ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി . 144 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ആണ് ബിജെപി പ്രഖ്യാപിച്ചത്. പ്രമുഖ നേതാക്കളായ സുവേന്ദു അധികാരി , ദിലിപ് ഘോഷ് തുടങ്ങിയവര്‍ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഫാഷന്‍ ഡിസൈനറും എംഎല്‍എയുമായ അഗ്‌നിമിത്ര പോള്‍, നടന്‍ രുദ്രാനില്‍ ഘോഷ്, മാധ്യമപ്രവര്‍ത്തകനും മുന്‍ രാജ്യസഭാംഗവുമായ സ്വപന്‍ ദാസ്ഗുപ്ത, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശോക് ഡിണ്ഡ തുടങ്ങിയവര്‍ ആദ്യപട്ടികയിലുണ്ട്.

ദിലീപ് ഘോഷ് ഘരഗ്പുര്‍ സദര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുമ്പോള്‍ സുവേന്ദു അധികാരി സിറ്റിങ് സീറ്റായ നന്ദിഗ്രാമിന് പുറമേ, മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മണ്ഡലമായ ഭവാനിപുരിലും മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സുവേന്ദു അധികാരി മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയിരുന്നു. പിന്നീട് ഭവാനിപുരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് മമത ബാനര്‍ജി നിയമസഭയില്‍ എത്തിയത്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള ഏഴ് സിറ്റിങ് എംപിമാരെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജഗന്നാഥ് സര്‍ക്കാര്‍, നിസിത് പ്രമാണിക് തുടങ്ങിയ പ്രമുഖരാണ് പട്ടികയില്‍ ഉള്ളത്. ബിജെപി നേതാവ് അഗ്‌നിമിത്ര പോള്‍, മുന്‍ രാജ്യസഭാഗം സ്വപന്‍ ദാസ് ഗുപ്ത എന്നിവരും മത്സരരംഗത്ത് ഉണ്ട്.

ബംഗാളില്‍ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ മികച്ച ആസൂത്രണത്തോടെയാണ് ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. സുവേന്ദു - മമത പോരാട്ടം നടക്കാന്‍ പോകുന്ന ഭവാനിപുര്‍ തന്നെയാകും ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. നന്ദിഗ്രാമില്‍ 1,956 വോട്ടുകള്‍ക്ക് ആണ് മമത ബാനര്‍ജി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടത്. പിന്നീട് ഭവാനിപുര്‍ മണ്ഡലത്തില്‍ വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മമതയ്ക്കായി വഴിമാറി രാജി സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 58,835 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മമത ബാനര്‍ജിയുടെ വിജയം.

294 സീറ്റുകളുള്ള ബംഗാളില്‍ ഇക്കുറി രണ്ടുഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 23ന് 152 മണ്ഡലങ്ങളിലും ഏപ്രില്‍ 29ന് 142 സീറ്റുകളിലും വോട്ടെടുപ്പ് നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍. 2021ലെ തെരഞ്ഞെടുപ്പില്‍ 294 അംഗ സഭയില്‍ 38 ശതമാനം വോട്ട് നേടി 65 എംഎല്‍എമാരെ വിജയിപ്പിച്ചെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 12 എംപിമാരെയും ബിജെപി വിജയിപ്പിച്ചു.