്‍ഹി: നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രചാരണച്ചൂട് ഏറുകയാണ്. പശ്ചിമ ബംഗാളില്‍ ഏപ്രില്‍ 23, 29 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് നാലിന് നടക്കും. ബംഗാളില്‍ കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളായിട്ടായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

തമിഴ്‌നാട്ടില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഏപ്രില്‍ 23-നാണ് വോട്ടെടുപ്പ്. മേയ് നാലാം തീയതി തന്നെയാണ് തമിഴ്‌നാട്ടിലും വോട്ടെണ്ണല്‍. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 30 ന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 4. പത്രിക പിന്‍വലിക്കാവുന്നത് ഏപ്രില്‍ 9 വരെയാണ്.

അസമിലും പുതുച്ചേരിയിലും കേരളത്തിന് ഒപ്പം തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് ഏപ്രില്‍ 9 ന് നടക്കും. വോട്ടെണ്ണല്‍ മെയ് നാലിന് നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ 8 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ വോട്ടെടുപ്പ് ഏപ്രില്‍ 23-ന് ഒറ്റ ഘട്ടമായി നടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ഇടങ്ങളിലെയും വോട്ടെണ്ണല്‍ മേയ് 4-ന് നടക്കും. ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാന്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.