പറ്റ്‌ന: ഈ അടുത്താണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവർത്തകർ വലിയ ആവേശത്തിലാണ്. 'ജൻ സൂരജ്' എന്ന പുതിയ പാർട്ടിയാണ് ബിഹാറിലെ ഉപതെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പുതുതായി പ്രവേശിക്കുന്നത്. അതിനുശേഷം നിരവധി തുറന്നുപറച്ചിലുകളും ആരോപണങ്ങളും നടത്തി രാഷ്ട്രീയ രംഗത്ത അദ്ദേഹം സജീവമാവുകയാണ്.

ഇപ്പോഴിതാ, പ്രശാന്ത് കിഷോറിന്റെ ഒരു പ്രസംഗം ആണ് രാഷ്ട്രീയ രംഗത്ത് ശ്രദ്ധ നേടിയിരിക്കുന്നത്. അദ്ദേഹം ഒരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിൽ ഈടാക്കിയ ഫീസിനെക്കുറിച്ചാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

നൂറ് കോടിയിലധികം രൂപയാണ് തന്റെ സേവനത്തിനായി ഈടാക്കിയത് എന്നാണ് പ്രശാന്ത് കിഷോര്‍ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലുള്ള പത്ത് സർക്കാരുകൾ തന്റെ തന്ത്രങ്ങൾ അനുസരിച്ചാണ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകൾ, 'വിവിധ സംസ്ഥാനങ്ങളിലെ പത്ത് സർക്കാരുകൾ പ്രവർത്തിക്കുന്നത് എന്റെ തന്ത്രങ്ങൾ അനുസരിച്ചാണ്. പ്രചാരണത്തിനാവശ്യമായ പണം എന്റെ കൈയിൽ ഇല്ല എന്നാണോ നിങ്ങൾ കരുതുന്നത്. ഞാൻ അത്രയ്ക്കും ദുർബ്ബലനാണെന്നാണോ നിങ്ങൾ കരുതുന്നത്. എന്റെ ഫീസിനെക്കുറിച്ച് ബിഹാറിൽ ആർക്കും അറിയില്ല. ഒരു തിരഞ്ഞെടുപ്പിൽ ഞാൻ ആർക്കെങ്കിലും ഉപദേശം നൽകുകയാണെങ്കിൽ ഫീസായി ഈടാക്കുന്നത് നൂറുകോടി രൂപയോ അതിൽ കൂടുതലോ ആണ്. അത്തരത്തിലുള്ള പണം ഉപയോഗിച്ച് അടുത്ത രണ്ട് വർഷത്തേക്ക് പ്രചാരണത്തിനാവശ്യമായ ഫണ്ട് നൽകാൻ തനിക്ക് സാധിക്കും' എന്നും പ്രശാന്ത് കിഷോർ വെളിപ്പെടുത്തി.

അതേസമയം, ബിഹാറിലെ ഉപതിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിയും മത്സരത്തിനായി ഇറങ്ങുന്നുണ്ട്. ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലാണ് ജൻ സുരാജ് മത്സരിക്കുക. ബെലഗഞ്ചിൽ മുഹമ്മദ് അംജദ്, ഇമാംഗഞ്ചിൽ ജിതേന്ദ്ര പാസ്വാൻ, രാംഗഢിൽ സുഷിൽ കുമാർ സിങ് കുഷ്വാഹ, തരാരിയിൽ നിന്ന് കിരൺ എന്നിവരാണ് ജൻ സുരാജ് സ്ഥാനാർഥികൾ. പാർട്ടി അംഗങ്ങളും പ്രവർത്തകരും ഒന്നടങ്കം ആവേശത്തിലാണ്.