ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന മഹായുതി സഖ്യം നേടിയ വിജയത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല ഭരണത്തിന്റേയും വികസനത്തിന്റേയും വിജയമാണ് മഹാഷ്ട്രയിലേതെന്ന് മോദി എക്സില്‍ കുറിച്ചു.

'വികസനം വിജയിച്ചു, നല്ല ഭരണം വിജയിച്ചു. ഒരുമിച്ച് നിന്നാല്‍ നമുക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാം. ചരിത്രവിധിയെഴുതിയ മഹാരാഷ്ട്രയിലെ എന്റെ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും നന്ദി. ഈ സ്നേഹവും കരുതലും സമാനതകളില്ലാത്തതാണ്. മഹാരാഷ്ട്രയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഈ സഖ്യം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ജയ് മഹാരാഷ്ട്ര', നരേന്ദ്രമോദി കുറിച്ചു.

ഏറ്റവും ഒടുവില്‍ വന്ന കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് മഹായുതി സഖ്യം 233 സീറ്റുകളിലാണ് മുന്നേറുന്നത്. 288 സീറ്റുകളിലായിരുന്നു മത്സരം. മഹാവികാസ് അഖാഡിയായിരുന്നു മുഖ്യ എതിരാളി. ബിജെപി ഒറ്റയ്ക്ക് 117 സീറ്റില്‍ വിജയിക്കുകയും 16 സീറ്റുകളില്‍ ലീഡുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശിവസേന 57 സീറ്റുകളിലും എന്‍സിപി 41 സീറ്റുകളിലും വിജയം ഉറപ്പാക്കിയിട്ടുണ്ട്.

ജാര്‍ഖണ്ഡില്‍ ജെഎംഎം നയിക്കുന്ന സഖ്യത്തെ അഭിനന്ദിച്ചും മോദി എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി അറിയിച്ചു. ജാര്‍ഖണ്ഡിലെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ എന്നും മുന്നില്‍ കാണുമെന്നും അദ്ദേഹം അറിയിച്ചു. ''എന്‍ഡിഎയുടെ ജനോപകാരപ്രദമായ ശ്രമങ്ങള്‍ എല്ലായിടത്തും പ്രതിധ്വനിക്കുന്നു. വിവിധ ഉപതിരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളെ അനുഗ്രഹിച്ചതിനു വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നത് ഞങ്ങള്‍ ഉപേക്ഷിക്കില്ല'' മോദി എക്‌സില്‍ കുറിച്ചു.

മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാര്‍ വമ്പന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. വെറും എട്ട് മാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി സഖ്യം അധികാരം നിലനിര്‍ത്തിയിരിക്കുന്നത്.