ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചും ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം ചെങ്കോൽ സ്ഥാപിച്ചും രാജ്യത്തിനു തന്നെ അഭിമാനമായി മാറിയിരിക്കുന്ന സമയത്ത് ആർജെഡിയുടെ ട്വീറ്റു വിവാദമായിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്തതാണ് വിവാദമായത്. ഈ വിഷയത്തിൽ ആർജെഡിയെ വിമർശിച്ചു ബിജെപി നേതാക്കൾ രംഗത്തുവന്നു.

ശവപ്പെട്ടി നിങ്ങളുടെ ഭാവി, പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ ഭാവിയെന്നായിരുന്നു ബിജെപിയുടെ മറുപടി. ശവപ്പെട്ടിയുമായി താരതമ്യപ്പെടുത്തി ട്വീറ്റ് ചെയ്തവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പറഞ്ഞു. ഇതിനെക്കാൾ ദൗർഭാഗ്യകരമായി മറ്റെന്താണ് ഉള്ളത്. പുതിയ പാർലമെന്റ് പൊതുപണം കൊണ്ട് നിർമ്മിച്ചതാണ്. ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചെങ്കിലും പാർലമെന്റ് നടപടികളിൽ പങ്കെടുക്കും. പാർലമെന്റ് സ്ഥിരമായി ബഹിഷ്‌കരിക്കാൻ ആർജെഡി തീരുമാനിച്ചോ? അവരുടെ എംപിമാർ ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും രാജിവെക്കുമോയെന്നും മോദി ചോദിച്ചു.

'അവർ ശവപ്പെട്ടിയുടെ ചിത്രം ഉപയോഗിച്ചു. ഇതിൽപ്പരം മറ്റ് അനാദരവ് എന്താണ്? ഇത് രാഷ്ട്രീയ പാർട്ടിയുടെ വിലകുറഞ്ഞ ചിന്താഗതിയാണ് കാണിക്കുന്നത്. ഇന്ന് ഒരു ശുഭദിനമാണ്,പുതിയ പാർലമെന്റ് രാജ്യത്തിന് സമർപ്പിക്കുമ്പോൾ രാജ്യത്തിന് അഭിമാനത്തിന്റെ ദിവസമാണ്. ഇത്തരം ട്വീറ്റ് ചെയ്തവർക്കെതിരെ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റർ ചെയ്യണം,' മോദി പറഞ്ഞു.

അതേസമയം പാർലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം പങ്കുവച്ച ആർജെഡിക്കെതിരെ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും രംഗത്തുവന്നു. എന്തിനാണ് പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

''മറ്റെന്തെല്ലാം പറയാൻ സാധിക്കുമായിരുന്നു. എന്തുകൊണ്ടാണ് ശവപ്പെട്ടിയുടെ മാതൃക മുന്നോട്ട് വച്ചത്. ആർജെഡിക്ക് യാതൊരു നിലപാടുമില്ല. പഴയ പാർലമെന്റ് കെട്ടിടത്തിന് ഡൽഹി ഫയർ സർവീസിന്റെ അനുമതി പോലും ഇല്ല. പുതിയ പാർലമെന്റ് മന്ദിരം ലോക്‌സഭാ സ്പീക്കർ ആയിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ താനാണ് എല്ലാം ചെയ്യുന്നതെന്നും മറ്റാർക്കും ഇതൊന്നും ചെയ്യാൻ സാധിക്കില്ലെന്നും കാണിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

2014ന് മുൻപ് ഇന്ത്യയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും അതിനുശേഷമാണ് എല്ലാം സംഭവിക്കുന്നതെന്നും വരുത്തിത്തീർക്കാനാണ് ശ്രമം. പ്രധാനമന്ത്രി, സ്വയം പ്രചാരണം നടത്തുന്നതിനുള്ള മാർഗമായാണ് ഇതിനെ കാണുന്നത്''.ഒവൈസി പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും ശവപ്പെട്ടിയുടെയും ചിത്രത്തിനൊപ്പം എന്താണിതെന്ന ചോദ്യവും ട്വീറ്റിലുണ്ട്. ആർജെഡി ഉൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.