- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിമാചലിൽ താമര വാടിയത് പ്രിയങ്കയുടെ പ്രചരണ കരുത്തിൽ; കർണ്ണാകയിലെ പിരവാർ മോഹങ്ങളെ തളർത്താൻ 'സ്ത്രീ ശാക്തീകരണ മന്ത്രവുമായി' ഗാന്ധി കുടുംബത്തിലെ വനിതാ കരുത്ത്; വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ നൽകുമെന്ന പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത് ദക്ഷിണേന്ത്യയിലെ ബിജെപി മോഹങ്ങൾ തകർക്കൽ; ജനപ്രിയ താരമാകാൻ പ്രിയങ്ക എത്തുമ്പോൾ
ബെംഗളൂരു: ഹിമാചൽ തന്ത്രം കർണ്ണാടകയിലും പയറ്റാൻ കോൺഗ്രസ്. രാഹുൽ ഗാന്ധിക്ക് അപ്പുറം പ്രിയങ്കാ ഗാന്ധിയും പ്രചരണത്തിലെ ശ്രദ്ധാ കേന്ദ്രം. ഈ തന്ത്രം ഹിമാചലിൽ ഭരണം നൽകിയ സാഹചര്യത്തിലാണ് ഇത്. കർണ്ണാടകയിൽ കോൺഗ്രസിന് ജയം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ഈ രീതി പരീക്ഷിക്കുന്നത്. പ്രിയങ്കയ്ക്ക് ജനങ്ങളിലേക്ക് കൂടുതൽ അടുക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ദക്ഷിണേന്ത്യയിൽ ബിജെപിയുടെ സാന്നിധ്യം അവസാനിപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യം.
അധികാരത്തിലെത്തിയാൽ കർണാടകയിലെ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ വീതം നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപനവും പ്രിയങ്കയുടെ തന്ത്രമാണ്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്ത ചടങ്ങിലായിരുന്നു കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രഖ്യാപനം. 'ഗൃഹലക്ഷ്മി യോജന' പദ്ധതിയുടെ കീഴിൽ 24,000 രൂപ പ്രതിവർഷം വീട്ടമ്മമാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുമെന്നും അറിയിച്ചു. കോൺഗ്രസ് സംഘടിപ്പിച്ച 'നാ നായഗി' എന്ന വനിതാ കൺവൻഷനിലാണ് പദ്ധതിയുടെ പ്രഖ്യാപനം. വനിതാ വോട്ടർമാരെ കോൺഗ്രസുമായി അടുപ്പിക്കുകയാണ് ലക്ഷ്യം.
ഹിമാചലിലും ഞാൻ നിങ്ങളിൽ ഒരാളാണെന്ന പ്രചരണം പ്രിയങ്ക നടത്തിയിരുന്നു. ഹിമാചലിൽ തനിക്ക് വീടുണ്ടെന്ന വാദമാണ് പ്രിയങ്ക ചർച്ചയാക്കിയത്. അത് ഫലം കാണുകയും ചെയ്തു. സമാന രീതിയിൽ കർണ്ണാടകയിലും പ്രിയങ്ക നിറയും. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ മാസംതോറും ഒരോ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം. സ്ത്രീശാക്തീകരണമാണ് 'ഗൃഹലക്ഷ്മി യോജന' പദ്ധതിയുടെ ലക്ഷ്യമെന്ന് കോൺഗ്രസ് അറിയിച്ചു.
സംസ്ഥാനത്തെ ഓരോ സ്ത്രീയേയും ശാക്തീകരിക്കുക വഴി അവരെ സ്വന്തം കാലിൽ നിർത്തുകയാണ് ലക്ഷ്യമിടുന്നതെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു. ഒന്നര കോടി സ്ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്നും കോൺഗ്രസ് അറിയിച്ചു. സ്ത്രീകൾക്കായി പ്രത്യേക പ്രകടന പത്രിക തയാറാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സ്ത്രീകളെ കൂടെ കൂട്ടാൻ അഴിമതിയും പ്രിയങ്ക പ്രചരണ വിഷയമാകും. ഇനിയുള്ള ദിവസങ്ങളിൽ കർണ്ണാടകയിലാകും പ്രിയങ്ക കൂടുതൽ സമയവും പ്രവർത്തിക്കുക.
ബിജെപിക്കെതിരെ ആഞ്ഞടിച്ച പ്രിയങ്ക അഴിമതിയിൽ മുങ്ങിയ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ആരോപിച്ചു. കർണാടകയിലെ അവസ്ഥ തീർത്തും ലജ്ജാകരമാണ്. നിങ്ങളുടെ മന്ത്രിമാർ തൊഴിൽ നൽകുന്നതിന് 40 ശതമാനം കമ്മിഷൻ ഈടാക്കുന്നുണ്ട്. പൊതുജനത്തിന്റെ ഒന്നരലക്ഷം കോടി രൂപയാണ് അഴിമതിയിലൂടെ നഷ്ടപ്പെട്ടത്. 8,000കോടി രൂപയ്ക്ക് ബെംഗളൂരുവിൽ ഒരു വികസനപ്രവർത്തനം നടത്തിയാൽ അതിൽ 3,200 കോടി രൂപ മന്ത്രിമാരുടെ കമ്മിഷനായിരിക്കുമെന്നും പ്രിയങ്ക ആരോപിച്ചു.
അഴിമതിയിലൂടെ അല്ലാതെ കർണാടകയിൽ ഒന്നും നടക്കുന്നില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. കുഴൽകിണർ കുഴിക്കുന്നതിന്, ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിന്, ജോലി ട്രാൻസ്ഫറിന് അങ്ങനെ സർക്കാരുമായി ബന്ധപ്പെട്ട് എല്ലാത്തിനും കൈക്കൂലി നൽകേണ്ട അവസ്ഥയാണ് സംസ്ഥാനത്തെന്നും പ്രിയങ്ക പറഞ്ഞു. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ പലയിടങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമം വർധിച്ചു വരികയാണെന്നും അതിനെതിരെ സർക്കാർ എന്താണ് ചെയ്തതെന്നും പ്രിയങ്ക ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