അംബാസ/ ത്രിപുര: ത്രിപുരയിൽ ബിജെപി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും, കോൺഗ്രസ്-സിപിഎം സഖ്യത്തെ ഇകഴ്‌ത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തകർപ്പൻ പ്രചാരണം. കേരളത്തിൽ ഗുസ്തി കൂടുന്ന രണ്ടുപാർട്ടികൾ വടക്ക് കിഴക്കൻ സംസ്ഥാനത്ത് കൂട്ടുകൂടി( ദോസ്തി) യിരിക്കുകയാണെന്ന് മോദി ഗോമതി ജില്ലയിലെ രാധാകിഷോർപൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ, കോൺഗ്രസ്-സിപിഎം സഖ്യത്തെ ലാക്കാക്കി പറഞ്ഞു. മൂന്നാം കക്ഷിയായ ഗോത്രവർക്കാരുടെ പാർട്ടിയായ തിപ്ര മോത്തയെയും വെറുതെ വിട്ടില്ല. മറ്റുചില കക്ഷികളും പ്രതിപക്ഷ സഖ്യത്തെ അണിയറയിൽ സഹായിക്കുന്നുണ്ട്. എന്നാൽ, അവർക്കുള്ള ഓരോ വോട്ടും ത്രിപുരയെ വർഷങ്ങൾ, പിന്നോട്ടടിക്കും, മോദി പറഞ്ഞു.

ദുർഭരണത്തിന്റെ പഴയ കളിക്കാർ കൈയിട്ടുവാരാൻ ഒന്നിച്ചിരിക്കുകയാണ്. കേരളത്തിൽ ഗുസ്തി കൂടുന്നവർ ത്രിപുരയിൽ കൂട്ടുകൂടിയിരിക്കുന്നു, മോദിയുടെ വാക്കുകൾ ഇങ്ങനെ. പ്രതിപക്ഷത്തിന് വോട്ടുകൾ ഭിന്നിപ്പിക്കണം, ചില വോട്ടുഭിന്നിക്കൽ പാർട്ടികൾ അവരുടെ വില പേശാൻ തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്. കുതിര കച്ചവടം സ്വപ്‌നം കാണുന്നവർ അവരെ ഇപ്പോഴേ വീടുകളിൽ അടച്ചിട്ടിരിക്കുന്നു, മോദി പറഞ്ഞു.

അംബാസയിൽ നടന്ന മറ്റൊരു റാലിയിൽ, ഇടത്- കോൺഗ്രസ് സർക്കാരുകൾ ഗോത്രവർഗ്ഗക്കാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കി എന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയാകട്ടെ, ഗോത്രവർഗ്ഗക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് പരിശ്രമിച്ചത്. കേന്ദ്ര ബജറ്റിൽ, ഒരുലക്ഷം കോടിയാണ് ഗോത്രവർഗ്ഗ മേഖലകളുടെ വികസനത്തിനായി മാറ്റി വച്ചത്. ഇടതുപക്ഷം ഭരിക്കുന്ന ഒരു സംസ്ഥാനത്ത് നിരവധി പേർ കോവിഡ് കാരണം ദുരിതം അനുഭവിക്കുകയും മരിക്കുകയും ചെയ്തു. എന്നാൽ ത്രിപുര സുരക്ഷിതമായിരുന്നു. ഇരട്ട എഞ്ചിൻ സർക്കാരിന് വോട്ട് ചെയ്ത് വടക്ക് കിഴക്കൻ മേഖലയുടെ വികസനത്തിന് തുടർച്ച നൽകാൻ മോദി അഭ്യർത്ഥിച്ചു. കോൺഗ്രസിന്റെയും ഇടതിന്റെയും ഇരട്ടത്തലയുള്ള വാളിനെ കരുതിയിരിക്കണമെന്നും, അവർ ജനങ്ങൾക്ക് ഗുണപ്രദമായ പദ്ധതികൾ നിർത്തുമെന്നും മോദി പറഞ്ഞു.

കോൺഗ്രസിനും ഇടതുപക്ഷത്തിനും പാവങ്ങളെ വഞ്ചിക്കാൻ മാത്രമേ അറിയു. ജനങ്ങൾ അവരുടെ ദുർഭരണത്തിൽ വർഷങ്ങളോളം ദുരിതം അനുഭവിച്ചു. ദരിദ്രർ എന്നും ദരിദ്രരായി ഇരിക്കണമെന്നാണ് ഇരുപാർട്ടികളും ആഗ്രഹിക്കുന്നത്. അവർക്ക് എണ്ണമറ്റ മുദ്രാവാക്യങ്ങൾ ദരിദ്രർക്ക് വേണ്ടി ഉണ്ടെങ്കിലും, അവർ ഒരിക്കലും അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയോ, പരിഹരിക്കുകയോ ചെയ്തിട്ടില്ല, മോദി പറഞ്ഞു.

നേരത്തെ സിപിഎം കേഡറുകളായിരുന്നു പൊലീസ് സ്റ്റേഷനുകൾ നിയന്ത്രിച്ചിരുന്നത്. ഇപ്പോൾ ബിജെപി നിയമവാഴ്ച തിരികെ കൊണ്ടുവന്നു. നേരത്തെ സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥ ദയനീയമായിരുന്നു. ഇപ്പോൾ അവർക്ക് വീടുകൾക്ക് പുറത്ത് തലയുയർത്തി നടക്കാം. വടക്ക് കിഴക്കൻ മേഖലയ്ക്ക് കേന്ദ്രസർക്കാർ അനുവദിച്ച നിരവധി വികസന പദ്ധതികളും മോദി എണ്ണിപ്പറഞ്ഞു.