ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയെ അയോഗ്യതയിൽ പ്രതിഷേധം ഉയരുന്നതിനിടെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തെ വിമർശിച്ച് നരേന്ദ്ര മോദി. ചില പാർട്ടികൾ (അഴിമതിക്കാരനെ സംരിക്ഷിക്കുന്ന പദ്ധതി) 'ഭ്രഷ്ടാചാരി ബച്ചാവോ അഭിയാൻ' തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.

ഇന്ത്യയിലെ എല്ലാ അഴിമതി മുഖങ്ങളും ഇപ്പോൾ ഒരേ വേദിയിൽ ഒത്തുചേരുകയാണ്. ഇന്ത്യ മഹത്തായ ഉയർച്ചകളിൽ നിൽക്കുമ്പോൾ, ഇന്ത്യക്കകത്തും പുറത്തുമുള്ള വിരുദ്ധ ശക്തികൾ ഒന്നിക്കുന്നത് സ്വാഭാവികമാണെന്നും മോദി പറഞ്ഞു. ഡൽഹിയിലെ ഒരു പാർപ്പിട സമുച്ചയവും ബിജെപിയുടെ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യവേ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്ക് ഭരണഘടനാ സ്ഥാപനങ്ങൾ നൽകിയ ശക്തമായ അടിത്തറയുണ്ട്. അതുകൊണ്ടാണ് അവ ആക്രമണത്തിനിരയാകുന്നത്. അവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. അഴിമതിക്കാർക്കെതിരെ അന്വേഷണ ഏജൻസികൾ നടപടിയെടുക്കുമ്പോൾ, ഏജൻസികൾ ആക്രമിക്കപ്പെടുകയും ചോദ്യംചെയ്യപ്പെടുകയും ഉണ്ടാകുന്നു.

കോടതിയാണ് എതിർ വിധി പറയുന്നതെങ്കിൽ അവയും ചോദ്യം ചെയ്യപ്പെടുന്നു. (അഴിമതി സംരക്ഷിക്കൽ പദ്ധതി) ഭ്രഷ്ടാചാരി ബച്ചാവോ അഭിയാൻ നടത്താനാണ് ചില പാർട്ടികൾ ഒത്തുചേരുന്നതെന്ന് നിങ്ങൾ എല്ലാവരും കാണുന്നുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കുകയാണ് ബിജെപി. ചെയ്യുന്നതെന്ന് മോദി പറഞ്ഞു. ബിജെപി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രമസമാധാനം മെച്ചപ്പെട്ടതാണ്. അഴിമതിയിൽ മുങ്ങിയവരെല്ലാം ഒരേ വേദിയിൽ ഒന്നിക്കുന്നുവെന്ന് പ്രതിപക്ഷ കക്ഷികളെ വിമർശിച്ച് പ്രധാനമന്ത്രി സംസാരിച്ചു.

ഭാരതീയ ജനസംഘത്തിൽ നിന്ന് ബിജെപിയിലേക്കുള്ള യാത്രയിലെ ഉയർച്ച താഴ്ചകൾ അദ്ദേഹം അനുസ്മരിച്ചു. 1984-ൽ സംഭവിച്ചത് ഇന്ത്യ ഒരിക്കലും മറക്കില്ല. അത് എക്കാലവും കറുത്ത കാലമായി തന്നെ ഓർമിക്കപ്പെടും. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വൻ വിജയം നേടി. പക്ഷെ ഞങ്ങൾ തളർന്നില്ല, നിരാശരായതുമില്ല, ഞങ്ങൾ ഏതാണ്ട് അവസാനിച്ചുവെന്ന് പറഞ്ഞപ്പോഴും ഞങ്ങൾ ആരേയും കുറ്റപ്പെടുത്തിയില്ല.

ആർക്കെതിരെയും ആക്രമണങ്ങൾ നടത്തിയില്ല. പകരം താഴെത്തട്ടിൽ പ്രവത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്താൻ ഞങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. 2019-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 303 സീറ്റുകൾ സ്വന്തമാക്കി. പല സംസ്ഥാനങ്ങളിലും ബിജെപിക്ക് 50 ശതമാനത്തിലധികം വോട്ട് ഷെയർ ലഭിച്ചു. ഇന്ന് പാൻ ഇന്ത്യൻ പാർട്ടിയായി നിലനിൽക്കുന്നത് ബിജെപി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.