- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി എത്തിയത് മൂന്ന് തവണ; കേരളത്തില്‍ പലതവണ എത്തിയ രാഹുല്‍ തിരിഞ്ഞുനോക്കിയില്ല; സീറ്റ് വിഭജനത്തിന്റെ അതൃപ്തിയോ? ഡിഎംകെ നേതൃത്വം കലിപ്പില്‍

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പ്രചാരണ പരിപാടികളില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിട്ടുനില്‍ക്കുന്നത് വലിയ ചര്‍ച്ചയാകുന്നു. ഏപ്രില്‍ 23-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 15-ന് സേലത്ത് സംഘടിപ്പിച്ചിരിക്കുന്ന ബൃഹത്തായ പൊതുസമ്മേളനത്തിലേക്ക് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇത് ഡിഎംകെ കേന്ദ്രങ്ങളില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
സീറ്റ് വിഭജന വേളയില്‍ തമിഴ്നാട്ടില്‍ ഭരണപങ്കാളിത്തം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഡിഎംകെ തള്ളിയതിലുള്ള നീരസമാണ് രാഹുലിന്റെ വിട്ടുനില്‍ക്കലിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസ് 40-ഓളം സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ 28 സീറ്റുകളിലാണ് ധാരണയായത്. നേരത്തെ പുതുച്ചേരിയില്‍ എം.കെ. സ്റ്റാലിനൊപ്പം പങ്കെടുക്കേണ്ടിയിരുന്ന പരിപാടികളില്‍ നിന്നും രാഹുല്‍ വിട്ടുനിന്നത് ഈ ഭിന്നതയുടെ സൂചനയായിട്ടാണ് കരുതപ്പെടുന്നത്. കേരളത്തിലെ പ്രചാരണങ്ങള്‍ക്കായി ചെന്നൈ വഴി യാത്ര ചെയ്തിട്ടും തമിഴ്നാട്ടിലെ സഖ്യകക്ഷികള്‍ക്കായി അദ്ദേഹം സമയം മാറ്റിവെക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്.
അതേസമയം, ബിജെപി-എഐഎഡിഎംകെ സഖ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍ സജീവമാണ്. ഇതിനകം മൂന്ന് തവണ സംസ്ഥാനത്ത് പ്രചാരണം നടത്തിയ അദ്ദേഹം, ഏപ്രില്‍ 15-ന് നാഗര്‍കോവിലിലും 18-ന് കോയമ്പത്തൂരിലും എടപ്പാടി പളനിസ്വാമിക്കൊപ്പം വീണ്ടും ജനങ്ങളെ അഭിസംബോധന ചെയ്യും. മോദിയുടെ ഈ നിരന്തര സാന്നിധ്യം പ്രതിരോധിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ പങ്കാളിത്തം അത്യാവശ്യമാണെന്ന് ഡിഎംകെ കരുതുന്നു. രാഹുലിനെ അനുനയിപ്പിച്ച് സേലം സമ്മേളനത്തില്‍ എത്തിക്കാന്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ വഴി ഡിഎംകെ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ രാഹുല്‍ തമിഴ്നാട്ടിലെത്തുന്നത് സഖ്യത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും.


