ന്യൂഡല്‍ഹി: സാധാരണയായി ബഹളങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും വേദിയാകാറുള്ള രാജ്യസഭയില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഒരുപോലെ ചിരി പടര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിടവാങ്ങല്‍ പ്രസംഗം. വിരമിക്കുന്ന അംഗങ്ങള്‍ക്ക് നല്‍കിയ യാത്രയയപ്പ് വേളയില്‍ ഖാര്‍ഗെ നടത്തിയ നര്‍മ്മം കലര്‍ന്ന പരാമര്‍ശങ്ങളാണ് സഭയിലുടനീളം ചിരി പടര്‍ത്തിയത്. സഭയില്‍ നിന്ന് വിരമിക്കുന്ന മുതിര്‍ന്ന അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കുന്നതിനിടെ ഖാര്‍ഗെ നടത്തിയ 'വിവാഹ' പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരെ മുഖത്ത് ചിരി പടര്‍ത്തി. മുന്‍ പ്രധാനമന്ത്രി എച്ച്ഡി. ദേവഗൗഡയും ബിജെപി നയിക്കുന്ന എന്‍ഡിഎയും തമ്മിലുള്ള സഖ്യത്തെയായിരുന്നു ഖാര്‍ഗെ ലക്ഷ്യം വെച്ചത്. തന്റെ സഭാകാലഘട്ടം അദ്ദേഹം വികാരാധീനനായി ഓര്‍ത്തെടുത്തു. ശരദ് പവാര്‍, എച്ച്.ഡി. ദേവഗൗഡ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ കാലാവധി അവസാനിക്കുന്നതിനെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെക്കുറിച്ചുള്ള ഖാര്‍ഗെയുടെ പരാമര്‍ശമാണ് സഭയെ ചിരിപ്പിച്ചത്. 54 വര്‍ഷത്തെ ദീര്‍ഘകാല പരിചയം തങ്ങള്‍ തമ്മിലുണ്ടെന്ന് പറഞ്ഞ ഖാര്‍ഗെ, ദേവഗൗഡയുടെ രാഷ്ട്രീയ മാറ്റത്തെ രസകരമായി അവതരിപ്പിച്ചു. 'അദ്ദേഹം ഞങ്ങളുമായി ഡേറ്റ് ചെയ്തു, ഞങ്ങളെ സ്‌നേഹിച്ചു, പക്ഷേ അവസാനം വിവാഹം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്' എന്ന ഖാര്‍ഗെയുടെ വാക്കുകള്‍ കേട്ട് സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു. 1996ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായ ദേവഗൗഡ പിന്നീട് ബിജെപിയുമായി സഖ്യമുണ്ടാക്കിയ പശ്ചാത്തലത്തിലായിരുന്നു ഈ പരിഹാസം. 'എനിക്ക് എച്ച്.ഡി. ദേവഗൗഡയെ 54 വര്‍ഷത്തിലേറെയായി അറിയാം. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് എന്ത് സംഭവിച്ചുവെന്ന് എനിക്കറിയില്ല,' എന്ന് ഖാര്‍ഗെ പറഞ്ഞു.

സഭ ഒന്നടങ്കം കാതോര്‍ത്ത ആ നിമിഷം ഖാര്‍ഗെ ഇങ്ങനെ പറഞ്ഞു അദ്ദേഹം പ്രേമിച്ചത് ഞങ്ങളെയിരുന്നു, പക്ഷേ വിവാഹം കഴിച്ചത് മോദി സാഹിബിനെയാണ്. 'വോ മൊഹബത്ത് ഹമാരെ സാത്ത് കിയെ, ഷാദി മോദി സാഹിബ് കെ സാത്ത്'. ഈ തമാശ കേട്ടതോടെ സഭയിലുടനീളം ചിരി പടര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചിരിയടക്കാനാവാതെ ഖാര്‍ഗെയുടെ തമാശ ആസ്വദിക്കുന്ന കാഴ്ചയാണ് കണ്ടത്. രാജ്യത്തെ സേവിക്കാനുള്ള ആവേശമുള്ളവര്‍ രാഷ്ട്രീയത്തില്‍ ഒരിക്കലും തളരുകയോ വിരമിക്കുകയോ ഇല്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

ശരദ് പവാര്‍, ഡിഎംകെയുടെ തിരുച്ചി ശിവ എന്നിവരുമായുള്ള തന്റെ ദീര്‍ഘകാല ബന്ധത്തെക്കുറിച്ചും അവര്‍ വീണ്ടും സഭയിലേക്ക് തിരിച്ചുവരുന്നതിലുള്ള സന്തോഷവും ഖാര്‍ഗെ പങ്കുവെച്ചു. കേന്ദ്രമന്ത്രി രാംദാസ് അത്താവാലയെയും അദ്ദേഹം വെറുതെ വിട്ടില്ല. അത്താവാലയുടെ കവിതകള്‍ എപ്പോഴും മോദിയെ പുകഴ്ത്തുന്നവ മാത്രമാണെന്നും അദ്ദേഹത്തിന് മറ്റ് കവിതകളൊന്നും അറിയില്ലെന്നും ഖാര്‍ഗെ പരിഹസിച്ചു. ഇത് കേട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയിലും പുഞ്ചിരി വിടര്‍ന്നു.

വിരമിക്കുന്ന അംഗങ്ങളുടെ സേവനങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രീയത്തില്‍ ഫുള്‍സ്റ്റോപ്പുകളില്ല എന്ന് ഓര്‍മ്മിപ്പിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ ദേവഗൗഡ, ഖാര്‍ഗെ, പവാര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളില്‍ നിന്ന് പാര്‍ലമെന്ററി കാര്യങ്ങള്‍ കണ്ടു പഠിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. സ്വന്തം ജീവിതത്തിന്റെ പകുതിയിലധികം പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചവരാണ് ഇവരെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാംദാസ് അത്താവാലയെ 'എവര്‍ഗ്രീന്‍' എന്ന് വിശേഷിപ്പിച്ച മോദി, സഭയില്‍ ഹാസ്യത്തിനും ആക്ഷേപഹാസ്യത്തിനും വലിയ സ്ഥാനമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അത് ക്രമേണ കുറഞ്ഞുവരികയാണെന്നും നിരീക്ഷിച്ചു.

സഭയില്‍ പല വിഷയങ്ങളിലും തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും, ഇത്തരം നിമിഷങ്ങളില്‍ പാര്‍ട്ടികള്‍ക്ക് അതീതമായ ഒരു ബഹുമാനം അംഗങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവഗൗഡയ്ക്കൊപ്പം രാംദാസ് അത്താവാലെ, പ്രിയങ്ക ചതുര്‍വേദി, അഭിഷേക് മനു സിങ്വി, തിരുച്ചി ശിവ തുടങ്ങി 37 പ്രമുഖ അംഗങ്ങളാണ് ഇന്ന് സഭയുടെ പടിയിറങ്ങുന്നത്.