ന്യൂഡല്‍ഹി: ബിജെപിയില്‍ മോദി ചോദ്യംചെയ്യപ്പെടാത്ത നേതാവായി തുടരുമെന്ന് പ്രഖ്യാപിച്ചു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി പദത്തിലേക്ക് ഒഴിവില്ലെന്നും അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങളിലും ബി.ജെ.പിയുടെ നേതൃസ്ഥാനത്തേക്ക് ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മോദി തുടരുമെന്നാണ് രാജ്‌നാഥ് സംഗ് സൂചിപ്പിക്കുന്നത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജ്‌നാഥ് സിങിന്റെ പരാമര്‍ശം.

'അന്താരാഷ്ട്ര വിഷയങ്ങളില്‍ ലോകത്തിലെ വലിയ നേതാക്കള്‍ പോലും മോദിയുടെ ഉപദേശം തേടുന്നു. ലോകനേതാക്കളില്‍നിന്ന് ഇത്രമേല്‍ ജന്മദിനാശംസകള്‍ ലഭിക്കുന്ന മറ്റൊരു പ്രധാനമന്ത്രിയെ ഞാന്‍ കണ്ടിട്ടില്ല.'-രാജ്‌നാഥ് സിങ് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന കാര്യങ്ങള്‍ മോദിയുടെ പ്രവര്‍ത്തന ശൈലിയുടെ ഉദാഹരണമാണ്. സൈനീക മേധാവികളുമായും ദേശീയ സുരക്ഷ ഉപദേശഷ്ടാവുമായും കൂടിയാലോചിച്ചാണ് അദ്ദേഹം നടപടി ഏകോപിപ്പിച്ചത്.

മോദിയുമായുള്ള നാലരപ്പതിറ്റാണ്ടു നീണ്ട വ്യക്തിബന്ധത്തെക്കുറിച്ചും രാജ്നാഥ് സിങ് ഓര്‍ത്തെടുത്തു. 2013ല്‍ ബി.ജെ.പി മോദിയെ കാമ്പയിന്‍ കണ്‍വീനറാക്കി നിയമിച്ചു. പിന്നാലെ, പാര്‍ലമെന്ററി ബോര്‍ഡിന്റെ പിന്തുണയോടെ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കുകയായിരുന്നു.

മുതിര്‍ന്ന നേതാവായിരുന്ന ലാല്‍ കൃഷ്ണ അദ്വാനിയോട് ബഹുമാനക്കുറവുണ്ടായിരുന്നത് കൊണ്ടല്ല, മറിച്ച് മോദിയെ പോലെ ഒരാളുടെ നേതൃത്വം രാജ്യത്തിന് ആവശ്യമായിരുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. '2014 തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഞങ്ങള്‍ ഇരുവരും ഒരുമിച്ചായിരുന്നു സഞ്ചരിച്ചിരുന്നത്. മുഴുവന്‍ ഭൂരിപക്ഷവും അദ്ദേഹത്തിന് കിട്ടുമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍, അദ്ദേഹത്തിന് അത്ര ഉറപ്പുണ്ടായിരുന്നില്ല,'-രാജ്‌നാഥ് സിങ് പറഞ്ഞു.

വോട്ടുതിരിമറി സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ആരോപിക്കുന്നവരുടെ കൈയില്‍ തെളിവുണ്ടെങ്കില്‍ കോടതിയെ സമീപിക്കട്ടെ. സമീപ ഭാവിയിലൊന്നും പ്രധാനമന്ത്രി പദത്തിലേക്ക് ഒഴിവില്ല. 2029, 2034 വര്‍ഷങ്ങളിലും അതിനുശേഷവും മോദി തന്നെയായിരിക്കും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയില്‍ പ്രായപരിധി ഏര്‍പ്പെടുത്തി നേരത്തെ തീരുമാനമുണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും നരേന്ദ് മോദിയെ ബാധിക്കില്ലെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. നാല് ദിവസം മുമ്പാണ് പ്രധാനമന്ത്രി 75ാം പിറന്നാള്‍ ആഘോഷിച്ചത്. തുടര്‍ച്ചയായി മൂന്നു തവണ പ്രധാനമന്ത്രിയായി അധികാരമേറ്റ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ റെക്കോഡിനൊപ്പമെത്തിയ മോദി ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ഏറ്റവും കരുത്തനായ നേതാവാണ്. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിലും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

ആര്‍എസ്എസ് പ്രചാരകന്‍, ബിജെപി ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ക്കു പിന്നാലെ 2001 മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ഗുജറാത്ത് മോഡല്‍ വികസനം അക്കാലത്തു രാജ്യത്തു വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചു. വികസന നായകന്‍ എന്ന നിലയില്‍ ഉയര്‍ത്തിക്കാണിച്ച നേതാവിനു ലഭിച്ച അംഗീകാരമായിരുന്നു 2014ലെ ബിജെപി വിജയം. ചരിത്രത്തില്‍ ആദ്യമായി ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയതും 2014ല്‍ മോദിയുടെ നേതൃത്വത്തിലാണ്.

2014ല്‍ മോദി സര്‍ക്കാര്‍ ആദ്യമായി അധികാരമേറ്റ സമയത്ത് കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും 75 വയസ് എന്ന പ്രായപരിധി നിബന്ധന ബിജെപി ഏര്‍പ്പെടുത്തി എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രായപരിധിയുടെ പേരില്‍ അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്തപ്പെട്ട നേതാക്കളുമുണ്ട്. എന്നാല്‍, ഈ പരിധിയൊന്നും മോദിയെ ബാധിക്കില്ല. ഇന്നും മോദിയുടെ പ്രതിച്ഛായയാണ് ബിജെപിയുടെ പ്രധാന ശക്തി. ഇക്കാര്യമാണ് രാജ്‌നാഥ് സിംഗ് ആവര്‍ത്തിക്കുന്നതും.