- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മുടെ പാരമ്പര്യത്തെ താഴ്ത്തിക്കെട്ടുന്ന രീതി മാറണം; അടിമത്ത മനോഭാവത്തിൽ നിന്ന് രാജ്യം മുക്തമാകണമെങ്കിൽ നിങ്ങൾ ഉണരണം; പുതുതലമുറയോട് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനായി പഴയകാലത്തെ അടിമത്ത ചിന്താഗതിയിൽ നിന്ന് പൂർണ്ണമായും മുക്തമാകാൻ ഇന്ത്യയിലെ യുവതലമുറയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് ഭാരത് മണ്ഡപത്തിൽ നടന്ന 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ ഇന്നത്തെ ജെൻ സെഡ് (Gen Z) തലമുറയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ബ്രിട്ടീഷ് കാലഘട്ടത്തിലെ വിദ്യാഭ്യാസ രീതികളും (മെക്കാളെ വിദ്യാഭ്യാസ രീതി) നിയമങ്ങളും ഇപ്പോഴും ഇന്ത്യക്കാരുടെ ചിന്താഗതിയെ സ്വാധീനിക്കുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പുരോഗതിക്ക് ഈ ചിന്താഗതികളിൽ നിന്ന് പുറത്തുകടക്കേണ്ടത് അനിവാര്യമാണ്. വിദേശ ഉൽപ്പന്നങ്ങളെ മാത്രം മികച്ചതായി കാണുകയും ഇന്ത്യൻ പാരമ്പര്യത്തെ താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന പ്രവണത മാറണം. വിദേശത്തെ നല്ല കാര്യങ്ങൾ സ്വീകരിക്കുന്നതിനൊപ്പം നമ്മുടെ രാജ്യത്തിന്റെ കരുത്തിൽ അഭിമാനിക്കാൻ യുവാക്കൾ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അടുത്ത പത്ത് വർഷത്തിനുള്ളിൽ അടിമത്ത മനോഭാവത്തിൽ നിന്ന് ഭാരതത്തെ പൂർണ്ണമായും മോചിപ്പിക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. 2035 ഓടെ ഈ കോളനിവൽക്കരണ ചിന്താഗതികൾ പൂർണ്ണമായും അവസാനിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി മുന്നോട്ടുവെച്ച അഞ്ച് തത്വങ്ങളിൽ (പഞ്ചപ്രാൺ) പ്രധാനപ്പെട്ട ഒന്നാണ് അടിമത്ത മനോഭാവത്തിൽ നിന്നുള്ള മോചനവും നമ്മുടെ പൈതൃകത്തിലുള്ള അഭിമാനവും.
യുപിഎ സർക്കാരിന്റെ കാലത്ത് നിലനിന്നിരുന്ന സങ്കീർണ്ണമായ നിയമങ്ങൾ യുവാക്കളുടെ മുന്നേറ്റത്തിന് തടസ്സമായിരുന്നു. എന്നാൽ ഇന്ന് കാലഹരണപ്പെട്ട നിയമങ്ങൾ നീക്കം ചെയ്ത് യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നുനൽകിയിരിക്കുകയാണ്. ബഹിരാകാശ മേഖല മുതൽ പ്രതിരോധം വരെയുള്ള വിവിധ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയത് ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാമി വിവേകാനന്ദൻ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മാറ്റിയത് പോലെ, ഇന്നത്തെ യുവാക്കൾ രാജ്യത്തിന്റെ വികസനത്തിൽ ക്രിയാത്മകമായി ഇടപെടണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.


