ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ 'ഫ്‌ളയിങ് കിസ്' പരാതി ഉന്നയിച്ച ബിജെപിയെയും കേന്ദ്രമന്ത്രി സമൃതി ഇറാനിയെയും പരിഹസിച്ചുനടൻ പ്രകാശ് രാജ്. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസംഗിച്ചശേഷം മടങ്ങുമ്പോൾ രാഹുൽ ഗാന്ധി ബിജെപി ബെഞ്ചുകൾക്കു നേരെ 'ഫ്‌ളയിങ് കിസ്' നൽകിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. ഇതിനെതിരെ ബിജെപിയുടെ വനിതാ എംപിമാർ സ്പീക്കർക്കു പരാതി നൽകിയിരുന്നു. സഭയുടെ അന്തസ്സിനു നിരക്കാത്ത വിധം രാഹുൽ പെരുമാറിയെന്നായിരുന്നു ആരോപണം.

സ്മൃതി ഇറാനി ഈ ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുന്ന വാർത്താ ഏജൻസിയായ എഎൻഐയുടെ പോസ്റ്റ് പങ്കുവച്ചാണ് പ്രകാശ് രാജ് രൂക്ഷ വിമർശനം ഉയർത്തിയത്. സ്മൃതി ഇറാനിക്ക് 'ഫ്‌ളയിങ് കിസ്' കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും, മണിപ്പുരിലെ സ്ത്രീകൾക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു പ്രകാശ് രാജിന്റെ വിമർശനം.

''മുൻഗണനകളാണ് പ്രശ്‌നം. ഫ്‌ളൈയിങ് കിസ് മാഡം ജീക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. പക്ഷേ, മണിപ്പുരിലെ നമ്മുടെ സ്ത്രീകൾക്കു സംഭവിച്ച കാര്യങ്ങളിൽ യാതൊരു പ്രശ്‌നവുമില്ല'' #manipurwomen #ManipurVoilence #justasking എന്നീ ഹാഷ്ടാഗുകൾ സഹിതം പ്രകാശ് രാജ് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

മണിപ്പുർ വിഷയത്തിൽ കേന്ദ്രസർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചും, പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നുവെന്ന് വിമർശിച്ചുമാണ് അസമിൽനിന്നുള്ള കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം ദിനം പ്രസംഗിച്ച രാഹുൽ ഗാന്ധി, മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു.

ഈ പ്രസംഗത്തിനു ശേഷം രാഹുൽ മടങ്ങുമ്പോഴാണ്, ഫ്‌ളയിങ് കിസ് വിവാദം ഉയർന്നത്. രാഹുൽ മടങ്ങുന്ന സമയത്ത് ബിജെപി അംഗങ്ങൾ കൂവിയിരുന്നു. സന്ദർശക ഗാലറിയിലുണ്ടായിരുന്ന കെ.സി.വേണുഗോപാലിനും മറ്റു കോൺഗ്രസ് നേതാക്കൾക്കും നേരെ കൈവീശിക്കാണിച്ച ശേഷം ബിജെപി ബെഞ്ചുകൾക്കു നേരെയും രാഹുൽ കൈവീശിയിരുന്നു. ഇതിനെതിരെയാണ് ആരോപണം ഉയർന്നത്. എന്നാൽ, ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'ഞാൻ അങ്ങനെയൊന്നും കണ്ടില്ല' എന്നായിരുന്നു ബിജെപി എംപിയായ ഹേമമാലിനിയുടെ മറുപടി.

അതേസമയം ലോക്‌സഭാ രേഖകളിൽനിന്ന് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ചില വാക്കുകൾ നീക്കിയിരുന്നു. ഹത്യ, കൊലപാതകം, രാജ്യദ്രോഹി എന്നിങ്ങനെയുള്ള വാക്കുകളാണ് സഭാരേഖകളിൽനിന്ന് മാറ്റിയത്. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ തിരുത്തൽ വരുത്തിയതിനെതിരെ കോൺഗ്രസും പ്രതിഷേധത്തിലാണ്.

കേന്ദ്രത്തെ വിമർശിച്ചു കൊണ്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ 24 ഇടത്താണ് തിരുത്തൽ വരുത്തിയിരിക്കുന്നത്. ഇന്നലെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലുടനീളം ഭാരതമാതാവിനെ മണിപ്പൂരിൽ ബിജെപിക്കാർ കൊലചെയ്യുന്നു എന്നു പറഞ്ഞിരുന്നു. ഈ ഭാഗങ്ങളിൽ രാജ്യദ്രോഹി, പ്രധാനമന്ത്രി തുടങ്ങിയ പദങ്ങൾ രാഹുൽ ഗാന്ധി പലതവണ പറഞ്ഞിരുന്നു. ഇതിൽ പ്രധാനമന്ത്രിയെ സൂചിപ്പിക്കുന്ന സ്ഥലങ്ങളിലെല്ലാം തന്നെ തിരുത്തൽ വരുത്തിയതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.

എന്നാൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ബിജെപി നടുങ്ങി എന്നാണ് കോൺഗ്രസിന്റെ പ്രതികരണം. ഇതിനിടെ ഫ്‌ളയിങ് കിസ് വിവാദത്തിൽ രാഹുൽ ഗാന്ധിക്കെതിരെ 21 വനിതാ എംപിമാർ പരാതി നൽകി. മണപ്പുർ വിഷയവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയത്തിനു പ്രധാനമന്ത്രി ഇന്ന് വൈകിട്ട് നാലുമണിക്ക് സഭയിൽ മറുപടി നൽകും. ഓഫിസിൽ എത്തിയിരുന്നു എങ്കിലും രണ്ടു ദിവസം നടന്ന ചർച്ചകളിൽ ഒരിക്കൽ പോലും പ്രധാനമന്ത്രി സഭയിൽ ഹാജരായില്ല.