- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്രസർക്കാരിനെതിരേ ലോക്സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ 'ഇന്ത്യ' സഖ്യം; ലക്ഷ്യമിടുന്നത് മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവനക്കായി; ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യൻ മുജാഹിദീൻ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്ന് നരേന്ദ്ര മോദി; ഇത്തരത്തിൽ ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷത്തെ ഒരിക്കലും കണ്ടിട്ടില്ലെന്നും പരിഹാസം
ന്യൂഡൽഹി: മണിപ്പുർ വിഷയം ഉയർത്തിക്കാട്ടി കേന്ദ്രസർക്കാരിനെതിരേ പാർലമെന്റിന്റെ മൺസൂൺ സെഷനിൽ ലോക്സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം. ചൊവ്വാഴ്ച രാവിലെ നടന്ന 'ഇന്ത്യ' സഖ്യത്തിന്റെ യോഗത്തിൽ അവിശ്വാസ പ്രമേയ നോട്ടീസ് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യപ്പെട്ടിരുന്നു എന്നാണ് വിവരം. 'ഇന്ത്യ' പ്രതിപക്ഷ സഖ്യത്തിലെ പ്രമുഖരായ തൃണമൂൽ കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതു സംബന്ധിച്ച് കോൺഗ്രസ് പ്രാഥമിക ചർച്ചകൾ നടത്തി. സോണിയ ഗാന്ധി പാർലമെന്റിൽ മറ്റു നേതാക്കളെ കണ്ടു ചർച്ച നടത്തുന്നുണ്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ നാളെ പ്രതിപക്ഷ മുന്നണി നേതാക്കളുമായി ചർച്ച നടത്തും. സംഘർഷഭരിതമായ മണിപ്പുരിലെ സ്ഥിതിഗതികളെക്കുറിച്ചു പാർലമെന്റിൽ സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിർബന്ധിതമാക്കാൻ ഏറ്റവും ഉചിതമായ മാർഗം അവിശ്വാസ പ്രമേയമാണെന്ന് 'ഇന്ത്യ' വിലയിരുത്തി.
മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കൊണ്ട് പാർലമെന്റിൽ പ്രസ്താവന നടത്തിക്കാനുള്ള കഠിനശ്രമത്തിലാണ് പ്രതിപക്ഷം. ആഭ്യന്തരമന്ത്രിയല്ല, പ്രധാനമന്ത്രി തന്നെ സംസാരിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം. സർക്കാരിനേക്കൊണ്ട് വിഷയത്തിൽ ചർച്ചയ്ക്ക് തുടക്കം കുറിപ്പിക്കാനുള്ള അനുയോജ്യമായ മാർഗമായാണ് അവിശ്വാസ പ്രമേയത്തെ പ്രതിപക്ഷം കണക്കാക്കുന്നത്. മണിപ്പുർ വിഷയത്തിൽ രാജ്യസഭയിലും സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
ഇതിനിടെ, മണിപ്പുർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നതോടെ ചൊവ്വാഴ്ചയും സഭ പ്രക്ഷുബ്ധമായി. തുടർന്ന്‌ലോക്‌സഭ ഉച്ചയ്ക്ക് രണ്ടുമണിവരേയും രാജ്യസഭ 12 മണിവരേയും നിർത്തിവെച്ചു.
സഭ നിർത്തിവെച്ച് വിഷയം ചർച്ചചെയ്യണമെന്ന ആവശ്യവുമായി വിവിധ പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തിയിരുന്നു. ലോക്‌സഭയിൽ കോൺഗ്രസ് എംപി. ഗൗരവ് ഗൊഗോയിയും ആർ.ജെ.ഡി. എംപി. മനോജ് സിൻഹയും നോട്ടീസ് നൽകിയപ്പോൾ രാജ്യസഭയിൽ കോൺഗ്രസ് എംപി. രഞ്ജീത് രഞ്ജനും ആവശ്യമുന്നയിച്ചു.ഇദ്ദേഹത്തെ കൂടാതെ രാഘവ് ഛദ്ദ, കെ. കേശവ് റാവു, കെ.ആർ. സുരേഷ് റെഡ്ഡി, ജോഗിനിപള്ളി സന്തോഷ്‌കുമാർ, ബദുഗുല ലിങ്കയ്യ യാദവ്, മനോജ് ഝാ, സെയ്ദ് നാസർ ഹുസൈൻ, തിരുച്ചി ശിവ, ഇമ്രാൻ പ്രതാപ്ഗഡി, രാജീവ് ശുക്ല എന്നിവരും നോട്ടീസ് നൽകി.
പ്രധാനമന്ത്രി സഭയിലെത്തി സ്വമേധയാ പ്രസ്താവന നടത്തണമെന്ന് കഴിഞ്ഞദിവസം കോൺഗ്രസിന്റെ സഭാനേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാൻ സർക്കാർ തയ്യാറാകാതെ വന്നതോടെ പ്രതിപക്ഷം ബഹളമാരംഭിച്ചു. ചർച്ചയ്ക്ക് തയ്യാറാണെങ്കിലും പ്രധാനമന്ത്രി സഭയിൽ സംസാരിക്കില്ലെന്ന് സർക്കാർ അറിയിച്ചു. പ്രതിപക്ഷം ഇത് അംഗീകരിക്കാൻ തയ്യാറായില്ല.
പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലുസീവ് അലയൻസ്- ക ച ഉ ക അ ) എന്ന പേരു നൽകിയതിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഇന്ത്യ എന്ന പേരിന് അവർ അവരെത്തന്നെ പ്രശംസിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യൻ മുജാഹിദീൻ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മണിപ്പുർ വിഷയത്തെ ചൊല്ലി പാർലമെന്റിൽ വൻപ്രതിപക്ഷ ബഹളം നടക്കുന്നതിനിടയിലാണ് ബിജെപി എംപിമാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്തിന്റെ പേര് ഉപയോഗിച്ചതുകൊണ്ടു മാത്രം ആളുകളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷത്തെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞു.
പ്രതിപക്ഷം, പരാജയപ്പെട്ടവരും ക്ഷീണിതരും പ്രതീക്ഷയറ്റവരുമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, അവർക്കുള്ള ഏക അജണ്ട മോദിയെ എതിർക്കൽ മാത്രമാണെന്നും വിമർശിച്ചു. പ്രതിപക്ഷത്തിന്റെ പ്രവൃത്തികൾ വ്യക്തമാക്കുന്നത്, അവർ പ്രതിപക്ഷത്ത് തന്നെ തുടരാൻ മനസ്സുകൊണ്ട് ഉറപ്പിച്ചു എന്നാണെന്നും മോദി പരിഹസിച്ചു. ജനങ്ങളുടെ പിന്തുണകൊണ്ട് 2024-ൽ ബിജെപി. എളുപ്പത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും മോദി യോഗത്തിൽ പ്രകടിപ്പിച്ചു.




