പട്‌ന: ബിജെപിക്കെതിരായ പ്രതിപക്ഷത്തിന്റെ നയ രൂപകനാകുകയാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ലക്ഷ്യം. ബിജെപിയെ കെട്ടുകെട്ടിക്കാനുള്ള തന്ത്രം തന്റെ കൈയിലുണ്ടെന്നാണ് നിതീഷ് പറയുന്നത്. എന്നാൽ എന്താണെന്ന് പരസ്യമായി പറയുന്നതുമില്ല. കോൺഗ്രസ് നേതൃത്വം തന്റെ നിർദ്ദേശങ്ങൾ മാനിച്ചാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റുകൾ നൂറിൽ താഴെയാകുമെന്നാണ് നിതീഷിന്റെ അവകാശ വാദം. ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ച നേതാവാണ് നിതീഷ്.

സിപിഐ (എംഎൽ) ദേശീയ കൺവൻഷനിൽ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ സാന്നിധ്യത്തിലായിരുന്നു നിതീഷിന്റെ പ്രഖ്യാപനം. ഇക്കാര്യം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കണമെന്നും സൽമാൻ ഖുർഷിദിനോടു നിതീഷ് അഭ്യർത്ഥിച്ചു. പ്രതിപക്ഷ ഐക്യം ഉറപ്പാക്കി ബിജെപിയെ തകർക്കുകയാണ് നിതീഷിന്റെ സ്വപ്നം. ഇതിന് കോൺഗ്രസിന്റെ നിലപാടുകൾ അനിവാര്യമാണെന്ന് നിതീഷ് തിരിച്ചറിയുന്നുണ്ട്. നിതീഷിന്റെ നിർദ്ദേശത്തോട് കോൺഗ്രസ് എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണ്ണായകം.

തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് പരോക്ഷമായി സൂചിപ്പിച്ച നിതീഷ് തന്റെ നിർദ്ദേശങ്ങളിൽ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ആണെന്ന് പറഞ്ഞുവെന്നാണ് ഉയരുന്ന വിലയിരുത്തൽ. താൻ പ്രതിപക്ഷ പാർട്ടി നേതാക്കളോട് സംസാരിച്ചിട്ടുണ്ടെന്നും എല്ലാവരും തന്നെ വിളിക്കുകയാണെന്നുമാണ് നിതീഷ് കുമാറിന്റെ അവകാശവാദം. തന്നെ ബിജെപി ഇതര പ്രതിപക്ഷ ബദലിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കണമെന്നാണ് പ്രസംഗത്തിലുടനീളം അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചത്. ഒരു തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണ്. തന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ ബിജെപിക്ക് ലഭിക്കുന്ന സീറ്റുകൾ നൂറിൽ താഴെ മാത്രമായിരിക്കുമെന്നും നിതീഷ് കുമാർ പറയുന്നത് ഈ ലക്ഷ്യം മുമ്പിൽ വച്ചാണ്. ബിജെപിയുമായി നേരിട്ട് മത്സരിക്കുന്ന സീറ്റുകളിൽ കോൺഗ്രസ് തന്നെ കളത്തിലിറങ്ങണം. മറ്റ് സീറ്റുകൾ പ്രാദേശിക പാർട്ടികൾക്ക് വീതിച്ച് നൽകണം. പ്രതിപക്ഷത്തെ ഒന്നിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് മുൻകയ്യെടുത്ത് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു കൂട്ടി പ്രതിപക്ഷ ഐക്യ പ്രഖ്യാപനം നടത്തണമെന്നു നിതീഷ് ആവശ്യപ്പെട്ടു. ഏതൊക്കെ സംസ്ഥാനങ്ങളിൽ ആരുമായെല്ലാം സഖ്യത്തിൽ മത്സരിക്കണമെന്ന കാര്യം കോൺഗ്രസ് എത്രയും വേഗം തീരുമാനിക്കണം. ഇക്കാര്യത്തിൽ താൻ കോൺഗ്രസിന്റെ പ്രതികരണം കാത്തിരിക്കുമെന്നും നിതീഷ് പറഞ്ഞു. ഭാരത് ജോഡോ യാത്ര വിജയകരമായിരുന്നെങ്കിലും ഭാവി പദ്ധതികൾ ആവിഷ്‌കരിക്കേണ്ട സമയമായി. ബിജെപിയെ പരാജയപ്പെടുത്താനായി പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നിക്കണമെന്നും നിതീഷ് അഭ്യർത്ഥിച്ചു. നിതീഷ് കുമാറിന്റെ അതേ ചിന്താഗതിയാണ് പ്രതിപക്ഷ ഐക്യ വിഷയത്തിൽ കോൺഗ്രസിനുമുള്ളതെന്നു സൽമാൻ ഖുർഷിദ് പ്രതികരിച്ചു. അതായത് പ്രതിപക്ഷ ഐക്യത്തിന് ചിലർ എതിരു നിൽക്കുന്നുണ്ട്. ഇതിലേക്ക് വിരൽ ചൂണ്ടുകയാണ് സൽമാൻ ഖുർഷിദ്.

പ്രണയത്തിലെ പോലെ ആരാദ്യം പറയുമെന്ന പ്രശ്‌നം മാത്രമാണുള്ളത്. പ്രതിപക്ഷ ഐക്യ പ്രഖ്യാപനമുണ്ടായാൽ രാജ്യത്തെ രാഷ്ട്രീയ ചിത്രം മാറും. നിതീഷ് കുമാറിന്റെ നിർദ്ദേശം താൻ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കുമെന്നു സൽമാൻ ഖുർഷിദ് ഉറപ്പു നൽകി. ബീഹാറിൽ നിന്നും പരമാവധി സീറ്റുകൾ ബിജെപിക്ക് എതിരെ നേടുകയാണ് നിതീഷിന്റെ ലക്ഷ്യം. ഇത് മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നടപ്പാക്കാൻ കഴിഞ്ഞാൽ ബിജെപി തകരുമെന്നാണ് നിതീഷിന്റെ വിലയിരുത്തൽ.

പ്രാദേശിക പാർട്ടികൾക്കു ശക്തിയുള്ള സംസ്ഥാനങ്ങളിൽ അവർക്കു പ്രധാന്യം നൽകണമെന്നും കോൺഗ്രസ് ബിജെപി നേർക്കുനേർ പോരുള്ള സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ കോൺഗ്രസിനെ പിന്തുണയ്ക്കണമെന്നും ആർജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു.