മുംബൈ: മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല, ഭരണപക്ഷത്ത് നിന്നും അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് കോഷിയാരി പടിയിറങ്ങാൻ സന്നദ്ധനായത്. 2019 ലാണ് കോഷിയാരി നിയമിതനായത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാരുമായി തുടർച്ചയായി സംഘർഷത്തിലായിരുന്നു കോഷിയാരി. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അതിരാവിലെ ദേവേന്ദ്ര ഫഡ്നാവിസിനും അജിത് പവാറിനും സത്യപ്രതിജ്ഞയ്ക്ക് അവസരമുണ്ടാക്കിയത് അടക്കമുള്ള വിവാദങ്ങളിൽ കോഷിയാരി ഉൾപ്പെട്ടിരുന്നു.

ഛത്രപതി ശിവാജിയെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് താരതമ്യം ചെയ്ത് അപമാനിച്ച കോഷിയാരിയെ പദവിയിൽ നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി ഉദയൻരാജെ ഭോസലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അടുത്തിടെ കത്തെഴുതിയിരുന്നു. ഭരണമുന്നണിയിലെ ഏക്നാഥ് ഷിൻഡെ വിഭാഗം എംഎൽഎയും ഗവർണറെ മാറ്റണമെന്നു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുംബൈ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു മുൻപായി പദവിയൊഴിയാനാണു കോഷിയാരി ആഗ്രഹിക്കുന്നതെന്നാണു റിപ്പോർട്ട്. എന്തായാലും കോഷിയാരി ഒഴിഞ്ഞാൽ മഹാരാഷ്ട്ര ഗവർണർ സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്തേണ്ടി വരും.

ഗോവ ഗവർണറായ പി എസ് .ശ്രീധരൻ പിള്ളയെ മഹാരാഷ്ട്ര ഗവർണറായി നിയമിക്കാൻ സാധ്യതയുണ്ട്. ഉടൻ പ്രതീക്ഷിക്കുന്ന കേന്ദ്ര മന്ത്രി സഭാ പുനഃ സംഘടനയ്ക്ക് മുന്നോടിയായി ഗവർണർമാരെയും പരസ്പരം മാറ്റിയേക്കും. കോഷിയാരി മാറുന്നതോടെ, പകരക്കാരനെ നിയമിക്കണം. ആ സ്ഥാനത്തേക്ക് ശ്രീധരൻ പിള്ള വരുമെന്നാണ് സൂചന. മന്ത്രിസഭയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും, കേന്ദ്രമന്ത്രിമാരെ മാറ്റുകയോ, സ്ഥാനക്കയറ്റം നൽകുകയോ ചെയ്യുക.

ഈയാഴ്ച അവസാനത്തോടെ പ്രധാനമന്ത്രി മന്ത്രിസഭാ പുനഃ സംഘടനയിൽ തീരുമാനം എടുക്കുമെന്നാണ് അറിയുന്നത്. പല കേന്ദ്രമന്ത്രിമാരുടെയും നെഞ്ചിടിപ്പേറിയിരിക്കുകയാണ്. മാറ്റത്തിന് സമയമായി എന്ന് പ്രധാനമന്ത്രി മുതിർന്ന പാർട്ടി നേതാക്കളോട് സൂചിപ്പിച്ചതായാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്. ഗുജറാത്തിലെയും, ഹിമാചലിലെയും, ഡൽഹി മുനിസിപ്പൽ കോർപറേഷനിലെയും തിരഞ്ഞെടുപ്പ് ഫലം വന്നശേഷം, ഗുജറാത്തിൽ, ചരിത്രപ്രധാന വിജയം കൈവരിച്ചെങ്കിലും, മോദി മൊത്തം ഫലത്തിൽ അസംതൃപ്തനാണെന്ന് മുതിർന്ന പാർട്ടി നേതാക്കൾ പറയുന്നു. ഇതോടെ, കേന്ദ്രമന്ത്രിസഭയിൽ നിർണായക സ്ഥാനത്തിരിക്കുന്ന മന്ത്രിമാർ കസേര പോകുമെന്ന ആശങ്കയിലാണ്.

