- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാജ്യം പുതിയൊരു ചരിത്രമെഴുതാന്‍ ഒരുങ്ങുന്നു; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന്; ഇന്ത്യ പുതിയ ഇതിഹാസം രചിക്കും'; വനിതാ സംവരണ ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ യാഥാര്‍ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ യാഥാര്‍ഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാന്‍ ഒരുങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്‍ ഈ വ്യാഴാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ യാഥാര്‍ഥ്യമാകും. ഡല്‍ഹിയില്‍ നടന്ന നാരീശക്തി വന്ദന്‍ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നും നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറണമെന്നും അവരുടെ പങ്കാളിത്തം ജനാധിപത്യത്തിന് കൂടുതല്‍ കരുത്ത് നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നതെന്നും ഈ തീരുമാനം ഇന്ത്യയുടെ ഭാവി മാറ്റുമെന്നും മോദി പറഞ്ഞു. ഏപ്രില്‍ 16 ന് ആരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിതാ സംവരണം യാഥാര്‍ത്ഥ്യമാകും. 2023 ല്‍ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് പാര്‍ലമെന്റ് വനിതാ സംവരണ ബില്ല് പാസാക്കിയത്. 2023 ലെ മാതൃകയില്‍ ഇത്തവണയും ബില്ല് ഒറ്റക്കെട്ടായി പാസാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിനായി ഏപ്രില്‍ 16, 17, 18 തീയതികളില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കും. ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിടാന്‍ സമയമായെന്നും രാജ്യം ഒരു പുതിയ ചരിത്രം സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ചുവടുവെപ്പ് സ്ത്രീകളുടെ ശക്തിക്കും ബഹുമാനത്തിനും സമര്‍പ്പിച്ചിട്ടുള്ളതാണെന്നും രാജ്യത്തിന്റെ ചരിത്രത്തില്‍ പാര്‍ലമെന്റ് ഒരു പുതിയ അധ്യായം രചിക്കുന്നതിന് അടുത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ''വനിതാ സംവരണ ബില്ലിന്റെ കാര്യത്തില്‍ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുന്നു. 40 വര്‍ഷത്തിനു ശേഷമാണ് ബില്‍ വരുന്നത്. ഇത് 2029 ഓടെ നടപ്പിലാക്കണം. 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണിത്,' പ്രധാനമന്ത്രി മോദി പറഞ്ഞു.
2023-ല്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാ പാര്‍ട്ടികളും ഐകകണ്ഠ്യേനയാണ് അതിനെ പിന്തുണച്ചതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. 2029-ഓടെ നിയമം നടപ്പിലാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് സഹകരണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നത്. ഈ തീരുമാനം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്, കൂടാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ പരിശ്രമത്തില്‍ അവരുടേതായ രീതിയില്‍ സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ രാഷ്ട്രപതി, ധനമന്ത്രി തുടങ്ങിയ ഉന്നത പദവികള്‍ സ്ത്രീകള്‍ അലങ്കരിക്കുന്നത് രാജ്യത്തിന് അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്കിന് ഉദാഹരണമായി ജല്‍ ജീവന്‍ മിഷന്റെ വിജയം അദ്ദേഹം ചൂണ്ടിക്കാട്ടി. തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിക്കുന്നത് ഭരണസംവിധാനങ്ങളെ കൂടുതല്‍ സംവേദനക്ഷമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നത് അവരുടെ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുമെന്നും, വനിതാ പങ്കാളിത്തത്തിലെ ഇന്ത്യയുടെ പുരോഗതി ആഗോള നേതാക്കളെ ആകര്‍ഷിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
സാമൂഹിക നീതി എന്നത് കേവലം ഒരു മുദ്രാവാക്യമല്ലെന്നും അത് നമ്മുടെ തൊഴില്‍ സംസ്‌കാരത്തിന്റെയും തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയയുടെയും സ്വാഭാവിക ഭാഗമാണെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, ഈ തീരുമാനത്തെ സ്ത്രീശക്തിക്കുള്ള ആദരവായാണ് വിശേഷിപ്പിച്ചത്. ഏപ്രില്‍ 16 മുതല്‍ മൂന്ന് ദിവസത്തേക്ക് വിളിച്ചുചേര്‍ക്കുന്ന പ്രത്യേക സമ്മേളനത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. നിയമസഭകളിലും പാര്‍ലമെന്റിലും വനിതാ സംവരണം നടപ്പിലാക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കാണ് ഈ സമ്മേളനം മുന്‍ഗണന നല്‍കുന്നത്.
2023-ലെ നാരിശക്തി വന്ദന്‍ നിയമപ്രകാരം പുതിയ സെന്‍സസിനും മണ്ഡലപുനര്‍നിര്‍ണ്ണയത്തിനും ശേഷമേ സംവരണം നടപ്പിലാക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ സെന്‍സസ് വൈകുന്ന സാഹചര്യത്തില്‍, 2011-ലെ സെന്‍സസ് വിവരങ്ങള്‍ അടിസ്ഥാനമാക്കി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നിലവില്‍ ലക്ഷ്യമിടുന്നത്. ഇതിനായി രണ്ട് പ്രധാന ഭേദഗതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
വനിതാ സംവരണ ബില്‍ ഫോര്‍മുല
വനിതാ സംവരണ ബില്‍ നടപ്പാക്കാനായി ലോക്‌സഭാ സീറ്റുകളുടെയും നിയമസഭ സീറ്റുകളുടെയും എണ്ണം 50 ശതമാനം കൂട്ടുകയെന്ന നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റവുമൊടുവിലായി അവതരിപ്പിച്ചിരിക്കുന്നത്. 2011 ലെ സെന്‍സസ് അനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് നിര്‍ദേശം. ഇതനുസരിച്ച് ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543 ല്‍ നിന്നും 816 ആയി ഉയരും. ഓരോ സംസ്ഥാനത്തും നിലവിലുള്ളതിന്റെ 50 ശതമാനം കൂടി സീറ്റുകള്‍ കൂട്ടാനാണ് നിര്‍ദേശം. ഇതിന് ശേഷം ആകെ മൂന്നിലൊന്ന് അതായത് 273 സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യും. കേരളത്തില്‍ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 30 ആയും നിയസഭാ സീറ്റുകളുടെ എണ്ണം 210 ആയും ഈ നിര്‍ദേശം നടപ്പാകുകയാണെങ്കില്‍ വര്‍ധിക്കും. ഇക്കാര്യത്തലടക്കം വിശദമായ ചര്‍ച്ചകള്‍ നടക്കും.


