ന്യൂഡൽഹി: തുർക്കി - സിറിയ ഭൂകമ്പത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ഇന്ത്യൻ സംഘവുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽവച്ചാണ് കൂടിക്കാഴ്ച നടത്തിയത്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ അദ്ദേഹം പ്രശംസിച്ചു. 'ഓപ്പറേഷൻ ദോസ്ത്' എന്നു പേരിട്ട് നടത്തിയ രക്ഷാ ദൗത്യത്തിൽ നിരവധി ജീവനുകൾ രക്ഷിച്ചിരുന്നു.

നിങ്ങൾ മനുഷ്യരാശിക്ക് നിസ്വാർഥ സേവനം ചെയ്യുകയും രാജ്യത്തിന്റെ അഭിമാനമാകുകയും ചെയ്‌തെന്ന് തുർക്കിയിൽ നിന്ന് മടങ്ങിയെത്തിയ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഞങ്ങൾ ലോകത്തെ ഒരു കുടുംബമായി കണക്കാക്കുന്നു. പ്രതിസന്ധിയിലായ ഏതൊരു അംഗത്തെയും സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

'ഭൂകമ്പത്തിനിടെ ഇന്ത്യ നടത്തിയ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം ആഗോള ശ്രദ്ധയാകർഷിച്ചു. നമ്മുടെ രക്ഷാ ദുരിതാശ്വാസ വിഭാഗത്തിന്റെ തയ്യാറെടുപ്പിന്റെ പ്രതിഫലനമാണത്', നരേന്ദ്ര മോദി പറഞ്ഞു. മറ്റുള്ളവർക്കു വേണ്ടി സേവനം ചെയ്യുക എന്നത് ഇന്ത്യൻ സംസ്‌കാരം നൽകിയ പാഠമാണ്. വസുദൈവ കുടുംബകം അഥവാ ലോകം ഒരു കുടുംബം എന്നത് നമ്മുടെ സംസ്‌കാരം നമുക്കു പകർന്നു നൽകിയതാണെന്നും മോദി പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ സ്വയംപര്യാപ്തതയിൽ മാത്രമല്ല, നിസ്വാർത്ഥ രാജ്യമെന്ന നിലയിലും ലോകത്തിന് മുന്നിൽ ശക്തി വെളിപ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ഫെബ്രുവരി ഏഴിനാണ് മൂന്ന് എൻഡിആർഎഫ് ടീമുകളെ തുർക്കിയിലേക്ക് അയച്ചത്. ഭൂകമ്പ ബാധിതർക്ക് സഹായം ചെയ്യാനായി ഇന്ത്യൻ ആർമിയുടെ മെഡിക്കൽ സംഘത്തെയും അയച്ചിരുന്നു.

ഭൂകമ്പം ഉണ്ടായ പ്രദേശത്ത് ഏറ്റവും ഫലപ്രദമായി രക്ഷാ ദൗത്യങ്ങളിലേർപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദേശീയ ദുരന്തനിവാരണ സേന, ഇന്ത്യൻ വ്യോമസേന, മറ്റ് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെ മോദി പ്രശംസിച്ചു. 46,000 ജീവനുകളാണ് തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ജീവൻ പൊലിഞ്ഞത്. പ്രധാനമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ഇന്ത്യൻ രക്ഷാപ്രവർത്തകരെ ഇവിടങ്ങളിലേക്ക് അയച്ചിരുന്നു.

'ഓപ്പറേഷൻ ദോസ്ത്' എന്ന പേരിലെ ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സംഘം ദൗത്യത്തിന് ശേഷം തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 99 അംഗ സംഘം 4,000 രോഗികളെ രാപ്പകലില്ലാതെ പരിചരിച്ചെന്നും അദ്ദേഹം പറഞ്ഞു.