ഗുജറാത്തിൽ ബിജെപി പ്രതിപക്ഷത്തെ തറ പറ്റിച്ചെങ്കിലും. ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഫലവും ഹിമാചൽ ഫലവും പാർട്ടിക്ക് തിരിച്ചടിയായിരുന്നു. തിരഞ്ഞെടുപ്പിനിടെ ചേരിതിരിഞ്ഞ ഹിമാചലിലെയും ഡൽഹിയിലെയും ചില എംപിമാരും വിറളി പൂണ്ടുനടക്കുകയാണ്. ഏതൊക്കെ നേതാക്കൾക്കെതിരെ വടിയെടുക്കുമെന്ന് കണ്ടറിയേണ്ടി വരും. എന്തായാലും മന്ത്രിസഭാ പുനഃ സംഘടന 9 സംസ്ഥാനങ്ങളിൽ ഈ വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെയും അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിനെയും മനസ്സിൽ കണ്ടുകൊണ്ടായിരിക്കും എന്നുറപ്പ്.

മികച്ച പ്രകടനം കാഴ്ച വയ്ക്കാത്ത മന്ത്രിമാരെ പുറത്താക്കുന്നത് പോലെ, നിരവധി സംസ്ഥാനങ്ങളിൽ താര പ്രചാരകരായിരുന്ന ചില എംപിമാർക്ക് മന്ത്രിസഭയിലേക്ക് ക്ഷണം കിട്ടാനും സാധ്യതയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ മന്ത്രി സഭാ പുനഃ സംഘടനയായിരിക്കും ഇത്. ഗുജറാത്തിൽ നിന്നുള്ള രണ്ട് എംപിമാർക്കെങ്കിലും മന്ത്രിസഭയിൽ ഇടം കിട്ടിയേക്കും. കൂടുതൽ വനിതകളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. മന്ത്രസഭാ പുനഃ സംഘടനയ്ക്ക് മുന്നോടിയായി ഗവർണമാരെ മാറ്റുമ്പോൾ, ശ്രീധരൻ പിള്ളയെ ഗോവയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പറിച്ചുനടുന്നതിനൊപ്പം, കേന്ദ്രമന്ത്രി വി.മുരളീധരനെ ഗോവ ഗവർണർ ആക്കിയേക്കുമെന്നും സൂചനയുണ്ട്. ഇതിൽ അന്തിമ വാക്ക് പ്രധാനമന്ത്രിയുടേത് തന്നെയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

2019 ഒക്ടോബർ 25 ന് മിസോറാം ഗവർണറായി ചുമതലയേറ്റ ശ്രീധരൻ പിള്ളയെ കഴിഞ്ഞ വർഷം ജൂലൈയിലാണ് ഗോവ ഗവർണറായി മാറ്റി നിയമിച്ചത്. കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി തവർചന്ദ് ഗെലോട്ടിനെ കർണാടക ഗവർണറായി നിയമിച്ചതായിരുന്നു അന്നത്തെ പ്രധാന മാറ്റം.
കർണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഗോവ, ത്രിപുര, ജാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ വർഷം ഗവർണർമാരെ മറ്റി നിയമിച്ചത്.

പ്രധാനമന്ത്രി മോദി മുംബൈ സന്ദർശിച്ച വേളയിലാണ് ഗവർണർ സ്ഥാനമൊഴിയാനുള്ള താൽപര്യം കോഷിയാരി അറിയിച്ചത്. മുംബൈ മുനിസിപ്പൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഗവർണർ സ്ഥാനം ഒഴിയാനുള്ള ഭഗത് സിങ് കോഷിയാരിയുടെ നീക്കം. ഇനിയുള്ള ജീവിതം എഴുതാനും വായനയ്ക്കുമായ് മാറ്റി വയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു. സാമൂഹിക പരിഷ്‌കർത്താക്കളുടെയും പോരാളികളുടെയും നാടായ മഹാരാഷ്ട്രയിൽ ഒരു സേവകനായി പ്രവർത്തിക്കാൻ സാധിച്ചത് വലിയ ബഹുമതിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കോഷിയാരി പദവി ഒഴിയുന്നതു സ്ഥിരീകരിച്ച് മഹാരാഷ്ട്ര രാജ്ഭവൻ ട്വീറ്റ് ചെയ്തു. 'മഹാരാഷ്ട്ര പോലെ മഹത്തായ സംസ്ഥാനത്തിന്റെ രാജ്യസേവകനായി സേവനം ചെയ്യാൻ കഴിഞ്ഞത് വലിയ ബഹുമതിയും ഭാഗ്യവുമാണ്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈ സന്ദർശിച്ചപ്പോൾ, എല്ലാ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിൽനിന്നും മുക്തനാകാൻ ആഗ്രഹിക്കുന്നതായി അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇനിയുള്ള ജീവിതം വായനയ്ക്കും എഴുത്തിനും മറ്റുമായി നീക്കിവയ്ക്കുകയാണ്.'' കോഷിയാരി ട്വിറ്ററിൽ വ്യക്തമാക്കി.