ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ആർജെഡിയേയും വിമർശിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തിൽ ഉൾപ്പെട്ടവരായതോടെയാണ് നിതീഷും ആർജെഡി പാർട്ടിക്കുമെതിരെ വിമർശനം ഉയരുന്നത്.

ലോക്സഭയിൽ നിലവിൽ ഒരു സീറ്റ് പോലുമില്ലാത്ത പാർട്ടിക്കും അടിത്തറ നഷ്ടപ്പെട്ട നേതാവിനും എന്ത് ചെയ്യാനാകുമെന്നും പ്രശാന്ത് കിഷോർ ചോദിച്ചു. ' ബീഹാറിൽ നിന്ന് ഒരു എംപി പോലുമില്ലാത്ത പാർട്ടിയാണ് ആർജെഡി. അങ്ങനെയൊരു പാർട്ടിക്ക് രാജ്യം ആര് ഭരിക്കുമെന്ന് തീരുമാനിക്കാനുള്ള കഴിവുണ്ടോ? നിതീഷ് ജിക്ക് ആകെ 42 നിയമസഭാംഗങ്ങളുടെയും 16 എംപിമാരുടെയും പിന്തുണയുണ്ട്. അങ്ങനെ കുറഞ്ഞ രാഷ്ട്രീയബലമുള്ളയാൾക്ക് എങ്ങനെ ദേശീയതലത്തിലെ രാഷ്രീയത്തെ സ്വാധീനിക്കാനാകും?'' , എന്നും പ്രശാന്ത് കിഷോർ ചോദിച്ചു.

എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിതീഷ് കുമാറിന്റെ ജെഡിയുവിലെ മുൻ നേതാവ് കൂടിയായിരുന്നു പ്രശാന്ത് കിഷോർ. പിന്നീട് ബീഹാർ മുഖ്യമന്ത്രിയുടെ വിമർശകനായി ഇദ്ദേഹം മാറി. ' നിതീഷ് കുമാറിന്റെ സ്ഥിതി പരിതാപകരമാണ്. സ്വന്തം സംസ്ഥാനത്തിനുള്ളിൽ അദ്ദേഹത്തിന്റെ സ്വാധീനം നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷ ബ്ലോക്കിലെ ക്രമം നോക്കിയാൽ കോൺഗ്രസ് ആണ് മുൻനിരയിലുള്ളത്.

തൊട്ടുപിന്നാലെ തൃണമൂലും ഡിഎംകെയുമുണ്ട്. പൂർണ അധികാരത്തോടെ സംസ്ഥാനം ഭരിക്കുന്ന, ഇരുപതും ഇരുപത്തിയഞ്ചുമൊക്കെ എംപിമാരുള്ള പാർട്ടികളാണിത്. നിതീഷ് ജിക്ക് ഒന്നുമില്ല. അദ്ദേഹത്തിന് പാർട്ടിക്ക് ഒരു പ്രതിഛായയും ഇല്ല. ബീഹാറിലെ മാധ്യമങ്ങൾ മാത്രമാണ് നിതീഷ് കുമാറിനെ വാഴ്‌ത്തിപ്പാടുന്നത്. മറ്റ് സംസ്ഥാനങ്ങളിലൊന്നും അദ്ദേഹത്തിന്റെ പേര് പോലും പറയുന്നില്ല,'' എന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

ബീഹാർ ഭരിക്കുന്ന മഹാഗത്ബന്ധൻ സഖ്യം ആ സംസ്ഥാനത്തിൽ മാത്രം ഒതുങ്ങുന്നതാണ്. ദേശീയ രാഷ്ട്രീയത്തിൽ അതിന് പ്രസക്തിയില്ലെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു. പ്രതിപക്ഷ സഖ്യമായ ഐഎൻഡിഐഎയിൽ ഉൾപ്പെട്ട പാർട്ടികളാണ് ആർജെഡിയും ജെഡിയുവും. നിലവിൽ രണ്ട് സമ്മേളനങ്ങളാണ് പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വത്തിൽ നടന്നത്. ആദ്യത്തെ സമ്മേളനം പാട്നയിൽ വച്ചായിരുന്നു. ജൂൺ 23ന് നടന്ന ഈ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് നിതീഷ് കുമാറായിരുന്നു.

ജൂലെ 17, 18 തീയതികളിലായിരുന്നു രണ്ടാമത്തെ സമ്മേളനം നടന്നത്. ബംഗളൂരുവിൽ വച്ചായിരുന്നു ഈ സമ്മേളനം. മൂന്നാമത്തെ സമ്മേളനം ഇന്ന് മുതിൽ മുംബൈയിൽ നടക്കാനിരിക്കയാണ്. മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ മഹാവികാസ് അഘാഡി സഖ്യമായിരിക്കും സമ്മേളനം സംഘടിപ്പിക്കുക.