കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പേസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിന്റെ ബിജെപി പ്രവേശനം. ടെന്നീസ് താരം പാര്‍ട്ടിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി ചുവടുവെക്കുന്നത്. കൊല്‍ക്കത്തയില്‍ ബിജെപി അധ്യക്ഷന്‍ നിതിന്‍ നബിനുമായി ടെന്നീസ് താരം അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. 2021 ല്‍ പെയ്സ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും 2022 ലെ ഗോവ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

കീര്‍ത്തി ആസാദ്, സൈന നെഹ്വാള്‍, നവ്‌ജോത് സിംഗ് സിദ്ധു തുടങ്ങി നിരവധി താരങ്ങള്‍ അവരുടെ കരിയറിന്റെ വിവിധഘട്ടങ്ങളില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ ജനിച്ച ലിയാന്‍ഡര്‍ പേസ്, ടെന്നീസ് ലോകം കണ്ട ഏറ്റവും മികച്ച ഡബിള്‍സ് കളിക്കാരില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 30 വര്‍ഷത്തോളം നീണ്ടുനിന്ന തന്റെ കരിയറില്‍, അദ്ദേഹം നിരവധി ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കുകയും ഇന്ത്യന്‍ ടെന്നീസിനെ ആഗോള ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.

നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ ഏപ്രില്‍ 9-ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. തമിഴ്‌നാട് ഏപ്രില്‍ 23-നാണ് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. പശ്ചിമ ബംഗാളില്‍, അതിന്റെ വലിപ്പവും സുരക്ഷാ ആവശ്യകതകളും കണക്കിലെടുത്ത് ഏപ്രില്‍ 23, ഏപ്രില്‍ 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. അഞ്ച് നിയമസഭകളിലെയും വോട്ടെണ്ണല്‍ ഒരേസമയം നടക്കുന്നത്.

മുന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍, ഗുസ്തി താരങ്ങളായ യോഗേശ്വര്‍ ദത്ത്, ബബിത ഫോഗട്ട്, മുന്‍ ഫുട്ബോള്‍ താരം കല്യാണ്‍ ചൗബേ എന്നിവരാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന മറ്റ് കായികതാരങ്ങള്‍. നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ബോക്സര്‍ വിജേന്ദര്‍ സിംഗ് 2024 ഏപ്രില്‍ 3-ന് ബിജെപിയില്‍ ചേര്‍ന്നു.

നവ്‌ജോത് സിംഗ് സിദ്ധു, ഗൗതം ഗംഭീര്‍, എസ്. ശ്രീശാന്ത്, അശോക് ദിന്‍ഡ എന്നിവരുള്‍പ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങളും ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍കാലത്തെ പ്രമുഖരില്‍, ഇതിഹാസ ഗുസ്തി താരം ദാരാ സിംഗ് 1998-ല്‍ പാര്‍ട്ടിയില്‍ ചേരുകയും പിന്നീട് 2003-ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.

ഇക്കുറി 17.4 കോടി വോട്ടര്‍മാരാണ് 824 സീറ്റുകളിലേക്കാണ് മത്സരിക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. 2.19 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. 25 ലക്ഷം തെരഞ്ഞെടുപ്പ് ഓഫീസര്‍മാരാണ് വോട്ടെടുപ്പ് നിയന്ത്രിക്കാനായി ഉള്ളത്. കേരളം, പുതുച്ചേരി, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഏപ്രില്‍ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. തമിഴ്നാട് ഏപ്രില്‍ 23നും പശ്ചിമബംഗാളില്‍ ഏപ്രില്‍ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ്.