ശ്രീനഗര്‍: കാശ്മീരിന് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുന്ന വിഷയത്തില്‍ ജനഹിതമറിയിക്കാന്‍ ഒപ്പുശേഖരണ കാമ്പയ്‌നുമായി കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. 'പഹല്‍ഗാം ആക്രമണം പോലുള്ള സംഭവങ്ങള്‍ കൂടി പരിഗണിക്കണമെന്ന' സുപ്രീംകോടതിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ജമ്മു കശ്മീന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായി വീടുതോറുമുള്ള ഒപ്പുശേഖരണ കാമ്പയ്‌നാണ് ഒമര്‍ അബ്ദുല്ല പ്രഖ്യാപിച്ചിരിക്കുന്നത്.

ജനകീയമായ ആവശ്യത്തെ സുരക്ഷയുടെ കണ്ണിലൂടെ കാണരുതെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രഭരണ പ്രദേശത്തെ 20 ജില്ലകളെയും ഉള്‍ക്കൊള്ളുന്ന ഒപ്പുശേഖരണ കാമ്പയിന് ഉമര്‍ അബ്ദുല്ല ഇറങ്ങിത്തിരിക്കുന്നത്. സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള ഹരജിക്ക് മറുപടിയായി 'പഹല്‍ഗാമില്‍ സംഭവിച്ചത് നിങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയില്ല' എന്ന ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ സമീപകാല പരാമര്‍ശം ജമ്മു കശ്മീര്‍ ജനതയെ പ്രകോപിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ എട്ട് ആഴ്ചകള്‍ക്കു ശേഷമാണ് അടുത്ത വാദം കേള്‍ക്കല്‍.

'ഓഫിസുകളില്‍ നിന്ന് ഇറങ്ങി ഡല്‍ഹിയിലെ വാതിലുകളില്‍ ചെന്ന് നമുക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ട' സമയമാണിതെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞു. കേന്ദ്രഭരണ പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ നടത്തുന്ന ആദ്യ സ്വാതന്ത്ര്യദിന പരിപാടിയായ ശ്രീനഗറിലെ ചടങ്ങില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. കത്തുകള്‍, പ്രമേയങ്ങള്‍, യോഗങ്ങള്‍ എന്നിവയിലൂടെ നേരത്തെ തന്നെ ഇക്കാര്യം ബോധ്യപ്പെടുത്തിയിരുന്നുവെന്നും അടുത്ത ഘട്ടത്തില്‍ ജമ്മു കശ്മീരിലെ എല്ലാ ഗ്രാമങ്ങളിലും എത്തി സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പിന്തുണ ശേഖരിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധിപ്പിക്കുന്നത് 'അനീതി'യാണെന്നും 'ആളുകളെ അവര്‍ ചെയ്യാത്ത കുറ്റകൃത്യത്തിന് ശിക്ഷിക്കുന്നതിന്' തുല്യമാണെന്നും ഉമര്‍ പറഞ്ഞു. ബാഹ്യശക്തികളാണോ സംസ്ഥാന പദവി നിര്‍ണയിക്കുന്നതെന്നും നമുക്ക് എപ്പോള്‍ ഒരു സംസ്ഥാനമാകാന്‍ കഴിയുമെന്ന് നമ്മുടെ അയല്‍ക്കാരോ ശത്രുക്കളോ നിര്‍ണിയിക്കുമോയെന്നും എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന പദവി ഹരജിയില്‍ എട്ട് ആഴ്ചക്കുള്ളില്‍ കേന്ദ്രത്തിന്റെ പ്രതികരണം അറിയിക്കണമെന്ന് വ്യാഴാഴ്ച സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. 'ഇന്നു മുതല്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരും ഇരിക്കില്ല. ഞങ്ങള്‍ ക്ഷീണിക്കില്ല. ജമ്മു കശ്മീരിലെ 90 നിയമസഭാ മണ്ഡലങ്ങളിലെ ഓരോരുത്തരുടെയും അടുക്കല്‍ എത്താന്‍ ഈ എട്ട് ആഴ്ചകള്‍ ഞങ്ങള്‍ ഉപയോഗിക്കും. എല്ലാ വാതിലുകളിലും മുട്ടി ഒരു ചോദ്യം ചോദിക്കും. നിങ്ങള്‍ക്ക് ജമ്മു കശ്മീരിനെ സംസ്ഥാന പദവിയിലേക്ക് തിരികെ കൊണ്ടുവരണോ വേണ്ടയോ? ശേഖരിച്ച ഒപ്പുകള്‍ കേന്ദ്രത്തിനും സുപ്രീംകോടതിക്കും സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദശലക്ഷക്കണക്കിന് ആളുകള്‍ ഈ ആവശ്യത്തെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമര്‍ പറഞ്ഞു. ആളുകള്‍ ഒപ്പിടാന്‍ വിസമ്മതിച്ചാല്‍, ജമ്മു കശ്മീര്‍ നിലവിലെ സാഹചര്യത്തില്‍ തൃപ്തരാണെന്ന് താന്‍ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലയിലുടനീളം വ്യാപകമായ അപലപനം ഉണ്ടായിട്ടും പഹല്‍ഗാം കൂട്ടക്കൊലയുമായി ജമ്മു കശ്മീരിലെ ജനങ്ങളെ അന്യായമായി ബന്ധിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 'കത്‌വ മുതല്‍ കുപ്വാര വരെ ആക്രമണം ഞങ്ങളുടെ പേരിലല്ലെന്ന് ആളുകള്‍ പറയാത്ത ഒരു നഗരമോ ഗ്രാമമോ വീടോ ഇല്ല. ഈ സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു. ഈ വര്‍ഷം എന്തെങ്കിലും മാറ്റം വരുമെന്ന് ഞങ്ങളുടെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും എന്നോട് വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.